മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ബിപിഒ സെന്ററിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ലൈംഗിക ചൂഷണത്തെയും നിർബന്ധിത മതപരിവർത്തനത്തെയും കുറിച്ചുള്ള ആരോപണങ്ങളേ തുടർന്നാണ് നടപടി. ഇതിനിടെ കേസിൽ പ്രതിയായ ഷാഫി ഷെയ്ക്കിന് ജയിൽ മര്‍ദനമേറ്റതായി പരാതി ഉയര്‍ന്നു
ദില്ലി: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ബിപിഒ സെന്ററിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ലൈംഗിക ചൂഷണത്തെയും നിർബന്ധിത മതപരിവർത്തനത്തെയും കുറിച്ചുള്ള ആരോപണങ്ങളേ തുടർന്നാണ് നടപടി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ലൈംഗികാതിക്രമ പരാതികൾക്ക് പിന്നാലെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഓഫീസ് താൽക്കാലികമായി അടച്ചിടാൻ കമ്പനി തീരുമാനിച്ചത്.
സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ടിസിഎസ് റാക്കറ്റുമായി ബന്ധപ്പെട്ട് അന്വേഷണ വിവരങ്ങൾ എൻഐഎ, എടിഎസ് എന്നിവർക്ക് കൈമാറി എന്ന് നാസിക് എസ് പി പറഞ്ഞു. റാക്കറ്റിന് പുറത്തുനിന്നുള്ളവരുടെ സഹായം ലഭിച്ചു എന്നാണ് കണ്ടെത്തൽ . ഒളിവിലുള്ള നിദ ഖാന് ചെങ്കോട്ട കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടെ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി എത്തി. അതേസമയം, കേസിൽ പ്രതിയായ ഷാഫി ഷെയ്ക്കിന് ജയിൽ മര്‍ദനമേറ്റതായി പരാതി ഉയര്‍ന്നു. സഹതടവുകാര്‍ ഷാഫി ഷെയ്ക്കിനെ ആക്രമിച്ചെന്നാണ് പരാതി.കോടതിയിലാണ് ഈക്കാര്യം അറിയിച്ചത്. പ്രതിയായ ഷാഫി ഷെയ്ക്കിനെ ഈ മാസം 18വരെ കോടതി കസ്റ്റഡിയിൽ വിട്ടു.


