കാന്തപുരം എപി അബൂബക്കർ മുസല്യാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ന്യൂനപക്ഷങ്ങൾ നേരിടുന്ന ആശങ്കകൾ,, വഖഫ് വിഷയങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആവശ്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് സ്ഥാപകനുമായ കാന്തപുരം എപി അബൂബക്കർ മുസല്യാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. വിവിധ സാമൂഹിക, വിദ്യാഭ്യാസ, വികസന വിഷയങ്ങൾക്കൊപ്പം രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന ആശങ്കകളും ചർച്ചയിൽ പ്രധാന വിഷയമായി. കൂടിക്കാഴ്ചയിൽ വിശുദ്ധ റമളാൻ സന്ദേശവും അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറിയതായി അദ്ദേഹം പ്രസ്താവയിൽ അറിയിച്ചു. 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ കാന്തപുരം നടത്തിയ കേരളയാത്രയ്ക്കിടെ വിവിധ ജനവിഭാഗങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതികൾ പുനഃസ്ഥാപിക്കണമെന്നും, വഖഫ് - എസ്ഐആർ വിഷയങ്ങളിലെ ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അലിഗഢ് മുസ്ലിം സർവകലാശാലയുടെ മലപ്പുറം സെന്റർ വികസനം, ഉത്തരേന്ത്യയിലെ ഇസ്ലാമിക് സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ, പുരാതന മസ്ജിദുകളുടെയും പൈതൃക സ്മാരകങ്ങളുടെയും സംരക്ഷണം എന്നിവ ചർച്ചയായി.

ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. ബറേലി സംഭവത്തിലടക്കം നിരപരാധികൾക്ക് നീതി ലഭ്യമാക്കണമെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങളുമായി കേന്ദ്രസർക്കാർ കൂടുതൽ അടുത്ത് ഇടപഴകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുമായുള്ള കാന്തപുരത്തിന്‍റെ കൂടിക്കാഴ്ചയിൽ പ്രതികരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി. ‘എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എല്ലാവരുടെയും വിശ്വാസം’ - എന്നാണ് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചത്.

മർകസിന് പ്രധാനമന്ത്രിയുടെ പ്രശംസ:

ജംഇയ്യത്തുൽ ഉലമയുടെയും മർകസിന്റെയും നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുന്ന ഇടപെടലുകളെ അദ്ദേഹം പ്രത്യേകം പരാമർശിച്ചവെന്നും കാന്തപുരം പ്രസ്താവയിൽ വയ്ക്തമാക്കി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ് വൈ എസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ എക്സ് പോസ്റ്റിൽ ഔദ്യോഗിക പ്രതികരണം അറിയിച്ചു. സാമൂഹിക ഐക്യം, സാഹോദര്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കാന്തപുരം അബൂബക്കർ മുസല്യാർ നൽകിവരുന്ന സേവനങ്ങൾ അതീവ ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മർകസിന്റെയും ജംഇയ്യത്തുൽ ഉലമയുടെയും നേതൃത്വത്തിൽ നടക്കുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.