ഒടുവില്‍, സ്ത്രീകളും കുട്ടികളും അടക്കം ഏഴ് കുടുംബാംഗങ്ങളെയം കൂട്ടി കൊടുങ്കാറ്റുള്ള ഒരു രാത്രിയില്‍ അവര്‍ ഉത്തരകൊറിയയില്‍നിന്ന് രക്ഷപ്പെട്ടു. ഇപ്പോള്‍ അവര്‍ ദക്ഷിണകൊറിയയില്‍ കഴിയുകയാണ്.
പത്തു വര്‍ഷം നീണ്ട ഒരുക്കങ്ങള്‍. ജീവന്‍ പണയം വെച്ചുള്ള അന്തിമ തയ്യാറെടുപ്പുകള്‍. കുഴിബോംബുകള്‍ വിതറിയ പാടം മുറിച്ചുകടന്ന് സ്ത്രീകളുടെയും കുട്ടികളുടെയും യാത്ര. അതുകഴിഞ്ഞ്, ഏത് സമയവും കൊല്ലപ്പെടാവുന്ന സാധ്യത അവഗണിച്ച് നടത്തിയ അതിസാഹസികമായ കടല്‍ യാത്ര. ഉത്തരകൊറിയയില്‍നിന്ന് ദക്ഷിണകൊറിയയിലേക്ക് എത്താന്‍ ഈ കുടുംബത്തിന് സഹിക്കേണ്ടി വന്നത് സമാനതകളില്ലാത്ത കഷ്ടപ്പാടുകളാണ്.
ഇത് രണ്ട് സഹോദരന്‍മാരുടെ കഥയാണ്. കിം ഇല്‍ ഹ്യോക്ക്, അനുജന്‍ കിം ഈ ഹ്യോക്ക്. കിംഗ് ജോംഗ് ഉന്‍ ഭരിക്കുന്ന ഉത്തരകൊറിയയിലാണ് ഇരുവരും ജനിച്ചു വളര്‍ന്നത്. കുട്ടിക്കാലം മുതല്‍ അവരുടെ ഉള്ളിലുണ്ടായിരുന്നത് ഒരേയൊരു സ്വപ്‌നമാണ്. എങ്ങനെയെങ്കിലും ഉത്തരകൊറിയ വിടണം. ദക്ഷിണകൊറിയയില്‍ അഭയം തേടണം. ആ സ്വപ്‌നം അവരില്‍ വളര്‍ത്തിയത് പിതാവായിരുന്നു. കച്ചവടക്കാരനായിരുന്ന അദ്ദേഹം, എല്ലാ കാലത്തും ആലോചിച്ചത് ഉത്തരകൊറിയയില്‍നിന്നുള്ള രക്ഷപ്പെടലായിരുന്നു. അതിനായി പല പദ്ധതികള്‍ അദ്ദേഹം തയ്യാറാക്കി. എന്നാല്‍, അതൊന്നും ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിയാതെ അദ്ദേഹം മരിച്ചു. തുടര്‍ന്ന് കിം സഹോദരന്‍മാരുടെ ഊഴമായി. പിതാവിന്റെ ആഗ്രഹം സഫലമാക്കാന്‍ അവരും പ്രയത്‌നം തുടര്‍ന്നു. ഒടുവില്‍, സ്ത്രീകളും കുട്ടികളും അടക്കം ഏഴ് കുടുംബാംഗങ്ങളെയം കൂട്ടി കൊടുങ്കാറ്റുള്ള ഒരു രാത്രിയില്‍ അവര്‍ ഉത്തരകൊറിയയില്‍നിന്ന് രക്ഷപ്പെട്ടു. ഇപ്പോള്‍ അവര്‍ ദക്ഷിണകൊറിയയില്‍ കഴിയുകയാണ്.

കിം ഈ ഹ്യോക്ക്.
എന്തിന് രക്ഷപ്പെടണം?
