ചില വിദ്യാർത്ഥികൾ അസഭ്യ പരാമർശങ്ങൾ നടത്തുന്നതും കന്യാസ്ത്രീയെ പോൺ നടന്റെ പേര് പറഞ്ഞ് അപമാനിക്കുന്നതും ഹിന്ദിയിൽ മോശം വാക്കുകൾ പറയുന്നതും വീഡിയോയിലുണ്ട്.
പാട്ന: ബിഹാറിൽ കന്യാസ്ത്രീയെ വളഞ്ഞ് വെച്ച് അശ്ലീല പരാമർശം നടത്തുന്ന വിദ്യാർത്ഥികളുടെ വഡിയോക്കെതിരെ രൂക്ഷ വിമർശനം. യൂണിഫോം ധരിച്ച ഒരു സംഘം വിദ്യാർഥികൾ പോൺ താരത്തിന്റെയും സിനിമ നടിയുടേയും പേര് പറഞ്ഞ് ലൈംഗിക ചുവയോടെ അവഹേളിക്കുന്നതും അനുചിതമായി പെരുമാറുന്നതുമാണ് വീഡിയോ. പോൺ താരം മിയ ഖലീഫയുടേയും ഒരു സിനിമാ നടിയുടേയും പേര് പറഞ്ഞാണ് വിദ്യാർഥികൾ കന്യാസ്ത്രീക്കെതിരെ അസഭ്യ പരാമർശങ്ങൾ നടത്തിയത്.
ബിഹാറിലെ ഒരു സ്കൂളിൽ നിന്നുള്ളതാണ് വീഡിയോ എന്നാണ് പുറത്തുവരുന്ന വിവരം. ചില വിദ്യാർത്ഥികൾ അസഭ്യ പരാമർശങ്ങൾ നടത്തുന്നതും കന്യാസ്ത്രീയെ പോൺ നടന്റെ പേര് പറഞ്ഞ് അപമാനിക്കുന്നതും ഹിന്ദിയിൽ മോശം വാക്കുകൾ പറയുന്നതും വീഡിയോയിലുണ്ട്. വിദ്യാർത്ഥികളുടെ മോശം പെരുമാറ്റത്തിൽ അസ്വസ്ഥയാകുന്ന കന്യാസ്ത്രീയേയും വീഡിയോയിൽ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രൂക്ഷ വിമർശനമാണ് വിദ്യാർഥികൾക്കെതിരെ ഉയരുന്നത്. വിദ്യാർത്ഥികളുടെ പെരുമാറ്റം ഞെട്ടിപ്പിക്കുന്നതാണെന്നും അപമാനകരമായ ഭാഷ ഉപയോഗിക്കുന്ന കുട്ടികൾ നാടിന് നാണക്കേടാണെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.
സ്ത്രീകളോടും പ്രത്യേകിച്ച് കന്യാസ്ത്രീകളായിട്ടും അങ്ങേയറ്റം അനാദരവോടുള്ള വിദ്യാർഥികളുടെ പെരുമാറ്റം വെറുപ്പുളവാക്കുന്നതാണെന്നാണ് വിമർശനം. കുട്ടികൾക്ക് സഹാനുഭൂതി, വിനയം, അടിസ്ഥാന മര്യാദകൾ എന്നിവ പഠിപ്പിക്കുന്നതിൽ ഉണ്ടായ പരാജയമാണ് ഈ സംഭവമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയിൽ വൈറലാവാൻ എന്തും ചെയ്യുന്ന തരത്തിലേക്ക് കുട്ടികളെത്തിയെന്നും കന്യാസ്ത്രീയോട് മോശമായി പെരുമാറിയ കുട്ടികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നൽകണമെന്നുമാണ് വലിയൊരു വിഭാഗവും പ്രതികരിച്ചത്.


