ബിആർഎസിൽ നിന്ന് രാജിവെച്ച് ഏഴ് മാസത്തിന് ശേഷം കെ കവിത 'തെലങ്കാന രാഷ്ട്ര സേന' (ടിആർഎസ്) എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. തെലങ്കാനയുടെ വികസനമാണ് ലക്ഷ്യമെന്ന് പ്രഖ്യാപനം.

ഹൈദരാബാദ്: തെലങ്കാനയിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് മുൻ ബിഐർഎസ് നേതാവ് കെ കവിത. പുതിയ പാർട്ടി പ്രഖ്യാപിച്ചത് ബിആർഎസിൽ നിന്ന് രാജിവച്ച് ഏഴ് മാസത്തിനു ശേഷമാണ്. തെലങ്കാന രാഷ്ട്ര സേന (ടിആർഎസ്) എന്നാണ് പാർട്ടിയുടെ പേര്. മുനീറാബാദിലായിരുന്നു പ്രഖ്യാപനം. തെലങ്കാനയുടെ വികസനമാണ് ലക്ഷ്യമെന്ന് കവിത പറഞ്ഞു. ടിആർഎസ് 2029ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കവിത പറഞ്ഞു.

തെലങ്കാനയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച ബിആർഎസ് പാർട്ടി അവരുടെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചതായി കവിത വിമർശിച്ചു. ജനങ്ങളിൽ നിന്ന് പാർട്ടി അകന്നു. തെലങ്കാനയുടെ ഇനിയും പൂർത്തീകരിക്കപ്പെടാത്ത ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് ടിആർഎസിന്‍റെ ലക്ഷ്യമെന്നും കവിത വ്യക്തമാക്കി.

മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളാണ് കവിത. ബിആർഎസ് വർക്കിംഗ് പ്രസിഡന്റും സഹോദരനുമായ കെ ടി രാമ റാവുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഏഴ് മാസം മുമ്പ് കവിത ബിആർഎസ് വിട്ടത്. കെ സി ആറിന്റെ രാഷ്ട്രീയ പിൻഗാമിയായി കെ ടി ആർ ഉയർത്തിക്കാട്ടപ്പെടുന്നതിൽ കവിതയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. കുടുംബത്തിനകത്തെ ഈ അധികാര തർക്കമാണ് ഒടുവിൽ സ്വന്തം പാർട്ടി രൂപീകരിക്കുക എന്ന തീരുമാനത്തിലേക്ക് കവിതയെ എത്തിച്ചത്.

ഹൈദരാബാദിലെ വസതിയിൽ പൂജ നടത്തിയ ശേഷമാണ് കവിത പാർട്ടി പ്രഖ്യാപനം നടത്തിയത്. തുടർന്ന് ഗൺപാർക്കിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഹൈദരാബാദിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള മുനീരാബാദിലെ കൺവെൻഷൻ സെന്ററിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു. നാടൻ പാട്ടുകളുടെയും നൃത്തങ്ങളുടെയും അകമ്പടിയോടെ വലിയ ആഘോഷമായാണ് പാർട്ടി പ്രഖ്യാപന ചടങ്ങ് സംഘടിപ്പിച്ചത്. 2009-ലെ തെലങ്കാന പ്രക്ഷോഭത്തിൽ കവിത സജീവമായി പങ്കെടുത്ത ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. തെലങ്കാനയുടെ താത്പര്യങ്ങൾക്കൊപ്പം എന്നും താനുണ്ടാകുമെന്ന സന്ദേശം നൽകാനാണ് കവിത പാർട്ടി പ്രഖ്യാപന ചടങ്ങിൽ ശ്രമിച്ചത്. 

Scroll to load tweet…