രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നതോടെ ആം ആദ്മി പാർട്ടിയിൽ വലിയ പ്രതിസന്ധി. എംപിമാർക്ക് പിന്നാലെ പഞ്ചാബിലെ എംഎൽഎമാരും പാർട്ടി വിടുമെന്ന ആശങ്ക ശക്തമായതോടെ, എഎപി നേതൃത്വം അടിയന്തര നീക്കങ്ങൾ ആരംഭിച്ചു. 

ദില്ലി: രാജ്യസഭ എംപിമാർക്ക് പിന്നാലെ പഞ്ചാബിലെ എംഎൽഎമാരും പാർട്ടി വിടുമെന്ന ആശങ്കയിലാണ് എഎപി. 60ലധികം എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയിൽ ചേർന്ന നേതാക്കൾ അവകാശപ്പെടുന്നത്. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ എഎപിയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണിത് സൃഷ്ടിച്ചിരിക്കുന്നത്. എംപിമാർക്ക് പിന്നാലെ എംഎൽഎമാരും പാർട്ടി വിടുന്നത് തടയാനുള്ള നീക്കത്തിലാണ് എഎപി നേതൃത്വം. ഇടഞ്ഞ് നിൽക്കുന്നവരുമായി ഉന്നത നേതാക്കൾ സംസാരിക്കും. അരവിന്ദ് കെജ്‍രിവാളിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരാനും സാധ്യതയുണ്ട്.

അതേസമയം രാഘവ് ഛദ്ദ അടക്കമുള്ളവരുടെ നീക്കത്തെ കുറിച്ച് സൂചനകളുണ്ടായിരുന്നെന്നാണ് എഎപി നേതൃത്വം പറയുന്നത്. ബിജെപിയുമായി ചർച്ചകൾ നടത്തിയത് രാഘവ് ഛദ്ദയും സ്വാതി മലിവാളും എന്നാണ് എഎപി വൃത്തങ്ങൾ പറയുന്നത്. സംഘടനാ ജനറൽ സെക്രട്ടറി സന്ദീപ് പഥക് പഞ്ചാബ് മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് കെജ്‍രിവാളിനെ സമ്മർദ്ദത്തിലാക്കി. അശോക് മിത്തൽ പാർട്ടി വിടാൻ കാരണം ഇഡി റെയ്ഡ് ആണെന്നാണ് നേതാക്കൾ പറയുന്നത്. കഴിഞ്ഞ പതിനഞ്ചിന് മിത്തലിൻ്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്‌ഡ് നടത്തിയിരുന്നു.

കാലുമാറിയ എംപിമാരെ അയോഗ്യരാക്കണമെന്ന് എഎപി

സമീപകാല ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കാലുമാറ്റം ആണ് ഇന്നലെ ആം ആദ്മി പാർട്ടിയിൽ ഉണ്ടായത്. പാർട്ടിയുടെ പത്ത് രാജ്യസഭാംഗങ്ങളിൽ ഏഴു പേരും ഒറ്റയടിക്ക് ബിജെപിയിലേക്ക് ചാടി. ആം ആദ്‌മി പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ രാഘവ് ഛദ്ദ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്, ദില്ലി വനിതാ കമ്മിഷൻ മുൻ അധ്യക്ഷ സ്വാതി മലിവാൾ, പാർട്ടിയുടെ രാഷ്ട്രീയ തന്ത്രജ്ഞൻ സന്ദീപ് പഥക്, അശോക് മിത്തൽ, വിക്രം സാഹ്‌നി, രജീന്ദർ ഗുപ്ത എന്നിവരാണ് പാർട്ടി വിട്ടത്. ഇവരിൽ രാഘവ് ഛദ്ദക്കൊപ്പം അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് ഇന്നലെ ബിജെപി ആസ്ഥാനത്ത് എത്തിയത്.

രാഘവ് ഛദ്ദ ഉൾപ്പെടെ മൂന്ന് എംപിമാരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാന് എഎപി കത്ത് നൽകി. പാർട്ടി എംപിമാർ ആയിരിക്കെ സ്ഥാനം രാജിവെക്കാതെ മറ്റൊരു പാർട്ടിയിൽ ചേർന്നതോടെ മൂന്ന് പേരും അയോഗ്യരായെന്നാണ് എഎപിയുടെ വാദം. അതേസമയം രാഘവ് ഛദ്ദ അവകാശപ്പെടുന്നത് ആകെയുള്ള പത്ത് എഎപി എംപിമാരിൽ താൻ ഉൾപ്പെടെ ഏഴ് എംപിമാർ പാർട്ടി വിട്ട് ബിജെപിക്കൊപ്പമാണ് എന്നാണ്. രാജ്യസഭയിലെ എഎപി എംപിമാരുടെ മൂന്നിൽ രണ്ട് ഭാഗവും കൂടുമാറുന്നതിനാൽ അയോഗ്യതാ ഭീഷണി ഒഴിവാക്കി ബിജെപിയുമായി ലയിക്കാൻ കഴിയുമെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു.