ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്ന പാഠഭാഗം ഉൾപ്പെടുത്തിയ എൻസിആർടിഇ പുസ്തക വിവാദത്തിൽ സുപ്രീം കോടതി കടുത്ത നടപടി സ്വീകരിച്ചു. വിവാദ പാഠഭാഗം നിരോധിച്ച കോടതി, ഉത്തരവാദികളുടെ തലകൾ ഉരുളുമെന്ന് മുന്നറിയിപ്പ് നൽകി. 

ദില്ലി: പുസ്തക വിവാദത്തിൽ കടുത്ത നടപടിയുമായി സുപ്രീം കോടതി. ജുഡീഷ്യറിയുടെ അഴിമതി എന്ന പാഠഭാഗം നിരോധിച്ച കോടതി കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കടക്കം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ജുഡീഷ്യറിയെ അന്തസ് താഴ്ത്തിക്കെട്ടാൻ വലിയ ഗൂഢാലോചയുണ്ടെന്നും ഉത്തരവാദികളുടെ തലകൾ ഉരുളുമെന്നും മുന്നറിയിപ്പ് നൽകി. സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞു. സംഭവത്തിൽ നിരുപരാധികം മാപ്പ് പറയുന്നുവെന്ന് കേന്ദ്രം അറിയിച്ചു. ഗുരുതര ഗൂഢാലോചന നടന്നോ എന്ന് സംശയിക്കുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. വിവാദമായ പാഠ ഭാഗം തയാറാക്കിയ രണ്ട് പേരെ ഇനി ഒരു ഉത്തരവാദിത്വവും ഏൽപിക്കിലെന്നും കേന്ദ്രം വ്യക്തമാക്കി.

കണക്ക് കൂട്ടിയുള്ള നീക്കമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസുകൾ കെട്ടി കിടക്കുന്നതിനെ കുറിച്ച് പറയുന്നു. എന്നാൽ, എത്ര കേസുകൾ വേഗത്തിൽ തീർക്കുന്നു. അതൊന്നും പറയാതെയാണ് പാo ഭാഗം തയാറാക്കിയത്. ജൂഡീഷ്യറിക്ക് നേരെ വെടി ഉതിർക്കുകയും ജുഡീഷ്യറിയുടെ രക്തം ഒഴുക്കുകയുമാണ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഉത്തരവാദികളെ കണ്ടെത്തിയേ മതിയാകൂ എന്നും തലകൾ ഉരുണ്ടേ മതിയാകൂവെന്നും കോടതി പറഞ്ഞു. ജൂഡീഷ്യറി മൗലികാവകാശങ്ങളുടെ സംരക്ഷകരാണ്. അഴിമതി നടത്തിയ ഉന്നത ഉദ്യോഗസ്ഥർക്ക് എതിരെ കോടതി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പാഠഭാഗത്തിൻ്റെ കോപ്പി എല്ലാ രീതിയിൽ പ്രചരിക്കുന്ന നീക്കണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം, മാധ്യമങ്ങളാണ് പ്രശ്നം ഉണ്ടാക്കുന്നതാണ് എന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു.

പാഠപുസ്തകത്തിലെ ജുഡീഷ്യറിയെ സംബന്ധിച്ചുള്ള പാഠഭാഗം നിരോധിച്ച സുപ്രീംകോടതി, ഒരു രീതിയിലും ഈ ഭാ​ഗങ്ങൾ പ്രചരിപ്പിക്കാൻ പാടില്ലെന്നും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി എടുക്കുമെന്നും മുന്നറിയിപ്പ് നൽകി. പ്രിൻറ് കോപ്പികൾ പിടിച്ചെടുക്കാനും നിർദ്ദേശം നൽകി. വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും രം​ഗത്തെത്തി. നടപടി നിർഭാഗ്യകരമാണെന്നും ഇത്തരം കാര്യങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്നത് കൂടുതൽ ശക്തിയോടെ അത് തിരിച്ചു വരാൻ വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂഡീഷ്യറിയെ കുറിച്ചുള്ള പുസ്തക ഭാഗം പിൻവലിച്ചത് കേന്ദ്രം സുപ്രീംകോടതിയെ അറിയിക്കും. വിഷയത്തിൽ എൻസിഈആർടി ക്ഷാമപണം കോടതിയെ അറിയിക്കും. സ്വമേധയാ കോടതി എടുത്ത കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് നീക്കം.