ലോകസഭയിൽ വനിതാ സംവരണ ബിൽ ചർച്ചയ്ക്കിടെ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി 'പതിനാറാം നമ്പർ' എന്ന ദുരൂഹ പ്രയോഗം നടത്തി. ഈ സംഖ്യ പ്രധാനമന്ത്രിയെ അലോസരപ്പെടുത്തുന്നുവെന്നും അതിന്റെ അർത്ഥം ഉടൻ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒബിസി സംവരണം ഇല്ലാത്ത ബില്ലിനെതിരെയും മണ്ഡല പുനർനിർണയത്തിനെതിരെയും രാഹുൽ രൂക്ഷ വിമർശനം ഉന്നയിച്ചു

ദില്ലി: ലോക്സഭയിൽ വനിതാ സംവരണബിൽ ചർച്ചയിലെ പ്രസംഗത്തിനിടെ 'പതിനാറാം നമ്പർ' പ്രയോഗവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. മണ്ഡല പുനർനിർണയം രാജ്യവിരുദ്ധമാണെന്നടക്കുമുള്ള രൂക്ഷ വിമർശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് രാഹുൽ 16 നമ്പർ പ്രയോഗം നടത്തിയത്. 'പതിനാറാം നമ്പർ' പ്രധാനമന്ത്രിയെ അലോസരപ്പെടുത്തുന്നു എന്നാണ് രാഹുൽ പറഞ്ഞത്. ഈ സംഖ്യ എന്തെന്ന് വൈകാതെ വ്യക്തമാകും എന്നും പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ലോക്സഭയിലെ പ്രസംഗം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ രാഹുലിന്‍റെ 'പതിനാറാം നമ്പർ' പ്രയോഗം എന്താണെന്നതിൽ ചർച്ച സജീവമായിട്ടുണ്ട്. നേരത്തെ കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത് വനിത സംവരണ ബിൽ അല്ലെന്നും സത്യത്തിനായി പൊരുതാൻ മടിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാഷ്ട്രീയ ലക്ഷ്യം നേടാൻ സർക്കാർ സ്ത്രീകളെ മറയാക്കുകയാണ്. ഒ ബി സി വിഭാഗത്തിന് അവകാശം നിഷേധിക്കുന്നത് സർക്കാരിന്‍റെ അജണ്ടയാണെന്നും ഭരണഘടനയ്ക്കു മേൽ മനുവാദം അടിച്ചേല്പിക്കാൻ ശ്രമം നടക്കുന്നുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ജാതി സെൻസസ് കണക്കുകൾ ലോക്സഭയിലും രാജ്യസഭയിലെയും പ്രാതിനിധ്യം തീരുമാനിക്കാൻ ഉപയോഗിക്കുമോ എന്നാണ് ചോദ്യം. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനാണ് നോക്കുന്നത്. ആസമിലും ജമ്മുകശ്മീരിലും ഇതിനാണ് ശ്രമിച്ചത്. ഇത് രാജ്യവിരുദ്ധ നീക്കമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

രാഹുലും ഭരണപക്ഷവും തമ്മിൽ പോര്

പ്രതിപക്ഷം ഒറ്റക്കെട്ടായി പിന്നാക്ക ദളിത് വിഭാഗങ്ങളുടെ അവകാശം കവരുന്നതിനെ തടയുമെന്ന് രാഹുൽ പ്രഖ്യാപിച്ചു. ജുഡീഷ്യറിയിലും സ്വകാര്യ മേഖലയിലും ഒ ബി സി വിഭാഗം എവിടെയാണുള്ളത്. ഒ ബി സി, ദളിത് വിഭാഗക്കാർക്ക് രാഷ്ട്രീയ അധികാരം ഇല്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. അതിനിടെ, 'മാജിക്കുകാരനും ബിസിനസുകാരനും' തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം എന്ന് രാഹുൽ പറഞ്ഞതോടെ 'മാജിക്കും ഭൂതവുമൊക്കെ' പ്രസംഗത്തിൽ നിന്ന് ഒഴിവാക്കാൻ സ്പീക്കർ ഉപദേശിക്കുകയായിരുന്നു. ഇരുട്ടിൽ മറഞ്ഞിരിക്കുന്ന ശക്തിക്ക് പ്രധാനമന്ത്രിയുടെ എല്ലാ രഹസ്യവും അറിയാം. ഈ രഹസ്യം ഈ 'ശക്തി' ഉപയോഗിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ഇതോടെ രാഹുലിനെതിരെ സ്പീക്കർ വിമർശനം ഉന്നയിച്ചു. പാർലമെൻറ് മര്യാദ പാലിക്കണം എന്ന് സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷവും ഭരണ പക്ഷവും ഏറ്റുമുട്ടി. സ്ത്രീകൾക്ക് വേണ്ടി നില്ക്കുന്നു എന്ന് വരുത്താൻ നരേന്ദ്ര മോദി ശ്രമിക്കുന്നു. എന്തിനു വേണ്ടി ഇതു ചെയ്യുന്നു എന്ന് നിങ്ങളുടെ ഊഹത്തിന് വിടുകയാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. രാഹുൽ പ്രധാനമന്ത്രിയെ അപമാനിക്കുന്നു എന്നാരോപിച്ച് ഭരണപക്ഷ അംഗങ്ങൾ ബഹളം വെച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും രംഗത്തെത്തി. എന്തുകൊണ്ട് കോൺഗ്രസ് 60 കൊല്ലത്തിൽ ഒ ബി സികൾക്ക് സംവരണം നൽകിയില്ലെന്ന് കിരൺ റിജിജു ചോദിച്ചു. ഒ ബി സി സംവരണത്തെ എന്തു കൊണ്ട് രാജീവ് ഗാന്ധി എതിർത്തെന്നും കിരൺ റിജിജു ചോദിച്ചു. പ്രധാനമന്ത്രിയെ അപമാനിക്കാനുള്ള നീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്നും രാഹുൽ ക്ഷമ ചോദിക്കണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയെ അപമാനിക്കുന്നത് രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അടുത്ത ഒരു മണിക്കൂറിൽ ഈ ബിൽ പരാജയപ്പെടുത്താൻ പോകുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ തിരിച്ചടി.