കൂറുമാറ്റ അഭ്യൂഹങ്ങൾക്കിടെ പഞ്ചാബ് നിയമസഭയിൽ ഭഗവന്ത് മാൻ സർക്കാർ വിശ്വാസവോട്ട് നേടി ഭൂരിപക്ഷം തെളിയിച്ചു. ഈ രാഷ്ട്രീയ വിജയത്തിന് പിന്നാലെ, സംസ്ഥാനത്തെ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തിൽ 15 ശതമാനം വർദ്ധനവ് വരുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ചണ്ഡിഗഡ്: എംഎൽഎമാർ കൂറുമാറുന്നു എന്ന അഭ്യൂഹങ്ങൾക്കിടെ പഞ്ചാബ് നിയമസഭയിൽ വിശ്വാസവോട്ട് നേടി ഭഗവന്ത് മാൻ സർക്കാർ. 117 അംഗ നിയമസഭയിൽ ആം ആദ്മി പാർട്ടി തങ്ങളുടെ ഭൂരിപക്ഷം തെളിയിച്ചു. 94 എംഎൽഎമാരുടെ പിന്തുണയുള്ള എഎപിക്ക് സഭയിൽ വ്യക്തമായ ആധിപത്യമാണുള്ളത്. ഏപ്രിൽ 24-ന് രാഘവ് ചദ്ദ, ഹർഭജൻ സിംഗ് എന്നിവരടക്കമുള്ള ഏഴ് രാജ്യസഭാ അംഗങ്ങൾ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നതിനെത്തുടർന്ന് സർക്കാർ പ്രതിസന്ധിയിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് മുഖ്യമന്ത്രി ഭഗവന്ത് മാൻ വിശ്വാസവോട്ട് തേടിയത്.
പാർട്ടിക്കുള്ളിൽ വിള്ളലുണ്ടെന്ന വാർത്തകൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ഭരണകക്ഷിയിലെ 40-ഓളം എംഎൽഎമാർ പാർട്ടി വിടുമെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വോട്ടെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള നീക്കങ്ങൾ ഇതോടെ അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയിൽ നിലവിൽ കോൺഗ്രസിന് 16 അംഗങ്ങളും ശിരോമണി അകാലിദളിന് (എസ്എഡി) മൂന്ന് അംഗങ്ങളുമാണുള്ളത്. ബിജെപിക്ക് രണ്ട് എംഎൽഎമാരും ബിഎസ്പിക്ക് ഒന്നും ഒരു സ്വതന്ത്രനുമാണ് ഉള്ളത്.
രാഷ്ട്രീയ വിജയത്തിന് പിന്നാലെ സംസ്ഥാനത്തെ തൊഴിലാളികൾക്ക് വലിയൊരു സമ്മാനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മെയ് ദിനത്തോടനുബന്ധിച്ച് സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തിൽ 15 ശതമാനം വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2013ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് വേതന വർദ്ധനവ് നടപ്പിലാക്കുന്നത്. വിലക്കയറ്റത്തിന്‍റെ കാലത്ത് ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്ന് ഭഗവന്ത് മാൻ പറഞ്ഞു. തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.


