നഗര-ഗ്രാമപ്രദേശങ്ങളിലെ ജൂനിയർ അഭിഭാഷകർക്ക് യഥാക്രമം 20,000, 15,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ് നൽകാനുള്ള ശുപാർശ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു. കരിയറിൻ്റെ തുടക്കത്തിൽ അഭിഭാഷകർ നേരിടുന്ന വരുമാന വെല്ലുവിളികൾ പരിഗണിച്ചാണ് ഈ നിർദ്ദേശം
ദില്ലി: നഗരപ്രദേശങ്ങളിലെ ജൂനിയർ അഭിഭാഷകർക്ക് കുറഞ്ഞത് 20,000 രൂപയും ഗ്രാമപ്രദേശങ്ങളിൽ പ്രതിമാസം 15,000 രൂപയും സ്റ്റൈപ്പൻഡ് നൽകുന്നതിനുള്ള ശുപാർശ കേന്ദ്ര നിയമ-നീതിന്യായ സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ സാമ്പത്തിക സഹായ നടപടികൾ ആരംഭിച്ചതായി കേന്ദ്രമന്ത്രി ലോക്‌സഭയിൽ വിശദീകരിച്ചു.
സംസ്ഥാന സർക്കാർ പദ്ധതികൾ, സംസ്ഥാന ബാർ കൗൺസിലുകളുടെ ക്ഷേമ പരിപാടികൾ, ബാർ അസോസിയേഷനുകളുടെ സഹായ പദ്ധതികൾ വഴിയാണ് സ്റ്റൈപ്പൻ്റ് നൽകുന്നത്. ജൂനിയർ അഭിഭാഷകരിൽ വലിയൊരു വിഭാഗം കരിയറിൻ്റെ തുടക്കത്തിൽ വരുമാന വെല്ലുവിളി നേരിടുന്നുണ്ടെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ പറയുന്നു. "അഭിഭാഷകർ, സീനിയർ അഭിഭാഷകർ, നിയമ സ്ഥാപനങ്ങളെയും സഹായിക്കുന്ന ജൂനിയർ അഭിഭാഷകർക്കുള്ള മിനിമം സ്റ്റൈപ്പൻഡ് എന്ന വിഷയത്തിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നേരത്തെ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം നഗരപ്രദേശങ്ങളിലെ ജൂനിയർ അഭിഭാഷകർക്ക് കുറഞ്ഞത് പ്രതിമാസം 20,000 രൂപയും ഗ്രാമപ്രദേശങ്ങളിലെ ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസം 15,000 രൂപയും പ്രതിമാസ സ്റ്റൈപ്പൻഡ് ശുപാർശ ചെയ്തിട്ടുണ്ട്.


