നാസിക്കിലെ ടിസിഎസ് ജീവനക്കാരിയായിരുന്ന നിദാ ഖാനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. നിർബന്ധിത മതപരിവർത്തന ശ്രമം, ലൈംഗിക പീഡന പരാതികൾ ഒതുക്കിത്തീർക്കൽ തുടങ്ങിയ ആരോപണങ്ങളാണ് ഇവർക്കെതിരെയുള്ളത്. ഗർഭിണിയാണെന്ന് കാണിച്ച് മുൻകൂർ ജാമ്യാപേക്ഷ നൽകിയ നിദാ ഖാൻ നിലവിൽ ഒളിവിലാണെന്നാണ് പോലീസ് നിഗമനം.

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ടിസിഎസിലെ നിർബന്ധിത മതപരിവർത്തന ശ്രമങ്ങളിലും ലൈംഗിക പീഡന പരാതികളിലും മുഖ്യ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന നിദാ ഖാനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം. നിദാ ഖാൻ എവിടെയുണ്ടെന്ന വിവരം അവരുടെ ഭർത്താവ് പോലീസിന് കൈമാറിയിരുന്നു. എന്നാൽ പോലീസ് അവിടെ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തുമെന്ന് അറിഞ്ഞ് നിദാ ഖാൻ ഇവിടെ നിന്നും ഒളിവിൽ പോയതായാണ് പോലീസ് നിഗമനം.

താൻ ഗർഭിണിയാണെന്നും അതിനാൽ അറസ്റ്റിൽ നിന്ന് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദാ ഖാൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. തന്റെ ആരോഗ്യനില കണക്കിലെടുത്ത് മാനുഷിക പരിഗണന നൽകണമെന്നാണ് ഇവരുടെ വാദം. നാസികിലെ ടിസിഎസ് ഓഫീസിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന പരാതി. കൂടാതെ, ലൈംഗിക പീഡന പരാതികൾ ഗൗരവമായി എടുക്കാതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും ഇവർക്കെതിരെ ആരോപണമുണ്ട്. ഈ കേസ് പൊലീസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നിദാ ഖാൻ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരെയും ടിസിഎസ് കഴിഞ്ഞ ആഴ്ച തന്നെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ പ്രതികളായ മറ്റ് 10 പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.