രാജ്യസഭാ ഉപാധ്യക്ഷനായി ഹരിവൻഷ് നാരായൺ സിങിനെ വീണ്ടും നിയമിക്കാനുള്ള പ്രമേയം കേന്ദ്ര സർക്കാർ അവതരിപ്പിക്കും. പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ സാധ്യതയുള്ളതിനാൽ, ഇത് മൂന്നാം തവണയും ഈ സ്ഥാനത്തെത്തുന്ന ഹരിവൻഷിന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. ഇതിന് പുറമെ വിവിധ പാർലമെന്ററി കമ്മിറ്റി റിപ്പോർട്ടുകളും സഭയിൽ സമർപ്പിക്കും.

ദില്ലി: രാജ്യസഭാ ഉപാധ്യക്ഷനായി ഹരിവൻഷ് നാരായൺ സിങിനെ വീണ്ടും നിയമിക്കാനുള്ള പ്രമേയവുമായി കേന്ദ്ര സർക്കാർ. ഇന്ന് രാവിലെ ആരംഭിക്കുന്ന രാജ്യസഭാ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിക്കും. ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. പ്രതിപക്ഷം ഇതുവരെ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. രാജ്യസഭയുടെ ഉപാധ്യക്ഷനായ ഹരിവംശ് നാരായൺ സിംഗ് മൂന്നാം തവണയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻ്റെ കാലാവധി ഏപ്രിൽ 9-ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ രാഷ്ട്രപതി അദ്ദേഹത്തെ രാജ്യസഭാംഗമായി വീണ്ടും നാമനിർദേശം ചെയ്തിരുന്നു.

രാജ്യസഭാ ഉപാധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രി, ബിജെപി മുൻ ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയാണ് ആദ്യ പ്രമേയം അവതരിപ്പിക്കുന്നത്, ഇതിനെ എസ്. ഫാംഗ്നോൺ കൊന്യാക് പിന്തുണയ്ക്കും. കേന്ദ്രമന്ത്രി നിർമല സീതാരാമൻ, നിതിൻ നബിൻ, സഞ്ജയ് കുമാർ ഝാ, ജയന്ത് ചൗധരി എന്നിവരും ഹരിവംശിനെ ഡെപ്യൂട്ടി ചെയർമാനായി തിരഞ്ഞെടുക്കുന്നതിനായി വ്യത്യസ്ത പ്രമേയങ്ങൾ അവതരിപ്പിക്കും.

ഇതിന് പുറമെ ഇന്ന് കൽക്കരി, ഖനനം, സ്റ്റീൽ എന്നിവയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ഇരുപത്തിമൂന്നാമത് റിപ്പോർട്ട് സജ്ജാദ് അഹമ്മദ് കിച്ച്ലൂവും ദേവേന്ദ്ര പ്രതാപ് സിംഗും സഭയിൽ സമർപ്പിക്കും. ഖനന മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മിനറൽ എക്സ്പ്ലോറേഷൻ ആൻഡ് ഡെവലപ്മെന്റ് ട്രസ്റ്റിന്റെ (NMEDT) പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവലോകനമാണ് ഈ റിപ്പോർട്ടിൽ ഉൾപ്പെടുന്നത്. അശോകറാവു ശങ്കർറാവു ചവാനും ശക്തിസിൻഹ് ഗോഹിലും ചേർന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (PAC) മൂന്ന് റിപ്പോർട്ടുകൾ സമർപ്പിക്കും. സർക്കാർ അക്കൗണ്ടിന് പുറത്ത് ഫണ്ട് സൂക്ഷിക്കുന്നത് സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെടതാണ് ആദ്യത്തെ റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് - കുർള സ്റ്റേഷനുകൾക്കിടയിൽ 5, 6 പാതകളുടെ നിർമ്മാണം സംബന്ധിച്ച റിപ്പോർട്ടും പുതിയ സേവനങ്ങൾ നിർണ്ണയിക്കുന്നതിനുള്ള സാമ്പത്തിക പരിധി പരിഷ്കരിക്കുന്നത് സംബന്ധിച്ച കമ്മിറ്റിയുടെ മുൻ ശുപാർശകളിൽ സർക്കാർ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടും സഭയിൽ വെക്കും.