രക്ഷപ്പെടല്‍. ഉത്തരകൊറിയയിലെ സാധാരണ ജനങ്ങളുടെ ഏറ്റവും വലിയ സ്വപ്‌നമാണത്. കമ്യൂണിസ്റ്റ് ഭരണം നിലവിലുള്ള ഉത്തരകൊറിയയില്‍ ജീവിതാവസ്ഥ പരിതാപകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത നിയന്ത്രണങ്ങള്‍, ദാരിദ്ര്യം, ഏകാധിപത്യഭരണം, അവികസിത ജീവിതസാഹചര്യങ്ങള്‍. പാര്‍ട്ടിയും പട്ടാളവും കൂടി ഭരിക്കുന്ന ഉത്തരകൊറിയയില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളെല്ലാം അടിച്ചമര്‍ത്തപ്പെടാറാണ് പതിവ്. അതിനാല്‍, അവരുടെ മുന്നിലുള്ള ഒരേയൊരു മാര്‍ഗം രാജ്യം വിടലാണ്. തൊട്ടടുത്തുള്ള ദക്ഷിണ കൊറിയയാണ് അവരുടെ വാഗ്ദത്തദേശം. അവിടെ ജനാധിപത്യവും സ്വാതന്ത്ര്യവുമുണ്ട്. വികസിത രാജ്യമാണ്. എല്ലാ സൗകര്യങ്ങളുമുണ്ട്. ഉത്തരകൊറിയയുമായി താരതമ്യം ചെയ്യുമ്പോള്‍ ജീവിതം സുഖകരമാണ്.
മരണം കാത്തിരിക്കുന്ന അതിര്‍ത്തികള്‍!
പക്ഷേ, ഉത്തരകൊറിയയില്‍നിന്ന് രക്ഷപ്പെടുക എന്നത് ഒരിക്കലും നടക്കാത്ത ഒരു സ്വപ്‌നം പോലെ ബുദ്ധിമുട്ടേറിയതാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തിയുണ്ട്. അവിടെ നിറയെ കുഴിബോംബുകള്‍ വിതറിയിട്ടുണ്ട്. ഒരു കാലടി തെറ്റിയാല്‍ മരണമായിരിക്കും ഫലം. അതോടൊപ്പം നിറതോക്കേന്തിയ കാവല്‍ക്കാരുണ്ട്. അതിര്‍ത്തി കടക്കാന്‍ വരുന്നവരെ അവര്‍ വെടിവെച്ചു കൊല്ലുകയോ തടവിലാക്കുകയോ ചെയ്യും. ഇതെല്ലാം മറികടന്ന് മുന്നോട്ടു ചെന്നാലും, നിരീക്ഷണ സംവിധാനങ്ങളും റഡാറുകളും ഡ്രോണുകളും മറികടക്കുക എളുപ്പമല്ല. എന്നിട്ടും നിരവധി പേര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കാറുണ്ട്. പരാജയപ്പെടാറുണ്ട്. ഭാഗ്യവാന്‍മാരായ ചിലര്‍ മാത്രം, എല്ലാം സഹിച്ച് അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയില്‍ അഭയം തേടാറുണ്ട്. അതിലൊരു കുടുംബമായിരുന്നു കിം സഹോദരന്‍മാരുടേത്.
അതിര്‍ത്തി കടക്കുക, ഏതാണ്ട് അസാധ്യമാണ്. അതിനാല്‍, മറ്റൊരു മാര്‍ഗമാണ് അവര്‍ തുടക്കത്തിലേ ആലോചിച്ചുവെച്ചത്. കടല്‍! അവിടെ കുഴിബോംബുകളില്ല. പക്ഷേ, ഉത്തരകൊറിയയുടെ സര്‍വ്വശക്തരായ നാവിക സേനയുടെ 24 മണിക്കൂറും നീളുന്ന പട്രോളിംഗ് സംവിധാനമുണ്ട്. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചാല്‍ അവരുടെ മുന്നില്‍ പെടും. ഒന്നുകില്‍ മരണം, അല്ലെങ്കില്‍ തടവ്. അതാവും ഫലം.
അപകടകരമായ ഒരു പദ്ധതി!
