ബംഗ്ലാദേശിലെ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാനെ അഭിനന്ദിച്ച് നരേന്ദ്ര മോദി
ദില്ലി: ബംഗ്ലാദേശിലെ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാനെ അഭിനന്ദിച്ച് നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങൾക്ക് താരിഖ് റഹ്മാന്‍റെ നേതൃത്വത്തിലുള്ള വിശ്വാസത്തിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ജനാധിപത്യ, പുരോഗമന, എല്ലാവരെയും ഉൾക്കൊള്ളുന്ന ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ ഉണ്ടാകും, താരിഖ് റഹ്മാനുമായി സഹകരിച്ച് പോകുന്നത് ഉറ്റു നോക്കുന്നു എന്നും മോദി തന്‍റെ എക്സില്‍ കുറിച്ചു. ഷെയ്ഖ് ഹസീന പുറത്തായതിന് ശേഷം നടന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പാണ് ബംഗ്ലാദേശില്‍ നടന്നത്. 158 സീറ്റുകളിൽ വിജയിച്ചാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധികാരത്തിലേക്കെത്തുന്നത്.
ബംഗ്ലദേശിന്റെ മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മൂത്ത മകനാണ് താരിഖ് റഹ്മാന്‍. നാഷണലിസ്റ്റ് പാർട്ടിയുടെ സ്ഥാപകനും രാജ്യത്തിന്‍റെ പ്രസിഡന്‍റുമായ പിതാവ് സിയാവുർ റഹ്മാൻ 1981 ലാണ് സ്വന്തം സൈന്യത്തിന്‍റെ വെടിയേറ്റ് മരിച്ചത്. അന്ന് താരിഖ് റഹ്മാന് വെറും 16 വയസായിരുന്നു. സിയാവുർ റഹ്മാന്റെ മരണശേഷമാണ് ഭാര്യ ഖാലിദ സിയ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. അമ്മയ്ക്ക് ഒപ്പം എന്നും അധികാരത്തിന്‍റെ വഴികളിൽ കരുത്തനായി താരിഖ് റഹ്മാൻ ഉണ്ടായിരുന്നു. ഖാലിദ സിയ പ്രധാനമന്ത്രിയായ കാലത്ത് പാർട്ടിയിലെയും ഭരണത്തിലെയും ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി താരിഖ് റഹ്മാൻ.
ഷെയ്ഖ് ഹസീന അധികാരത്തിൽ വന്നതോടെ അഴിമതി കേസുകളിൽ താരിഖ് പ്രതിയായി. ചിലതിൽ ശിക്ഷിക്കപ്പെട്ടു. അങ്ങനെ മാതൃരാജ്യം വിട്ട് ഓടേണ്ടി വന്നു. 2008 മുതൽ ലണ്ടനിൽ ഇരുന്നാണ് പാർട്ടിയെ നയിച്ചത്. നീണ്ട 17 വർഷം പ്രവാസ ജീവിതം. 2024 ൽ ഷെയ്ഖ് ഹസീന അധികാരത്തിൽ നിന്ന് പുറത്തായി രാജ്യം വിട്ടോടിയതോടെയാണ് താരിഖ് റഹ്മാനെതിരെയുള്ള ക്രിമിനൽ കേസുകൾ റദ്ദാക്കപ്പെട്ടത്. അങ്ങനെ കഴിഞ്ഞ ഡിസംബറിൽ ബംഗ്ലാദേശിൽ മടങ്ങിയെത്തി. ഖാലിദ സിയയുടെ മരണത്തോടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ ചെയർമാനായി താരിഖ് ചുമതലയേറ്റു.



