ജനുവരി 15 ന് നടക്കുന്ന മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 528 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കും. ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിച്ചതോടെയാണ് സഖ്യമില്ലാതെ മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.

മുംബൈ: മഹാരാഷ്ട്രയിൽ ജനുവരി 15 ന് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 528 സീറ്റുകളിൽ മത്സരിക്കും. 1999 ന് ശേഷം ആദ്യമായാണ് കോൺ​ഗ്രസ് ഇത്രയും സീറ്റുകളിൽ മത്സരിക്കുന്നത്. മുംബൈ, താനെ, പൂനെ, ഛത്രപതി സംഭാജി നഗർ, പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗവും ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ഗ്രൂപ്പും ഉൾപ്പെടെയുള്ള പ്രധാന സഖ്യകക്ഷികളുമായുള്ള സഖ്യമോ ധാരണയോ ഇല്ലാതെയാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുക. ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഇക്കുറി ഒന്നിച്ചാണ് മത്സരിക്കുന്നത്. 

മുംബൈയിൽ കോൺഗ്രസ് 167 സീറ്റുകളിൽ മത്സരിക്കും. താനെയിൽ 101 സീറ്റുകളിലാണ് മത്സരിക്കുക. പൂനെയിലും ഛത്രപതി സംഭാജി നഗറിലും 100 സീറ്റുകളിൽ കോണ്‍ഗ്രസിന് സ്ഥാനാർത്ഥികളുണ്ട്. പിംപ്രി-ചിഞ്ച്‌വാഡിൽ കോൺഗ്രസ് 60 സ്ഥാനാർത്ഥികളെ നിർത്തി. ഇതിനുപുറമെ നാഗ്പൂർ, അകോള, അമരാവതി, ചന്ദ്രപൂർ എന്നിവിടങ്ങളിലും ലാത്തൂരിലെ 70 സീറ്റുകളിൽ 65 എണ്ണത്തിലും നന്ദേഡിലെ 81 സീറ്റുകളിൽ 60 എണ്ണത്തിലും കോൺ​ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. ബാക്കിയുള്ളവ പ്രകാശ് അംബേദ്കറുടെ വൻജിത് ബഹുജൻ അഗാഡിയുടേതായിരിക്കും.

ബാൽ താക്കറെയുമായുള്ള വഴക്കിനെത്തുടർന്ന് 20 വർഷം മുമ്പ് കുടുംബത്തിൽ നിന്ന് പുറത്തുപോയതാണ് രാജ് താക്കറെ. കഴിഞ്ഞയാഴ്ച മഹാരാഷ്ട്ര നവനിർമ്മാൺ സേനയെ ഉദ്ധവിന്‍റെ ശിവസേനക്കൊപ്പം കൈകോർക്കാൻ തീരുമാനിച്ചു. മറാത്തി ഭാഷാ തർക്കത്തിൽ ഉൾപ്പെടെ തീവ്ര നിലപാടെടുത്ത എംഎൻഎസുമായി കൈകോർക്കാൻ കോണ്‍ഗ്രസ് വിസമ്മതിച്ചു. രാജ് താക്കറെ "വെറുപ്പിന്റെ രാഷ്ട്രീയം" പ്രചരിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് നേരത്തെ വിമർശിച്ചിരുന്നു. താക്കറെ കുടുംബം ഒന്നായി നിൽക്കാൻ തീരുമാനിച്ചതോടെയാണ് കോൺ​ഗ്രസ് ഇടഞ്ഞത്. അതേസമയം ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തെ പരാജയപ്പെടുത്താൻ പൂർണ്ണമായും ഐക്യപ്പെട്ട പ്രതിപക്ഷത്തിന് മാത്രമേ കഴിയൂ എന്നും ഒന്നിച്ച് നിൽക്കണമെന്നും ശിവസേന ഉദ്ധവ് വിഭാ​ഗം കോൺ​ഗ്രസിനോട് അഭ്യർഥിച്ചു.