കോൺഗ്രസ് രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചിരുന്നതെങ്കിൽ ആർഎസ്എസ് പ്രവർത്തകരുടെ വോട്ട് കോൺഗ്രസിനു ലഭിക്കുമായിരുന്നെന്നും മോഹൻ ഭാഗവത്
ബെംഗളൂരു: ഏതെങ്കിലുമൊരു പാർട്ടിയേയോ ആളുകളേയോ പിന്തുണയ്ക്കുന്നില്ലെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. രാജ്യത്തിന്റെ താൽപര്യം മുൻനിർത്തിയുള്ള ആശയങ്ങളെയാണ് പിന്തുണയ്ക്കുന്നതെന്നാണ് മോഹൻ ഭാഗവത് ബെംഗളൂരുവിൽ വിശദമാക്കിയത്. ബെംഗളൂരുവിൽ നടന്ന രണ്ട് ദിന പ്രഭാഷണ പരമ്പരയിലാണ് മോഹൻ ഭാഗവത് നയം വ്യക്തമാക്കിയത്. കോൺഗ്രസ് രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചിരുന്നതെങ്കിൽ ആർഎസ്എസ് പ്രവർത്തകരുടെ വോട്ട് കോൺഗ്രസിനു ലഭിക്കുമായിരുന്നെന്നും മോഹൻ ഭാഗവത് പറഞ്ഞത്. തെരഞ്ഞെടുപ്പിൽ ആർഎസ്എസ് പങ്കെടുക്കുന്നില്ല. രാഷ്ട്രീയം ലക്ഷ്യമിടുന്നത് വിഭജിക്കലിനാണ്. എന്നാൽ സംഘപരിവാറിന്റെ ലക്ഷ്യം ഒന്നിപ്പിക്കലാണ്. രാഷ്ട്രീയത്തെയല്ല, നയങ്ങളെയാണ് ഞങ്ങൾ പിന്തുണയ്ക്കുന്നത്.
സംഘത്തിന്റേതായി ഒരു പാർട്ടിയില്ല, എല്ലാ പാർട്ടികളും തങ്ങളുടേത്
ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോട് സംഘപരിവാറിന് പ്രത്യേക അടുപ്പമില്ല. അങ്ങനെയൊരു സംഘ് പാർട്ടി ഇല്ല. എല്ലാം ഭാരതത്തിലെ പാർട്ടികളായതിനാൽ എല്ലാ പാർട്ടികളും ഞങ്ങളുടേതാണ്. ഞങ്ങൾക്ക് ഞങ്ങളുടേതായ കാഴ്ചപ്പാടുകളുണ്ട്. ഈ രാജ്യം ഏത് ദിശയിലേക്കാണ് പോകേണ്ടതെന്ന ധാരണയുണ്ട്. ആ ദിശയിലേക്ക് രാജ്യത്തെ നയിക്കാൻ കഴിവുള്ളവരെ ഞങ്ങൾ പിന്തുണയ്ക്കുമെന്നും മോഹൻ ഭാഗവത് ബെംഗളൂരുവിൽ വിശദമാക്കി.
സംഘ് പോലെ ചിന്തിക്കുന്ന നിരവധി പേർ വിവിധ പാർട്ടികളിലുണ്ട്. ഒരു വിഭാഗത്തേയും ഒഴിവാക്കാതെ എല്ലാവരേയും ചേർത്ത് നിർത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു. സംഘം മുൻപിൽ വയ്ക്കുന്നത് രാജ്യത്തിന്റെ പുരോഗതി മാത്രമാണെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

