20 വർഷത്തെ ഭരണത്തിന് ശേഷം നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ബിജെപി നേതാവായ സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. നിതീഷിന്റെ മകൻ മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നും ജെഡിയുവിൽ നിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നും സൂചനയുണ്ട്
പട്ന: ബിഹാറിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യമായി. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 20 കൊല്ലക്കാലം മുഖ്യമന്ത്രിയായി ബിഹാറിനെ സേവിക്കാനായതിൽ നന്ദി പറഞ്ഞുകൊണ്ടാണ് നിതീഷിന്‍റെ പടിയിറക്കം. ഇരുപത് കൊല്ലം ബീഹാറിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനായെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനായെന്നും നിതീഷ് കൂട്ടിച്ചേർത്തു. താൻ ബിഹാർ വിട്ടുപോകില്ലെന്നും എന്നും ബിഹാറിന്റെ മാർഗദർശിയായി തുടരുമെന്നും അദ്ദേഹം വിവരിച്ചു. പുതിയ സംസ്ഥാന സർക്കാരിന് തന്‍റെ സഹകരണവും മേൽനോട്ടവും ഉണ്ടാകും എന്നും നിതീഷ് വ്യക്തമാക്കി. ബീഹാറിനായി പ്രധാനമന്ത്രി ചെയ്യുന്ന കാര്യങ്ങൾക്ക് അദ്ദേഹത്തെ നന്ദി അറിയിക്കുന്നതായും രാജിവച്ചതിന് പിന്നാലെ നിതീഷ് പ്രതികരിച്ചു. അതേസമയം നീതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ കാബിനറ്റിന്റെ ഭാഗമായേക്കില്ലെന്നാണ് ജെ ഡി യുവിൽ നിന്ന് പുറത്തുവരുന്ന വാർത്ത.
സമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രി
നിതിഷിന്‍റെ പിൻഗാമിയായി ബി ജെ പി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. നാളെ സത്യപ്രതിഞ്ജ ചെയ്ത് അദ്ദേഹം അധികാരമേൽക്കുമെന്നും ബി ജെ പി അറിയിച്ചു. 57 വയസുകാരനായ സാമ്രാട്ട് ചൗധരി, രാകേഷ് കുമാർ എന്ന് വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ബി ജെ പിയുടെ സംസ്ഥാനത്തെ ശക്തമായ മുഖമായ ചൗധരി, താരാപൂരിൽ നിന്നുള്ള എം എൽ എയാണ്. ഒ ബി സി മുഖം എന്ന നിലയിൽ ബി ജെ പി വളർത്തിയെടുത്ത സമ്രാട്ട് ചൗധരി ബി ജെ പി സംസ്ഥാന അധ്യക്ഷനായടക്കം പ്രവർത്തിച്ചിട്ടുണ്ട്. സമതാ പാർട്ടി നേതാവ് ശകുനി ചൗധരിയുടെ മകനായ അദ്ദേഹം, 1990 ല്‍ ആർ ജെ ഡിയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. 1999 ആർ ജെ ഡി മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്നു. 2014 ൽ ആർ ജെ ഡിയിൽ നടന്ന പിളർപ്പിന് പിന്നിലെ സൂത്രധാരനായിരുന്നു. 2018 ആർ ജെ ഡി വിട്ട് ബി ജെ പിയിലെത്തി. 2021 മുതൽ നിതീഷ് കുമാർ മന്ത്രിസഭയിൽ അംഗമായിരുന്നു. ബീഹാർ ആഭ്യന്തരമന്ത്രിയായിരുന്ന സമ്രാട്ട് ചൗധരി, ഉപ മുഖ്യമന്ത്രി പദത്തിൽ നിന്നാണ് സംസ്ഥാനത്തെ നയിക്കാനെത്തുന്നത്. അതേസമയം നാളെ ബി ജെ പി മുഖ്യമന്ത്രിക്കൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാർ ജെ ഡി യുവിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. വിജേന്ദ്ര യാദവ്, വിജയ് ചൗധരി എന്നിവരാകും ഉപമുഖ്യമന്ത്രിമാരെന്നാണ് സൂചന.
