തൃണമൂൽ കോൺഗ്രസിന് പിന്തുണ അറിയിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവർ ഇന്ന് ബംഗാളിലെത്തി.
കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയെ ചൊല്ലി വിവാദം. ഷായുടെ പ്രസ്താവനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു, കേന്ദ്ര ആഭ്യന്തര മന്ത്രിപദത്തിലിരിക്കെ അമിത് ഷായ്ക്ക് ഇത്തരം പ്രസ്താവനകൾ നടത്താനാകില്ലെന്നും മമത പറഞ്ഞു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും, കേന്ദ്രമന്ത്രി ജെ പി നദ്ദയും ഇന്ന് ബിജെപിക്കായി ബംഗാളിൽ പ്രചാരണത്തിനെത്തി. തൃണമൂൽ കോൺഗ്രസിന് പിന്തുണ അറിയിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവർ ഇന്ന് ബംഗാളിലെത്തി.
ഹൂഗ്ലിയിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്തതിന് അറസ്റ്റിലായവരിൽ ഒരാൾ അസം ബിജെപി ഉപാധ്യക്ഷനാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു, ദൃശ്യങ്ങളും പുറത്തുവിട്ടു. അഴിമതിയിൽ ബിജെപിയോടൊപ്പം തന്നെയാണ് തൃണമൂൽ കോൺഗ്രസെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കൊൽക്കത്തയിൽ റാലിയിൽ പറഞ്ഞു. രാഹുൽ ബംഗാളിൽ പ്രചാരണം നടത്തുന്നത് മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ മാത്രമാണെന്ന് ബിജെപി വിമർശിച്ചു. മറ്റന്നാളാണ് ബംഗാളിൽ രണ്ടാംഘട്ട പരസ്യ പ്രചാരണം അവസാനിക്കുന്നത്.
