കേരളത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നിൽ ബിജെപി-സിപിഎം രഹസ്യ ധാരണയുണ്ടെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . പശ്ചിമ ബംഗാളിന്റെ പേര് 'ബംഗ്ല' എന്നാക്കാനുള്ള ശുപാർശ അംഗീകരിക്കാത്തതിൽ വിമർശനവും

കൊൽക്കത്ത: ഭരണഘടനയിൽ കേരളത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ബി ജെ പിയും സി പി എമ്മും തമ്മിലുള്ള രഹസ്യ ധാരണയുടെ ഫലമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ഈ തീരുമാനത്തോടെ ഇരുപാർട്ടികളും തമ്മിലുള്ള സഖ്യം കൂടുതൽ തെളിവുകളോടെ വ്യക്തമായെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കണമെന്ന സംസ്ഥാനത്തിന്റെ ദീർഘകാലമായുള്ള ശുപാർശ അംഗീകരിക്കാത്തത് കേന്ദ്രത്തിന്റെ ബംഗാൾ വിരുദ്ധ നയമാണ് വ്യക്തമാക്കുന്നതെന്നും, കേരളത്തിന് നൽകിയ പരിഗണന ബംഗാളിന് നൽകാത്തത് വിവേചനമാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവതീർത്ഥിൽ ചേർന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിന് അംഗീകാരം നൽകിയത്.

കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിന് അംഗീകാരം

കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിന് ഇന്നാണ് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ഭരണഘടനയിൽ കേരളയ്ക്ക് പകരം കേരളം എന്ന് നിർദ്ദേശിക്കുന്ന ബില്ലാണ് മന്ത്രിസഭ യോഗം അംഗീകരിച്ചത്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവതീർത്ഥിൽ ചേർന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. സേവതീർത്ഥിലെ ആദ്യ തീരുമാനം എന്ന പേരിലും ഇത് ചരിത്രത്തിൽ ഇടം പിടിക്കും. ഭരണഘടന ഭേദഗതി ബിൽ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിൽ അവതരിപ്പിക്കാനാണ് സാധ്യത. കേരള എന്ന് ഇംഗ്ലീഷിലും കേരൾ എന്ന് ഹിന്ദിയിലും ഉപയോഗിക്കുന്നത് ഒഴിവാക്കി സംസ്ഥാനത്തിന്‍റെ പേര് കേരളം എന്നാക്കണമെന്ന് നേരത്തെ നിയമസഭ ഒറ്റക്കെട്ടായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അഭ്യർത്ഥിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും അടുത്തിടെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. മുഴങ്ങട്ടെ കേരളം എന്ന പേരിൽ പേരുമാറ്റ ക്യാമ്പയിൻ ആദ്യം തുടങ്ങിയത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. പാർലമെൻറ് സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള മാറ്റി കേരളം എന്നാക്കുന്ന ബില്ലവതരിപ്പിക്കുമെന്നാണ് സൂചന. 2011 ൽ ഒറീസയുടെ പേര് മാറ്റി ഒഡീഷ എന്നാക്കിയിരുന്നു. സമാനമാകും കേരളത്തിന്‍റെ കാര്യത്തിലുള്ള പേര് മാറ്റവും. കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതോടെ ബില്ല് രാഷ്ട്രപതി കേരള നിയമസഭയ്ക്ക് അയക്കും. നിയമസഭയുടെ അഭിപ്രായം കിട്ടിയ ശേഷം പാർലമെന്‍റ് ബില്ല് പരിഗണനയ്ക്കെടുക്കും.

YouTube video player