വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് ഒന്നിച്ച് നിന്ന് ഇതിഹാസം രചിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ ആഹ്വാനം ചെയ്തു. രാജ്യത്തെ പകുതിയോളം വരുന്ന സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള ഈ അവസരം കളയരുതെന്നും ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി
ദില്ലി: വനിത സംവരണ ബില്ലിൽ ലോക്സഭയിൽ ഉയർന്ന ചർച്ചകൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണ് ഇത്. ഈ അവസരം കളയരുതെന്നും പ്രധാനമന്ത്രി ലോക്സഭയിൽ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ രാഷ്ട്രീയവും ദിശയും ഇത് മാറ്റി മറിയ്ക്കും. വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യമാണ്. രാജ്യത്തിന്റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബിൽ പാസാക്കുന്നത്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ബില്ലിനെ പലരും എതിർക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ഈ ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വനിത ബില്ലിനെ എതിർത്തവരെ രാജ്യത്തെ സ്ത്രീകൾ മാപ്പു നൽകിയിട്ടില്ലെന്നും മോദി ചൂണ്ടിക്കാട്ടി. നമ്മൾ ഒരുമിച്ച് നിന്നാൽ അതിലൂടെ ഇതിഹാസം രചിക്കാമെന്നും എം പിമാരോട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് ഒരു പാർട്ടിയുടെ മാത്രം രാഷ്ട്രീയ ലാഭത്തിന് ഇടയാക്കില്ല. ജനാധിപത്യത്തിനും രാജ്യ പുരോഗതിക്കും ഇത് സഹായകരമാകും. പഞ്ചായത്തിൽ സംവരണം അനുവദിച്ചവർ തന്നെ ലോക്സഭയിൽ ഇത് അനുവദിക്കാത്തത് വിരോധാഭാസമാണ്. സ്വന്തം സ്ഥാനം പോകും എന്ന ഭയമാണ് ചിലരെ നയിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാനങ്ങളുടെ അനുപാതം ഇതേനിലയിൽ തുടരും
ഇന്ന് എതിർക്കുന്നവർ ദീർഘകാലം അതിന് വില നൽണ്ടി വരും. അതി പിന്നാക്ക വിഭാഗത്തിലുള്ള ഞാൻ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത് ഭരണഘടനയുടെ ശക്തി കൊണ്ടാണ്. അതുകൊണ്ട് വനിതകൾക്ക് സംവരണം ലഭിക്കാനായി എം പിമാരോട് അപേക്ഷിക്കാനാണ് വന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ ബില്ലിനെ രാഷ്ട്രീയ തുലാസ് കൊണ്ട് അളക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അംഗങ്ങളുടെ ഉദ്ദേശശുദ്ധി രാജ്യത്തെ സ്ത്രീകൾ നിരീക്ഷിക്കുന്നുണ്ട്. 2024 ൽ ഇത് നടപ്പാക്കാൻ സമയം ഉണ്ടായിരുന്നില്ല. 2029 ലെങ്കിലും വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. എല്ലാ മേഖലയിലുമുള്ള സ്ത്രീകളുടെ മികവിനെയും നമ്മൾ അംഗീകരിക്കണം. ഒരുമിച്ച് ഒറ്റക്കെട്ടായി സ്ത്രീകളെ ശാക്തീകരിക്കാൻ പ്രവർത്തിക്കണം. രാജ്യത്തെ ഒറ്റക്കെട്ടായി കാണുക എന്നത് നമ്മളുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി, എം പിമാരെ ഓർമ്മിപ്പിച്ചു. രാജ്യത്തെ വിഘടിത കാഴ്ചപ്പോടാടെ കാണുന്നവർ വനിതാ സംവരണ ബില്ലിൽ കള്ളപ്രചാരണം നടത്തുകയാണ്. ഈ തീരുമാനം ആർക്കും ദോഷം ഉണ്ടാക്കില്ല. ലോക്സഭയിൽ സംസ്ഥാനങ്ങളുടെ അനുപാതം ഇതേ രീതിയിൽ തുടരും എന്നും നരേന്ദ്ര മോദി ഉറപ്പുനൽകി.
