ജയ്പൂരിലെ ഒരു വിവാഹ ചടങ്ങിനിടെ അതിഥിയായി എത്തിയ മോഷ്ടാവ് വധുവിന്റെ ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളും പണവുമടങ്ങിയ ബാഗ് കവർന്നു. ഫോട്ടോയെടുക്കുന്നതിനിടെ സ്റ്റേജിൽ കയറിയ ഇയാൾ ബാഗ് മോഷ്ടിച്ച് ആൾക്കൂട്ടത്തിൽ മറയുകയായിരുന്നു.
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ അതിഥിയെന്ന വ്യാജേനയെത്തി വധുവിന്റെ ബാഗ് മോഷ്ടിച്ച യുവാവിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഏകദേശം നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും പണവുമാണ് ബാഗിലുണ്ടായിരുന്നത്. ഫെബ്രുവരി ഏഴിന് ജഗത്പുരയിലെ 'ചന്ദൻ വൺ മാരേജ് ഗാർഡനിൽ' നവീൻ കരോളിന്റെ വിവാഹ വിരുന്നിനിടെയായിരുന്നു സംഭവം. രാത്രി 10:15-ഓടെ വധുവും വരനും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്താണ് കള്ളൻ സ്റ്റേജിനടുത്തേക്ക് എത്തിയത്.
നല്ല രീതിയിൽ വസ്ത്രം ധരിച്ച്, കയ്യിൽ ഒരു ബ്ലേസറും പിടിച്ചാണ് ഇയാൾ വന്നത്. അതുകൊണ്ട് തന്നെ ആർക്കും സംശയം തോന്നിയില്ല. സ്റ്റേജിൽ വധൂവരന്മാർ ഫോട്ടോയെടുക്കുന്ന തിരക്കിലായപ്പോൾ, കള്ളൻ വളരെ സാവധാനം സ്റ്റേജിൽ കയറി വധുവിന്റെ ബാഗ് കൈക്കലാക്കി. നിമിഷങ്ങൾക്കുള്ളിൽ ബാഗ് തന്റെ ബ്ലേസറിനുള്ളിൽ ഒളിപ്പിച്ച് ഇയാൾ ആൾക്കൂട്ടത്തിനിടയിലേക്ക് മറയുകയായിരുന്നു. വധൂവരന്മാരുടെ ഫോട്ടോഗ്രാഫർ എടുത്ത വീഡിയോയിലാണ് ഈ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞത്. ചടങ്ങ് കഴിഞ്ഞ് ബാഗ് കാണാതായപ്പോഴാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്.
തുടർന്ന് വീഡിയോ റെക്കോർഡിംഗുകൾ പരിശോധിച്ചപ്പോഴാണ് 'അതിഥി'യുടെ തനിനിറം പുറത്തായത്. വരന്റെ സഹോദരൻ നിതിൻ കരോൾ പോലീസിൽ പരാതി നൽകി. വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും ജയ്പൂർ പോലീസ് അറിയിച്ചു. സന്തോഷം നിറഞ്ഞ വിവാഹ നിമിഷങ്ങൾ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ദുഃഖകരമായി മാറിയതിന്റെ ഞെട്ടലിലാണ് കുടുംബം.


