ആർഎസ്എസിൽ താഴേ തട്ടിൽ പ്രവർത്തിക്കുന്ന നേതാക്കളാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകുന്നതെന്ന് അഭിപ്രായപ്പെട്ടതാണ് വിവാദമായത്. അദ്വാനിയുടെ കാൽചുവട്ടിലിരിക്കുന്ന മോദിയുടെ ചിത്രം പങ്കുവച്ചായിരുന്നു കുറിപ്പ്

ദില്ലി: ആർ എസ് എസിനെ പുകഴ്ത്തി വിവാദത്തിലായി മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിംഗ്. ആർ എസ് എസിൽ താഴേ തട്ടിൽ പ്രവർത്തിക്കുന്ന നേതാക്കളാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകുന്നതെന്ന് ദ്വിഗ് വിജയ് സിംഗ് അഭിപ്രായപ്പെട്ടതാണ് വിവാദമായത്. അദ്വാനിയുടെ കാൽചുവട്ടിലിരിക്കുന്ന മോദിയുടെ ചിത്രം പങ്കുവച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചത്. ഇതാണ് ആർ എസ് എസിന്‍റെ സംഘടന ബലമെന്നും ദ്വിഗ് വിജയ് സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു. സമാന നിലപാട് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലും ദ്വിഗ് വിജയ് സിംഗ് ഉന്നയിച്ചിരുന്നു. കോൺഗ്രസിൽ അധികാര വികേന്ദ്രീകരണം നടക്കുന്നില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. താഴേ തട്ടിൽ പാർട്ടിക്ക് ചലനമില്ലെന്നും പി സി സി അധ്യക്ഷന്മാരുടെ നിയമനം മാത്രമാണ് കോൺഗ്രസിൽ നടക്കുന്നതെന്നും ദ്വിഗ് വിജയ് സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു.

ആ‌ർ എസ് എസ് വിരോധിയെന്ന് മറുപടി

വലിയ വിമർശനമാണ് കോൺഗ്രസിനുള്ളിൽ ദ്വിഗ് വിജയ് സിംഗിനെതിരെ ഉയർന്നത്. ആർ എസ് എസിനെ പുകഴ്ത്തിയെന്ന വിമർശനം സോഷ്യൽ മീഡിയയിലം കനത്തതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. താൻ എല്ലാക്കാലത്തും ആർ എസ് എസ് വിരോധിയെന്നാണ് ദ്വിഗ് വിജയ് സിംഗ് പ്രതികരിച്ചത്. ആർ എസ് എസിനെ പുകഴ്ത്തിയതല്ലെന്നും സംഘടനാപരമായി കോൺഗ്രസ് വളരേണ്ടതിന്‍റെ ആവശ്യകതയാണ് ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.