തമിഴ്നാട്ടിൽ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട കോൺഗ്രസിനെതിരെ ഡിഎംകെ രംഗത്ത്. കോൺഗ്രസ് ഇൻ-ചാർജ് ഗിരീഷ് ചോദാങ്കറിനെതിരെ ഡിഎംകെ നേതാവ് ആർ എസ് ഭാരതി രൂക്ഷവിമർശനം ഉന്നയിച്ചു.ചോദാങ്കർ ഗോവക്കാരനാണെന്നും തമിഴ്നാടിനെയോ തമിഴ് സംസ്കാരത്തെയോ അറിയില്ലെന്നുമാണ് വിമർശനം.

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ- കോൺഗ്രസ് തുറന്നപോര്. മന്ത്രിസ്ഥാനത്തിനായുള്ള അവകാശവാദത്തിലാണ് നേർക്കുനേർ പോര്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട എഐസിസി ഇൻ-ചാർജ് ഗിരീഷ് ചോദാങ്കറിനെതിരെ ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി രംഗത്തെത്തി. ചോദാങ്കർ ഗോവക്കാരനാണെന്നും തമിഴ്നാടിനെയോ തമിഴ് സംസ്കാരത്തെയോ അറിയില്ലെന്നുമാണ് വിമർശനം. ചോദാങ്കർ തമിഴ്നാട് കാണാൻ വന്നയാൾ മാത്രമാണെന്നും തമിഴ്നാടിന്റെ വാച്ച്മാൻ ആകേണ്ടെന്നും ആർ എസ് ഭാരതി പറഞ്ഞു.

ഡിഎംകെയ്ക്ക് ഒറ്റയ്ക്ക് 160 സീറ്റ് കിട്ടുമെന്ന ആത്മവിശ്വാസവും ആർ എസ് ഭാരതി പ്രകടിപ്പിച്ചു. ടിവികെ മുന്നേറ്റം അസാധ്യമാണെന്നും ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം തെറ്റുമെന്നും അദ്ദേഹം പറഞ്ഞു. വിജയ്‍യുടെ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷി ആകും എന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. പല തവണ ഏജൻസിയുടെ പ്രവചനം തെറ്റിയിട്ടുണ്ടെന്ന് ആർ എസ് ഭാരതി പറഞ്ഞു.

കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം വേണമെന്ന് ചോദാങ്കർ പരസ്യമായി ആവശ്യപ്പെട്ടതിൽ ഡിഎംകെയ്ക്ക് നേരത്തെ തന്നെ അതൃപ്തിയുണ്ട്. ചോദാങ്കറിനെ നിലയ്ക്കു നിർത്തണമെന്ന് കനിമൊഴി രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുന്നത് ശരിയല്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം ഡിഎംകെയ്ക്ക് ലഭിക്കില്ലെന്നാണ് മിക്ക എക്സിറ്റ് പോളുകളും പറയുന്നത്. ഇതോടെ ചോദാങ്കർ മന്ത്രിസ്ഥാന അവകാശവാദവുമായി വീണ്ടും രംഗത്തെത്തി. കോണ്‍ഗ്രസിന് മുന്നിൽ രണ്ടു വഴികളേയുള്ളൂ, ഒന്നുകിൽ മന്ത്രിസഭയിൽ സ്ഥാനം, അല്ലെങ്കിൽ പ്രതിപക്ഷത്ത് ഇരിക്കുക എന്നാണെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് പൊട്ടിത്തെറിച്ച് ആർ എസ് ഭാരതി രംഗത്തെത്തിയത്.

YouTube video player