25 രൂപയുടെ ഒരു കാപ്പി കുടിച്ച് റിയൽ എസ്റ്റേറ്റ് കച്ചവടം, ഓഫീസ് വിശേഷങ്ങൾ, കല്യാണ ആലോചന, രാഷ്ട്രീയ ചർച്ചകൾ എന്നിങ്ങനെ മണിക്കൂറുകളോളം ഇരിപ്പുറപ്പിക്കുന്നവർ ഹോട്ടൽ ഉടമകൾക്ക് വലിയ തലവേദനയാവുന്നുവെന്ന് നിരീക്ഷണം

ബെംഗളൂരു: കഫേകളിലും ഹോട്ടലുകളിലും ഒരു ചായയോ കാപ്പിയോ വാങ്ങി മണിക്കൂറുകളോളം സംസാരിച്ചിരിക്കുന്ന ശീലമുണ്ടോ? എങ്കിൽ ആ ശീലം മാറ്റാൻ സമയമായി. കാരണം, അങ്ങനെയുള്ളവരിൽ നിന്ന് ഇനി പിഴ ഈടാക്കാനുള്ള നീക്കത്തിലാണ് ബെംഗളൂരുവിലെ ഹോട്ടൽ ഉടമകൾ. വെറും 25 രൂപയുടെ ഒരു കാപ്പി കുടിച്ച് റിയൽ എസ്റ്റേറ്റ് കച്ചവടം, ഓഫീസ് വിശേഷങ്ങൾ, കല്യാണ ആലോചന, രാഷ്ട്രീയ ചർച്ചകൾ എന്നിങ്ങനെ മണിക്കൂറുകളോളം ഇരിപ്പുറപ്പിക്കുന്നവർ ഹോട്ടൽ ഉടമകൾക്ക് വലിയ തലവേദനയാവുകയാണ്. ഇത്തരക്കാർ കാരണം മറ്റു കസ്റ്റമേഴ്സിന് ഇരിക്കാൻ സ്ഥലം കിട്ടുന്നില്ലെന്നും കച്ചവടം വലിയ രീതിയിൽ നഷ്ടത്തിലാവുന്നുവെന്നുമാണ് ഉടമകൾ പുതിയ നീക്കത്തിന് കാരണമായി പറയുന്നത്.

റിയൽ എസ്റ്റേറ്റ് കച്ചവടം മുതൽ കല്യാണ ആലോചന വരെ നടക്കുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടെന്ന് വാദം

ഈ സാഹചര്യത്തിലാണ് പാർക്കിംഗ് ചാർജ് പോലെ 'ടേബിൾ ചാർജ്' ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഹോട്ടൽ ഉടമകളുടെ സംഘടന ചിന്തിക്കുന്നത്. ഒരു നിശ്ചിത സമയം വരെ സൗജന്യമായി ഇരിക്കാം. അതിൽ കൂടുതൽ സമയം ഹോട്ടലിൽ ചെലവഴിച്ചാൽ പിഴയോ ടേബിൾ ചാർജോ നൽകേണ്ടി വരും.ബെംഗളൂരുവിലെ ഹോട്ടൽ ഉടമകളുടെ സംഘടനയുടെ പ്രസിഡൻ്റ് പി.സി. റാവു ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ചായ കുടിച്ച് മണിക്കൂറുകളോളം ആളുകൾ ഹോട്ടലുകളിൽ മീറ്റിംഗുകൾ നടത്തുന്നു. ഇത് മറ്റ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം ഞങ്ങളുടെ കച്ചവടത്തെയും ബാധിക്കുന്നു. അതുകൊണ്ട്, കൂടുതൽ നേരം ഇരിക്കുന്നവരിൽ നിന്ന് ടേബിൾ ചാർജ് ഈടാക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്,എന്നാണ് പി സി റാവു മാധ്യമങ്ങളോട് പ്രതികരിച്ചത്.

ആവശ്യമെങ്കിൽ 500 രൂപ മുതൽ 1000 രൂപ വരെ ചാർജ് ഈടാക്കുന്നതിനെക്കുറിച്ചാണ് ചർച്ചകൾ നടക്കുന്നത്. ഈ തീരുമാനം ഔദ്യോഗികമായി നടപ്പാക്കുന്നതിന് സർക്കാരിൻ്റെ അനുമതി തേടി ഹോട്ടൽ ഉടമകളുടെ സംഘടന ഉടൻ കത്തയക്കും. ഹോട്ടലുകളിൽ മണിക്കൂറുകളോളം വെറുതെയിരിക്കുന്ന പ്രവണത തടയാനാണ് ഈ നീക്കമെങ്കിലും, ഉപഭോക്താക്കൾക്കിടയിൽ ഇത് അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം