ലയനത്തിന് ആരും തടസ്സം നിൽക്കുന്നു എന്ന് പറയുന്നില്ലെന്നും പല ഘടകങ്ങളും പരിഹരിക്കേണ്ടത് ഉണ്ടെന്നും അദ്ദേഹം വിശദമാക്കി.
ദില്ലി: കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനം നടക്കുമോ എന്ന് ചരിത്രം തീരുമാനിക്കുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനം പുനർ ഏകീകരണം എന്നിവ സിപിഐയുടെ സ്ഥിരമായ നിലപാടാണെന്നും ഡി രാജ പറഞ്ഞു. ലയനത്തിന് ആരും തടസ്സം നിൽക്കുന്നു എന്ന് പറയുന്നില്ലെന്നും പല ഘടകങ്ങളും പരിഹരിക്കേണ്ടത് ഉണ്ടെന്നും അദ്ദേഹം വിശദമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേ സമയം ഡി രാജ തുടരുന്നതിൽ എതിർപ്പ് പ്രകടമാക്കിയിരിക്കുകയാണ് കേരള ഘടകം. ഇളവ് നൽകുന്നതിനോട് വിയോജിപ്പില്ലെന്ന് പഞ്ചാബ്, യുപി ഘടകങ്ങൾ പ്രതികരിച്ചിട്ടുണ്ട്. വിഷയത്തിൽ അനൗപചാരിക ചർച്ചകൾ ഇന്ന് വൈകിട്ട് നടക്കും.
ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം
സിപിഐയുടെ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം. ചണ്ഡീഗഡിൽ രാവിലെ 11 മണിക്ക് റാലിയോടെ ആണ് പാർട്ടി കോൺഗ്രസിന് തുടക്കം ആവുന്നത്. റാലിക്ക് ശേഷം ഇന്ന് വൈകീട്ട് ദേശീയ എക്സിക്യൂട്ടിവ്, ദേശീയ കൗൺസിൽ യോഗങ്ങൾ ചേരും. നാളെ പ്രതിനിധി സമ്മേളനത്തിൻ്റെ ഉൽഘാടനത്തിൽ സിപിഎം ജന സെക്രട്ടറി എംഎ ബേബി അടക്കം വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പങ്കെടുക്കും. ജന സെക്രട്ടറി സ്ഥാനത്ത് ഡി രാജ തുടരുമോ എന്നതിൽ ഇന്നും നാളെയുമായി നേതാക്കൾക്ക് ഇടയിൽ ആശയവിനിമയം നടന്നേക്കും.


