ജ്യോതിബാബുവിന് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് സുപ്രീം കോടതി പരിശോധിച്ചിരുന്നു.
ദില്ലി: ടി പി കേസ് പ്രതി ജ്യോതി ബാബുവിന് ജാമ്യം. ശിക്ഷ മരവിപ്പിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. അപ്പീലിൽ തീരുമാനമാകും വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതിക്കെതിരെയുള്ളത് ദുർബലമായ തെളിവുകൾ എന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഗൂഢാലോചന തെളിയിക്കുന്നതിന് തെളിവുകളിൽ അപര്യാപ്തത ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. വൃക്ക രോഗത്തിന് ചികിത്സിക്കാനായി ജാമ്യം നല്‍കണമെന്നാണ് ജ്യോതിബാബു ആവശ്യപ്പെട്ടത്. ജ്യോതിബാബുവിന് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് സുപ്രീം കോടതി പരിശോധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ജാമ്യം നൽകാൻ കോടതി തയ്യാറായില്ല. ആദ്യഘട്ട പരിശോധനകൾ ജയിലിൽവച്ച് ചെയ്യാനാകില്ലേ എന്നും കോടതി ചോദിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്.