കരയിലൂടെ അതിര്‍ത്തി കടക്കുന്നതിലും അപകട സാധ്യത കുറവാണ് കടല്‍ മാര്‍ഗമെന്ന് കിം സഹോദരന്‍മാരുടെ പിതാവ് കണ്ടെത്തി. അതിനാല്‍, അത്തരം സാധ്യതകളാണ് അവര്‍ എല്ലാ കാലത്തും ഉറ്റുനോക്കിയത്. പക്ഷേ, ഒരു കുഴപ്പമുണ്ട്. കടലിലൂടെ പോവണമെങ്കില്‍ ബോട്ട് വേണം, തുഴയാനും നീന്താനും അറിയണം. കിം സേഹാദരന്‍മാര്‍ താമസിക്കുന്നത് ഒരു ഉള്‍ഗ്രാമത്തിലെ മലയോരത്താണ്. അവിടെ കടലില്ല. അതിനാല്‍ ഇളയ മകനെ പിതാവ് കടല്‍ തീര ഗ്രാമങ്ങളിലേക്ക് അയച്ചു. അവിടെ ജോലി നോക്കുക, മല്‍സ്യബന്ധനം പഠിക്കുക-അതായിരുന്നു ലക്ഷ്യം. അത്യാവശ്യം സാമ്പത്തിക സ്ഥിതി ഉള്ള കുടുംബങ്ങള്‍ ഇപ്പണിക്ക് പോവാറില്ല. എങ്കിലും വലിയൊരു ലക്ഷ്യം മുന്നില്‍ കണ്ട് അവന്‍ മല്‍സ്യതൊഴിലാളി ഗ്രാമത്തിലേക്ക് പോവുക തന്നെ ചെയ്തു. പിന്നെ, മല്‍സ്യ തൊഴിലാളികള്‍ക്കിടയില്‍ ജീവിച്ചു. നാലഞ്ചു വര്‍ഷമെടുത്തു, മല്‍സ്യബന്ധനം പഠിക്കാന്‍. പിന്നെ പിതാവ് അയച്ചുകൊടുത്ത പണം കൊണ്ട് സ്വന്തമായി വലിയൊരു ബോട്ട് വാങ്ങി. അതിനു ശേഷം മൂത്ത സഹോദരനെയും അങ്ങോട്ട് കൂട്ടി. ഇരുവരും ചേര്‍ന്ന് സ്വന്തം ബോട്ടില്‍ മല്‍സ്യ ബന്ധനം തുടങ്ങി.
അതിനിടയില്‍, പിതാവ് മരിച്ചു. പക്ഷേ, അദ്ദേഹം വിതച്ച സ്വപ്‌നം അവര്‍ ഉപേക്ഷിച്ചില്ല. അവര്‍ പലായനം ചെയ്യാനുള്ള പദ്ധതികളുമായി മുന്നോട്ടുപോയി. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ വിശ്വസ്തരായ കാവല്‍ക്കാരാണ് കടലില്‍ പട്രോളിംഗ് നടത്തുന്നത്. അവരുമായി ബന്ധം സ്ഥാപിച്ചശേഷം, കൈക്കൂലി കൊടുത്ത് സമുദ്ര അതിര്‍ത്തിയില്‍ മല്‍സ്യ ബന്ധനത്തിന് പോവാന്‍ തുടങ്ങി. പല തവണ അവര്‍ പിടിയിലായി. ചോദ്യം ചെയ്യപ്പെട്ടപ്പോഴൊക്കെ കിമ്മും സഹോദരനും ഒരേ കഥതന്നെയാണ് പറഞ്ഞത്. തങ്ങള്‍ തീരദേശത്തെ കാവല്‍ക്കാര്‍ക്ക് കൈക്കൂലി നല്‍കിയിരുന്നുവെന്നും അതിര്‍ത്തിയില്‍ മീന്‍പിടിക്കാന്‍ അനുവദിക്കണമെന്ന് അവരോട് അപേക്ഷിച്ചുവെന്നുമാണ് അവര്‍ പറഞ്ഞത്. നിറയെ മല്‍സ്യങ്ങളുള്ളതിനാലാണ് അവിടെ പോവുന്നതെന്നും അവര്‍ സ്ഥിരം ബോധിപ്പിച്ചു. പല തവണ കേട്ടപ്പോള്‍ ഈ കഥ കാവല്‍ക്കാര്‍ ശരിവെച്ചു. അവര്‍ ബോട്ടില്‍ അതിര്‍ത്തി വരെ പല തവണ പോയെങ്കിലും എപ്പോഴും തിരിച്ചു വന്നു. തങ്ങളുടെ പദ്ധതി മറച്ചുപിടിക്കാന്‍ അവര്‍ കൃത്യമായി ആസൂത്രണം ചെയ്ത ഒരു നാടകമായിരുന്നു അത്.
