ബിഹാറിൽ നിന്നും രാജ്യത്ത് നിന്നും ഓരോ അനധികൃത കുടിയേറ്റക്കാരെയും നീക്കുമെന്ന് ഷാ പ്രഖ്യാപിച്ചു. രാഹുൽ ​ഗാന്ധി നടത്തിയത് കുടിയേറ്റക്കാരെ രക്ഷിക്കാനുള്ള മാർച്ചാണെന്നും രാഹുലിന് അനധികൃത കുടിയേറ്റക്കാർ വോട്ട് ബാങ്കാണെന്നും ഷാ അഭിപ്രായപ്പെട്ടു

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം അവസാനിച്ചു. മറ്റന്നാൾ ബിഹാർ ജനത രണ്ടാം ഘട്ട വോട്ടെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ മുന്നണികൾ ആത്മവിശ്വാസത്തിലാണ് 160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്നാണ് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഹുൽ ​ഗാന്ധിക്കെതിരെയും അമിത് ഷാ വിമർശനം ഉന്നയിച്ചു. ബിഹാറിൽ നിന്നും രാജ്യത്ത് നിന്നും ഓരോ അനധികൃത കുടിയേറ്റക്കാരെയും നീക്കുമെന്ന് ഷാ പ്രഖ്യാപിച്ചു. രാഹുൽ ​ഗാന്ധി നടത്തിയത് കുടിയേറ്റക്കാരെ രക്ഷിക്കാനുള്ള മാർച്ചാണെന്നും രാഹുലിന് അനധികൃത കുടിയേറ്റക്കാർ വോട്ട് ബാങ്കാണെന്നും ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അമിത് ഷാ അഭിപ്രായപ്പെട്ടു. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. വോട്ടര്‍ പട്ടിക പരിഷ്കരണത്തിലൂടെ വോട്ട് കൊള്ള നിയമ വിധേയമാക്കിയെന്ന് പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിനവും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു. നിതീഷ് കുമാറുമായുള്ള സഹകരണം അടഞ്ഞ അധ്യായമായി കഴിഞ്ഞെന്ന് ലാലു പ്രസാദ് യാദവും പ്രതികരിച്ചു.

വിശദ വിവരങ്ങൾ

20 ജില്ലകളിലെ നൂറ്റി ഇരുപത്തി രണ്ട് മണ്ഡലങ്ങള്‍ മറ്റന്നാള്‍ പോളിംഗ് ബൂത്തിലെത്തും. ബംഗ്ലാദേശ്, നേപ്പാള്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളടക്കം രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള സീമാഞ്ചല്‍ മേഖലയും, എന്‍ ഡി എ കേന്ദ്രങ്ങളായ കിഴക്ക്, പടിഞ്ഞാറ് ചമ്പാരന്‍ പ്രദേശങ്ങളും ഈ ഘട്ടത്തിലാണ് പോളിംഗ് ബൂത്തിലെത്തുന്നത്. ഈ മേഖലകളിലുള്ള നാല്‍പതോളം സീറ്റുകളിലെ ഫലം അതുകൊണ്ട് തന്നെ ജയപരാജയത്തില്‍ നിര്‍ണ്ണായകമാകും. ആദ്യ ഘട്ടത്തിലേത് പോലെ ആവേശകരമായ പോളിംഗ് രണ്ടാം ഘട്ടത്തിലും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പ്രതീക്ഷിക്കുന്നു.

ആദ്യഘട്ടത്തില്‍ റെക്കോഡ് പോളിംഗ്

ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയ 64.66 ശതമാനം പോളിംഗ് 1951 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇക്കുറി 160 സീറ്റുകളിലധികം നേടി എന്‍ ഡി എ ഭരണം തുടരുമെന്ന ആത്മവിശ്വാസമാണ് റാലികളില്‍ അമിത് ഷാ പങ്ക് വച്ചത്. സീറ്റെണ്ണത്തില്‍ പ്രതീക്ഷയൊന്നും പുറത്തേക്ക് പറയാത്ത മഹാസഖ്യം അവസാന ദിനവും തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയമുനയില്‍ നിര്‍ത്തുകയാണ്. വോട്ട് കൊള്ള മറയ്ക്കാനാണ് ബിഹാറിലടക്കം കമ്മീഷന്‍ വോട്ടർ പട്ടിക പരിഷ്ക്കരണം കൊണ്ടു വന്നതെന്നും, നടപടിയിലൂടെ വോട്ട് കൊള്ള നിയമവിധേയമായിക്കഴിഞ്ഞെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

വഴിയരികിൽ വിവി പാറ്റ് സ്ലിപ്പ്

സമസ്തുപൂരില്‍ വഴിയരികില്‍ വിവി പാറ്റ് സ്ലിപ്പ് കണ്ടെത്തിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വിശദീകരണവും മഹാസഖ്യം തള്ളി. മോക്ക് പോളിംഗിനുപയോഗിച്ച സ്ലിപ്പുകളെന്നത് പച്ചക്കള്ളമാണെന്നും, ഉന്നത തല അന്വേഷണം വേണമെന്നും ആര്‍ ജെ ഡി ആവശ്യപ്പെട്ടു. പ്രചാരണത്തിന്‍റെ അവസാന ദിനം മധ്യപ്രദേശില്‍ ജംഗിള്‍ സഫാരിക്ക് പോയ രാഹുല്‍ ഗാന്ധിക്കെതിരെ ബി ജെ പി രൂക്ഷ പരിഹാസം ഉയര്‍ത്തി. തോല്‍വി മുന്നില്‍ കണ്ട് നേരത്തെ രാഹുല്‍ ഗാന്ധി സ്ഥലം വിട്ടെന്നും, രാഷ്ട്രീയം എന്തെന്ന് ഇനിയും രാഹുലിനറിയില്ലെന്നും ബി ജെ പി വിമര്‍ശിച്ചു. ഇതിനിടെ നിതീഷ് കുമാറുമായി ഭാവിയില്‍ ഒരു സഹകരണത്തിനുമില്ലെന്ന് ലാലു പ്രസാദ് യാദവ് വ്യക്തമാക്കി. എന്‍ ഡി എക്ക് ഭൂരിപക്ഷം കിട്ടുകയും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാതിരിക്കുകയും ചെയ്താല്‍ അദ്ദേഹം യു ടേണ്‍ അടിച്ചേക്കുമെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു ലാലു പ്രസാദ് യാദവ്.