ശനിയാഴ്ച രാവിലെ ആറ് മണിയോടെ ചൈനയുടെ എട്ട് സൈനിക വിമാനങ്ങളും ഏഴ് നാവികസേനാ കപ്പലുകളും തായ്‌വാന്റെ സമുദ്രാതിർത്തിക്ക് സമീപം എത്തിയതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

തായ്പേയ്: തായ്‌വാന് ചുറ്റും ചൈനയുടെ സൈനിക നീക്കം തുടരുന്നു. ശനിയാഴ്ച രാവിലെ ആറ് മണിയോടെ ചൈനയുടെ എട്ട് സൈനിക വിമാനങ്ങളും ഏഴ് നാവികസേനാ കപ്പലുകളും തായ്‌വാന്റെ സമുദ്രാതിർത്തിക്ക് സമീപം എത്തിയതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ എട്ട് വിമാനങ്ങളും അതിർത്തി രേഖ കടന്ന് തായ്‌വാന്റെ വടക്ക്, മധ്യ, തെക്ക്-പടിഞ്ഞാറൻ വ്യോമ പ്രതിരോധ മേഖലയിലേക്ക് കടന്നുകയറിയതായാണ് തായ്‌വാൻ പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത്. 

ഇന്ന് രാവിലെ 6 മണി വരെ (UTC+8) തായ്‌വാന് ചുറ്റും പ്രവർത്തിക്കുന്ന 8 ചൈനീസ് വിമാനങ്ങളും 7 നാവികസേനാ കപ്പലുകളും കണ്ടെത്തി. എട്ട് വിമാനങ്ങളും അതിർത്തി രേഖ കടന്ന് തായ്‌വാന്റെ വടക്ക്, മധ്യ, തെക്ക്-പടിഞ്ഞാറൻ വ്യോമ പ്രതിരോധ മേഖലയിലേക്ക് പ്രവേശിച്ചു. ഞങ്ങൾ സാഹചര്യം നിരീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് തായ്‌വാൻ പ്രതിരോധ മന്ത്രാലയം എക്‌സിലെ കുറിപ്പിൽ വിശദമാക്കിയത്.വെള്ളിയാഴ്ചയും സമാനമായ സംഭവം നടന്നിരുന്നു. വെള്ളിയാഴ്ച 14 ചൈനീസ് വിമാനങ്ങളും ആറ് നാവികസേനാ കപ്പലുകളുമാണ് തായ്‌വാന് സമീപം എത്തിയത്. ഇതിൽ 10 വിമാനങ്ങൾ അതിർത്തി കടന്ന് തായ്‌വാന്റെ വ്യോമ പ്രതിരോധ മേഖലയിലേക്ക് പ്രവേശിച്ചിരുന്നു. 

മേഖലയിൽ പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് പ്രസിഡന്റ് തായ്‌വാൻ പ്രസിഡന്റ് ലായ് ചിംഗ് തെ വിശദമാക്കുന്നത്. പ്രതിരോധം ശക്തിപ്പെടുത്തുമെന്നും സാമ്പത്തിക വികസനം മുന്നോട്ട് കൊണ്ടുപോകുമെന്നും തായ്‌വാൻ പ്രസിഡന്റ് ഉറപ്പു നൽകിയിരുന്നതായാണ് തായ്‌പേയ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് പുതുവത്സരത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ, രാജ്യത്തെ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകുന്ന സൈന്യത്തിനും കോസ്റ്റ് ഗാർഡിനും പൊലീസിനും സർക്കാർ ഉദ്യോഗസ്ഥർക്കും ലായ് ചിംഗ് തെ നന്ദി പറഞ്ഞു. കഴിഞ്ഞ വർഷം തായ്‌വാൻ നിരവധി വെല്ലുവിളികൾ നേരിട്ടു, എന്നാൽ ഈ പ്രതിസന്ധികളിലൂടെ രാജ്യം കൂടുതൽ കരുത്താർജ്ജിച്ചു. പ്രതിസന്ധികളിൽ ഒരുമിച്ച് നിൽക്കുന്ന ഓരോ പൗരനുമാണ് തായ്‌വാന്റെ ഏറ്റവും വലിയ സൗന്ദര്യമെന്നാണ് ലായ് ചിംഗ് തെ വിശദമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം