പുതുവർഷത്തലേന്നായ ഇന്ന് തൊഴിലാളികൾ വീണ്ടും പണിമുടക്കും. ആമസോൺ, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ തൊഴിൽ സാഹചര്യങ്ങളിൽ പ്രതിഷേധിച്ചു പണിമുടക്കിൽ പങ്കാളികളാകും.
ദില്ലി : ഗിഗ് വർക്കേഴ്സ് ഇന്ന് രാജ്യവ്യാപകമായി പണിമുടക്കുന്നു. സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ ആപ്പുകളിലെ ഓർഡറുകൾ എത്തിക്കുന്ന ഓൺലൈൻ ഡെലിവറി തൊഴിലാളികളോട് ഇന്ന് ലോഗ് ഔട്ട് ചെയ്ത് പണി മുടക്കിന്റെ ഭാഗമാകാൻ ഗിഗ് വർക്കേഴ്സ് യൂണിയൻ ആഹ്വാനം ചെയ്തു. ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകണമെന്നാണാവശ്യം. മിനിമം വേതനം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
ആമസോൺ, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ തൊഴിൽ സാഹചര്യങ്ങളിൽ പ്രതിഷേധിച്ചു പണിമുടക്കിൽ പങ്കാളികളാകും. ക്രിസ്മസ് ദിനത്തിൽ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് പുതുവർഷത്തലേന്നായ ഇന്ന് തൊഴിലാളികൾ വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ചത്. ആമസോൺ, ഫ്ലിപ്കാർട്ട്, സൊമാറ്റോ, സ്വിഗ്ഗി, സെപ്‌റ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും. തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്സ് യൂണിയൻ ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് അധിഷ്ഠിത ട്രാൻസ്‌പോർട്ട് വർക്കേഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
തൊഴിലാളികൾ നേരിടുന്ന കഠിനമായ തൊഴിൽ സാഹചര്യങ്ങൾക്കെതിരെയാണ് പ്രതിഷേധം. ജോലിഭാരം വർദ്ധിച്ചിട്ടും വേതനത്തിൽ വർദ്ധനവില്ലാത്ത സാഹചര്യമാണുള്ളത് . 10 മിനിറ്റ് ഡെലിവറി പോലുള്ള പ്ലാനുകൾ റോഡ് അപകടങ്ങൾക്ക് കാരണമാകുന്നു. മുന്നറിയിപ്പില്ലാതെ തൊഴിലാളികളുടെ ഐഡികൾ ബ്ലോക്ക് ചെയ്യുന്ന രീതി അവസാനിപ്പിക്കുക. ഇൻഷുറൻസ്, ആരോഗ്യ പരിരക്ഷ, മറ്റ് ക്ഷേമ ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കുക എന്നിവയാണ് ആവശ്യം.
ഓൺലൈൻ ഓർഡറുകൾ ഏറ്റവും കൂടുതൽ ലഭിക്കുന്ന ദിവസമായതിനാൽ പണിമുടക്ക് ഡെലിവറി സേവനങ്ങളെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. വൻനഗരങ്ങളിൽ ഉൾപ്പെടെ ഭക്ഷണ വിതരണവും ഇ-കൊമേഴ്‌സ് ഡെലിവറികളും തടസ്സപ്പെട്ടേക്കാം. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.


