മണ്ഡല പുനർനിർണയ വ്യവസ്ഥയിൽ തട്ടി വനിതാ സംവരണ ബിൽ ഭേദഗഗതി ലോക്സഭയിൽ പരാജയപ്പെട്ടു. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകാത്തത് മോദി സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി. സംവരണത്തെയല്ല, മണ്ഡല പുനർനിർണയത്തെയാണ് എതിർക്കുന്നതെന്ന് പ്രതിപക്ഷം വാദിക്കുന്നു

ദില്ലി: വനിതാ സംവരണ ബിൽ ഭേദഗതി മണ്ഡല പുനർനിർണയത്തിൽ തട്ടി ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെട്ടച്. ഭരണപക്ഷത്തിന് 290 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി 230 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു. കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടെ നടന്ന വോട്ടെടുപ്പിലേറ്റ പ്രഹരം സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി. പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ തന്നെ ബിൽ പരാജയപ്പെടുമെന്ന സൂചന കേന്ദ്രത്തിന് ലഭിച്ചിരുന്നു. എന്നാൽ ബിൽ പിന്‍വലിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ബില്‍ വോട്ടിനിട്ട് തള്ളുന്നത് വൻ പ്രചാരമവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാമെന്ന ആലോചനയിലായിരുന്നു ഈ നീക്കം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിനെതിരെയടക്കം വൻ പ്രചാരണം നടത്താനാണ് ബി ജെ പി ക്യാമ്പിന്‍റെ തീരുമാനം. എന്നാൽ വനിത സംവരണത്തെയല്ല, മണ്ഡല പുനർനിർണയത്തെയാണ് എതിർക്കുന്നതെന്ന വാദത്തിലൂന്നി തിരിച്ചടിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. നിലവിലെ 543 സീറ്റിൽ എന്തുകൊണ്ട് വനിത സംവരണം നടപ്പാക്കിക്കൂടാ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player