ഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിക്കാത്ത പക്ഷം പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ബിജെപി കൗൺസിലർ രേണു ചൗധരി ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ
ദില്ലി: ഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിക്കണം, അല്ലെങ്കിൽ ഇവിടം വിടണം എന്ന് ആഫ്രിക്കൻ പൗരനെ ബിജെപി കൗൺസിലർ ഭീഷണിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ബിജെപി കൗൺസിലർ രേണു ചൗധരി ഒരു പാർക്കിൽ ആളുകളോട് സംസാരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇന്ത്യയിൽ ജീവിച്ചിട്ടും എന്തുകൊണ്ട് ഹിന്ദി പഠിക്കുന്നില്ലെന്നാണ് രേണു ചൗധരി ചോദിച്ചത്. പഠിച്ചില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിച്ചില്ലെങ്കിൽ പാർക്കിൽ പ്രവേശനമുണ്ടാകില്ലെന്നാണ് രേണു ചൗധരി ആഫ്രിക്കയിൽ നിന്നുള്ള പൌരനോട് പറഞ്ഞത്. ഫുട്ബോൾ പരിശീലകനാണ് അദ്ദേഹം. 15 വർഷമായി ഇന്ത്യയിൽ താമസിക്കുന്ന അദ്ദേഹം പ്രാദേശിക ഫുട്ബോൾ പരിശീലകനാണ്. ഇന്ത്യയിൽ നിന്ന് പണം സമ്പാദിക്കുന്നവർ ഹിന്ദി സംസാരിക്കാനും പഠിക്കണമെന്ന് ബിജെപി കൗൺസിലർ പറഞ്ഞു.
ഇതുകേട്ട് ചുറ്റും കൂടി നിന്നവർ ചിരിച്ചതോടെ രേണു ചൗധരി രോഷാകുലയായി- "ഇത് ചിരിക്കേണ്ട കാര്യമല്ല. ഞാൻ ഇത് ഗൗരവത്തോടെ എടുക്കുന്നു. എട്ട് മാസം മുമ്പ് ഞാൻ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയതാണ്. അന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടതിനാൽ ഞാൻ വെറുതെവിട്ടു. അവരുടെ മക്കളെ അദ്ദേഹം ഫുട്ബോൾ പരിശീലിപ്പിക്കുന്നുണ്ട്. നിങ്ങൾ ഈ രാജ്യത്ത് നിന്ന് പണം സമ്പാദിക്കുന്നുണ്ടെങ്കിൽ, ഈ രാജ്യത്തിന്റെ ഭാഷയും പഠിക്കണം"- അവർ പറഞ്ഞു.
വീഡിയോയ്ക്ക് വിമർശനം, പിന്നാലെ വിശദീകരണം
രേണു ചൗധരിയുടെ വീഡിയോ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമുണ്ടായതോടെ അവർ വിശദീകരണവുമായി രംഗത്തെത്തി. ആരെയും ഭീഷണിപ്പെടുത്തുക എന്നതായിരുന്നില്ല തന്റെ ഉദ്ദേശ്യമെന്ന് രേണു ചൗധരി പറഞ്ഞു പകരം ഫുട്ബോൾ കോച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുക എന്നതായിരുന്നു ലക്ഷ്യം. പാർക്കിൽ ജോലി ചെയ്യുന്ന ദില്ലി മുനിസിപ്പൽ കോർപ്പറേഷനിലെ മിക്ക ജീവനക്കാർക്കും കോച്ച് പറയുന്ന ഇംഗ്ലീഷ് മനസ്സിലാകുന്നില്ലെന്നും അവർ വിശദീകരിച്ചു. അദ്ദേഹത്തെ ഹിന്ദി പഠിപ്പിക്കാൻ താൻ സ്വന്തം ചെലവിൽ ഒരു അധ്യാപകനെ നിയോഗിക്കുമെന്നും അവർ പറഞ്ഞു. പട്പർഗഞ്ചലെ 197ആം വാർഡിലെ കൗൺസിലറാണ് രേണു ചൌധരി.
പാർക്കിലും പരിസരത്തും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ശല്യമുണ്ടെന്ന് പ്രദേശത്തെ താമസക്കാർ പരാതി ഉന്നയിച്ചതിനാലാണ് താൻ പാർക്ക് സന്ദർശിച്ചതെന്നും കൌണ്സിലർ പറഞ്ഞു. ആരെയും ഭീഷണിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. ആശയവിനിമയം എളുപ്പമാക്കാൻ ഹിന്ദി പഠിക്കാൻ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും കൗൺസിലർ ന്യായീകരിച്ചു.


