ഗര്‍ഭനിരോധന ഉറകൾക്ക് 20-30 ശതമാനം വരെ വില വർധനയുണ്ടാകുമെന്ന് ലോകത്തെ ഏറ്റവും വലിയ ഗര്‍ഭനിരോധന ഉറ നിര്‍മ്മാതാക്കളായ കാരക്‌സ്. യുഎസ്-ഇറാന്‍ സംഘര്‍ഷം മൂലമുള്ള ഹോര്‍മുസ് പ്രതിസന്ധി, അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, ഗതാഗത തടസ്സം എന്നിവയാണ് പ്രധാന കാരണങ്ങള്‍. ഈ പ്രതിസന്ധി ഇന്ത്യയിലെ മരുന്ന് വിലയെയും ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുരക്ഷിത ലൈംഗികതയ്ക്കും കുടുംബാസൂത്രണത്തിനുമുള്ള ചെലവേറുമെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ആഗോള വിപണിയില്‍ ഗര്‍ഭനിരോധന ഉറ വിലയില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്ന് ലോകത്തെ ഏറ്റവും വലിയ നിര്‍മ്മാതാക്കളായ മലേഷ്യന്‍ കമ്പനി കാരക്‌സ് അറിയിച്ചു. യുഎസും ഇറാനും തമ്മിലുള്ള യുദ്ധവും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വില കൂടാനുള്ള കാരണങ്ങള്‍
ആഗോളതലത്തില്‍ പ്രതിവര്‍ഷം 500 കോടിയിലധികം ഗര്‍ഭനിരോധന ഉറകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് കാരക്‌സ്. ഡ്യൂറെക്‌സ്, ട്രോജന്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് പുറമെ ഐക്യരാഷ്ട്രസഭയുടെയും മറ്റും ആരോഗ്യ പദ്ധതികളിലേക്കും ഇവര്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യം കമ്പനിയെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്.
അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം: കോണ്ടം നിര്‍മ്മാണത്തിന് ആവശ്യമായ സിന്തറ്റിക് റബ്ബര്‍, നൈട്രൈല്‍ തുടങ്ങിയവയുടെ വില ഗണ്യമായി വര്‍ധിച്ചു.
പാക്കേജിംഗ് ചെലവ്: പാക്കിംഗിന് ഉപയോഗിക്കുന്ന അലുമിനിയം ഫോയില്‍, സിലിക്കണ്‍ ഓയില്‍ എന്നിവയുടെ വിലയും കുതിച്ചുയരുകയാണ്.
കപ്പല്‍ ഗതാഗതത്തിലെ തടസം: യുദ്ധം കാരണം കപ്പല്‍ ഗതാഗതം മന്ദഗതിയിലായി. സാധാരണ ഒരു മാസത്തിനുള്ളില്‍ എത്തേണ്ട ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ വിപണിയിലെത്താന്‍ രണ്ടു മാസത്തോളം എടുക്കുന്നു. ഇത് വിതരണ ശൃംഖലയെ താളം തെറ്റിച്ചു.
ഡിമാന്‍ഡ് കൂടുതല്‍, വിതരണം കുറവ്
വില കൂടുന്നുണ്ടെങ്കിലും ലോകമെമ്പാടും ഗര്‍ഭനിരോധന ഉറകള്‍ക്കുള്ള ആവശ്യം 30 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യത്തിന് സ്റ്റോക്ക് വിപണിയില്‍ എത്തുന്നില്ല. അമേരിക്കന്‍ സഹായ പദ്ധതികളില്‍ ഉണ്ടായ കുറവും കപ്പലുകള്‍ വൈകുന്നതും വികസ്വര രാജ്യങ്ങളില്‍ ഗര്‍ഭനിരോധന ഉറകള്‍ക്കുള്ള ക്ഷാമത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. നിലവില്‍ അടുത്ത കുറച്ചു മാസത്തേക്കുള്ള സ്റ്റോക്ക് തങ്ങളുടെ പക്കലുണ്ടെന്നും ഉല്‍പ്പാദനം കൂട്ടാന്‍ ശ്രമിക്കുകയാണെന്നും കമ്പനി അറിയിച്ചു. എങ്കിലും പ്രതിസന്ധി തുടര്‍ന്നാല്‍ ഇനിയും വില വര്‍ധിക്കാനാണ് സാധ്യത.
മരുന്നുവിലയെയും ബാധിക്കും
ഹോര്‍മുസ് പ്രതിസന്ധി കോണ്ടം വിലയെ മാത്രമല്ല, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഔഷധ മേഖലയെയും കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. മരുന്ന് നിര്‍മ്മാണത്തിന് ആവശ്യമായ പെട്രോകെമിക്കല്‍ ലായനികളുടെ വിലയില്‍ 30-40 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ഇത് വിപണിയില്‍ മരുന്നുകള്‍ക്ക് 10 മുതല്‍ 20 ശതമാനം വരെ വില വര്‍ധിക്കാന്‍ കാരണമായേക്കാം. പാവപ്പെട്ടവര്‍ക്ക് ആശ്രയമായ ജനറിക് മരുന്നുകളുടെ ലഭ്യതയെയും ഇത് ബാധിച്ചേക്കും.


