നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം തമിഴ്‌നാട്ടിൽ ഡിഎംകെയുടെ പരമ്പരാഗത വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തുമെന്ന ആശങ്ക ശക്തമായതോടെ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതിരോധ തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ്. ക്രിസ്ത്യൻ-മുസ്ലിം ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനാണ് ശ്രമം
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടാൻ തുടങ്ങിയതോടെ കരുതലോടെ നീങ്ങുകയാണ് ഡിഎംകെയും നായകൻ എംകെ സ്റ്റാലിനും. വിജയ് ടിവികെയെ നയിച്ചുകൊണ്ട് രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കിയതോടെ ഡിഎംകെയുടെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ വിള്ളൽ വീഴുമെന്ന ആശങ്ക ഭരണകക്ഷിയിൽ സജീവമാണ്. ഇതോടെ പതിവായി ചെന്നൈയിൽ നടക്കുന്ന ഡിഎംകെയുടെ ക്രിസ്‌മസ് ആഘോഷങ്ങൾ ക്രിസ്ത്യൻ ജനസംഖ്യ കൂടുതലുള്ള തിരുനെൽവേലിയിലേക്ക് മാറ്റി. വിജയ് ക്രിസ്ത്യാനിയായതിനാൽ ക്രിസ്ത്യൻ-മുസ്ലിം വോട്ടുകൾ ടിവികെയിലേക്ക് നീങ്ങാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നീക്കം. തിരുനെൽവേലിയിലെ ക്രിസ്‌മസ് ആഘോഷങ്ങളിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുത്തു.
വൻ പ്രഖ്യാപനങ്ങളും ഊ പരിപാടിയിൽ സ്റ്റാലിൻ നടത്തി. എയ്ഡഡ് കോളേജുകളിലെ നിയമന സമിതികളിൽ നിന്ന് സർവകലാശാലാ പ്രതിനിധികളെ ഒഴിവാക്കി. വിശുദ്ധ നാട് തീർത്ഥാടനത്തിനുള്ള സബ്‌സിഡി വർദ്ധിപ്പിച്ചു. പുരാതന പള്ളികളുടെ നവീകരണത്തിന് ഗ്രാന്റ് അനുവദിച്ചു. സെമിത്തേരികൾക്കായി ഭൂമി അനുവദിക്കുന്നത് ഉൾപ്പെടെയുള്ള ദീർഘകാല ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്‌തിട്ടുണ്ട്. പരമ്പരാഗതമായി ഡി.എം.കെ മുന്നണിയെ പിന്തുണയ്ക്കുന്ന ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങളെ തങ്ങൾക്കൊപ്പം നിലനിർത്തുകയാണ് സ്റ്റാലിൻ്റെ ലക്ഷ്യം. അതേസമയം നാളെ വിജയ് നടത്തുന്ന ക്രിസ്മസ് പരിപാടിയും രാഷ്ട്രീയ ശ്രദ്ധാ കേന്ദ്രമാണ്.
ഇത് മുന്നിൽ കണ്ടുകൊണ്ടാണ് തിരുനൽവേലിയിലെ ക്രിസ്‌മസ് ആഘോഷത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ സംസാരിച്ചത്. ബിജെപിക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം ഭരണഘടനാ മൂല്യങ്ങളെ കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തുകയാണെന്നും ന്യൂനപക്ഷങ്ങൾ ഭയപ്പാടിലാണെന്നും പറഞ്ഞു. സിഎഎ പോലുള്ള നിയമങ്ങളെ ഡിഎംകെ എതിർത്തപ്പോൾ അണ്ണാ ഡിഎംകെയും ബിജെപിയും അതിനെ പിന്തുണച്ചെന്ന് അദ്ദേഹം ആരോപിച്ചു. ഒരു മതം, ഒരു ഭാഷ, ഒരു സംസ്‌കാരം എന്ന നയം അടിച്ചേൽപ്പിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിന്നാലെ മുഖ്യമന്ത്രിക്കെതിരെ മുൻ ഗവർണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദരരാജൻ രംഗത്തെത്തി. മുഖ്യമന്ത്രി വോട്ടർമാരെ ധ്രുവീകരിക്കാൻ ശ്രമിക്കുകയാണെന്നും ബിജെപിക്കെതിരെ വിഷം ചീറ്റുകയാണെന്നും അവർ വിമർശിച്ചു.
അതേസമയം ഡിഎംകെയെ പിന്തുണക്കുന്ന ക്രിസ്ത്യൻ സമൂഹം പല വിഷയങ്ങളിലും സർക്കാരിൻ്റെ നിലപാടുകളിൽ അസംതൃപ്തരാണ്. എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും നിയമനങ്ങളുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ മാനേജ്‌മെന്റുകൾക്കിടയിൽ അസംതൃപ്തികൾ നിലനിൽക്കുന്നുണ്ട്. തസ്തികകൾ നികത്തുന്നതിലെ തടസ്സങ്ങളും രാഷ്ട്രീയ ഇടപെടലുകളും ക്രൈസ്‌തവ സഭകളെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങൾ ടിവികെയിലേക്ക് ചേക്കേറുന്ന സാഹചര്യമുണ്ടായാൽ 2026-ലെ പോരാട്ടം കടുക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.


