മലയാളി വിദ്യാർത്ഥികളെ ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഘത്തിലെ ആറു പേരെ പിടികൂടി. തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്.

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ മലയാളി വിദ്യാർത്ഥികളെ ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഘത്തിലെ ആറു പേരെ പിടികൂടി പൊലീസ്. തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. ആക്രമിക്കപ്പെട്ട വിദ്യാർത്ഥികൾക്കൊപ്പം പഠിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ വിദ്യാർത്ഥി വിളിച്ചു വരുത്തിയതായിരുന്നു അക്രമികളെ എന്ന് പൊലീസ് വ്യക്തമാക്കി.

മലയാളി വിദ്യാർത്ഥികളും സഹപാഠിയായ തമിഴ്നാട് സ്വദേശിയായ അഭിനേഷും തമ്മിലുള്ള ത‍ർക്കമാണ് ബെംഗളൂരു കൊണനകുണ്ടെയിൽ വീടുകയറിയുള്ള ആക്രമണത്തിലും മോഷണത്തിലും കലാശിച്ചത്. തർക്കത്തിന് പിന്നാലെ അഭിനേഷ് നാട്ടിലുള്ള സുഹൃത്തുക്കളെ വിളിച്ച് വരുത്തുകയായിരുന്നു. അഭിനേഷിന്റെ ആവശ്യപ്രകാരം എത്തിയ അഞ്ചംഗ സംഘം വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറുകയും മർദിക്കുകയും ആയിരുന്നു. സംഘം വീട്ടിനകത്തേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

11 വിദ്യാർത്ഥികളാണ് ഇവിടെ താമസിച്ചിരുന്നത് എങ്കിലും നാലുപേർ വീട്ടിലേക്ക് മടങ്ങിയിരുന്നു. മുറിയിലുണ്ടായിരുന്ന ഇർഫാൻ മുഹമ്മദ്, ആദർശ്, ഡാ‍‍‍ർവിൻ, മൊഹമ്മദ് സൽമാൻ, ഉത്തരേഷ്, ബേസിൽ എന്നിവർക്കാണ് മ‍ർദനമേറ്റത്. ഇവരുടെ പക്കൽ നിന്ന് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും അക്രമികൾ അപഹരിച്ചു. പരാതി ഉയർന്നതോടെ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. അഭിനേഷ്, കലൈവേന്ദൻ, വിമൽ രാജ്, കുമരൻ, പ്രേംകുമാർ, നവീൻ കുമാർ‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് മൂന്ന് ലക്ഷം രൂപ വില വരുന്ന രണ്ട് ബൈക്കുകൾ, നാല് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പകൾ എന്നിവ പിടിച്ചെടുത്തതായി കൊണനകുണ്ടെ പൊലീസ് അറിയിച്ചു.

Asianet News Live | Thrissur Fireworks Blast | Kerala Breaking News | Malayalam News | HD News