പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധനയ്ക്ക് ഉണ്ടാകേണ്ട പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസം​ഗമാണ് നടന്നതെന്ന് കോൺ​ഗ്രസ് പറഞ്ഞു. കോൺ​ഗ്രസിനെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞതെല്ലാം കളവാണെന്നും ജയറാം രമേശ് വിമർശിച്ചു.

ദില്ലി: രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള മോദിയുടെ പ്രസം​ഗത്തെ വിമർശിച്ച് കോൺ​ഗ്രസ്. പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധനയ്ക്ക് ഉണ്ടാകേണ്ട പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസം​ഗമാണ് നടന്നതെന്ന് കോൺ​ഗ്രസ് പറഞ്ഞു. കോൺ​ഗ്രസിനെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞതെല്ലാം കളവാണെന്നും ജയറാം രമേശ് വിമർശിച്ചു. നിലവിലെ സംഖ്യയിൽ വനിതാ സംവരണം നടപ്പാക്കാൻ നാളെ ബില്ല് കൊണ്ടുവന്നാലും പിന്തുണയ്ക്കുമെന്ന് കോൺ​ഗ്രസ് വ്യക്തമാക്കി. ബം​​ഗാളിലെയും തമിഴ്നാട്ടിലെയും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രസ്താവനയാണ് മോദി ഇന്ന് നടത്തിയത്. വനിതാ സംവരണത്തിൽ പുതിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചെങ്കിലും, അതുണ്ടായില്ലെന്നും കോൺ​ഗ്രസ് പറയുന്നു.

വനിതാബില്ല് ഭേദ​ഗതി പരാജയപ്പെടുത്തിയതിലൂടെ രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച പ്രതിപക്ഷം തടഞ്ഞെന്നാണ് പ്രധാനമന്ത്രിയുടെ പ്രസം​ഗത്തിൻ്റെ ചുരുക്കം. സ്ത്രീകളോട് താൻ മാപ്പ് ചോദിക്കുന്നുവെന്നും ഈ ശ്രമം അവസാനിപ്പിക്കില്ലെന്നും രാജ്യത്തോടുള്ള അഭിസംബോധനയിൽ മോദി പറഞ്ഞു. ഇന്നലെ ലോക്സഭയിൽ വനിതാ ബില്ല് ഭേദ​ഗതി പാസാക്കാൻ നടത്തിയ നീക്കത്തിനേറ്റ തിരിച്ചടി മറികടക്കാനുള്ള ശ്രമമാണ് നരേന്ദ്രമോദി തുടങ്ങിയിരിക്കുന്നത്. പകുതി ജനസംഖ്യയുടെ അവകാശം ഉറപ്പാക്കാൻ സത്യസന്ധമായ നീക്കമാണ് നടത്തിയത്. കുടുംബ പാർട്ടികളുടെ നേതാക്കൾ അവരല്ലാതെ മറ്റ് സ്ത്രീകൾ ഉയർന്ന് വരുന്നത് തടയുകയാണ്. സ്വന്തം സംസ്ഥാനങ്ങളിലെ എംപിമാരുടെ എണ്ണം കൂട്ടാനുള്ള അവസരമാണ് ഡിഎംകെയും ടിഎംസിയും അടക്കമുള്ള പാർട്ടികൾ ഇല്ലാതാക്കിയത്. പരാജയം ആഘോഷിക്കുന്നവരെ സ്ത്രീകൾ നോക്കിവയ്ക്കും. ഇപ്പോൾ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഇതിനുള്ള ശ്രമം ഉപേക്ഷിക്കില്ലെന്നും മോദി പറഞ്ഞു.