ദക്ഷിണ-ഉത്തര കൊറിയകള്‍ക്കിടയിലുള്ള തര്‍ക്കപ്രദേശവും അതീവ സംഘര്‍ഷഭരിതവുമായ സമുദ്ര അതിര്‍ത്തിയാണ് 'നോര്‍ത്തേണ്‍ ലിമിറ്റ് ലൈന്‍.' ഇത് മുറിച്ചുകടക്കുക ആയിരുന്നു ഏറ്റവും വലിയ കടമ്പ. ഇവിടെ കടല്‍ മത്സ്യസമ്പന്നമാണെങ്കിലും മീന്‍പിടിക്കാന്‍ ആരും ധൈര്യപ്പെടാറില്ല. കടുത്ത നിയന്ത്രണങ്ങളും വമ്പന്‍ നിരീക്ഷണവുമായിരുന്നു കാരണം. സഹോദരന്മാര്‍ ഈ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിച്ചു. പട്രോളിംഗ് സംഘത്തിന്റെ കണ്ണുവെട്ടിക്കാന്‍ പറ്റിയ പഴുതുകള്‍ കണ്ടെത്താന്‍ അവര്‍ മീന്‍പിടുത്തക്കാരെന്ന വ്യാജേന അവര്‍ അവിടെ സ്ഥിരം ചെന്നു. പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം സ്ഥാപിച്ചു. കൈക്കൂലി നല്‍കി ഭരണകക്ഷിക്കാരുടെ വിശ്വാസം നേടിയെടുത്തു. രക്ഷപ്പെടല്‍ എന്ന സ്വപ്‌നവുമായി അവര്‍ മഞ്ഞക്കടലിലൂടെ നിരന്തരം ചുറ്റിസഞ്ചരിച്ചു.
'അതിര്‍ത്തി ലക്ഷ്യമാക്കി കപ്പല്‍ ഓടിച്ചാല്‍ ഉത്തരകൊറിയന്‍ സൈന്യം പിന്തുടരും. അവര്‍ എത്ര വേഗത്തില്‍ വരും, കണ്ടെത്തും' എന്നതെല്ലാം ഞങ്ങള്‍ പല തവണ പരീക്ഷിച്ചറിഞ്ഞിരുന്നു. പകല്‍ സമയങ്ങളില്‍ പട്രോളിംഗ് സംഘം വേഗത്തിലെത്തും, എന്നാല്‍ രാത്രിയില്‍ പതുക്കെയേ വരൂ എന്ന് ഞങ്ങള്‍ മനസ്സിലാക്കി. മോശം കാലാവസ്ഥകളില്‍ അവര്‍ മന്ദഗതിയിലായിരിക്കും. ഞങ്ങള്‍ ഇത് പലതവണ പരീക്ഷിച്ചു. പട്രോളിംഗ് സംഘം പിടികൂടിയപ്പോഴൊക്കെ വലിയ കുറ്റവാളികളോടെന്നപോലെയാണ് പെരുമാറിയത്.' -ഇപ്പോള്‍ ദക്ഷിണ കൊറിയയില്‍ കഴിയുന്ന സഹോദരമാരില്‍ ഒരാള്‍ സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
അവസാനം, ആ രാത്രി വന്നെത്തി!
2023-മെയ് മാസം. അവസരങ്ങള്‍ ഒത്തുവന്നു. മഞ്ഞക്കടലില്‍ മൂന്ന് ദിവസമായി കൊടുങ്കാറ്റ് ആയിരുന്നു. അതിനാല്‍, പട്രോളിംഗ് കുറയും. കനത്ത മഴ ആയതിനാല്‍, റഡാര്‍ സംവിധാനങ്ങളും നിരീക്ഷണ ക്യാമറകളും ഫലപ്രദമായിരിക്കില്ല എന്നവര്‍ കണക്കുകൂട്ടി. ആ സമയത്ത് രക്ഷപ്പെടാന്‍ അവര്‍ എല്ലാ ഒരുക്കങ്ങളും നടത്തി. ഏറ്റവും വലിയ പ്രശ്‌നം,ബോട്ടില്‍ കയറാന്‍ പാടില്ല. അതിനാല്‍, കരയിലൂടെ കടല്‍തീരത്തേക്ക് വരേണ്ടിവരും. അതിന് കുഴിബോംബുകള്‍ നിറഞ്ഞ അതിര്‍ത്തി കടക്കണം. കുഴിബോംബുകളില്ലാത്ത ഒരു വഴി വര്‍ഷങ്ങള്‍ കൊണ്ട് അവര്‍ മനസ്സിലാക്കി വെച്ചിരുന്നു. ആളൊഴിഞ്ഞ കടല്‍ത്തീരത്ത് കൊണ്ടുവന്ന് അവിടന്ന് ബോട്ടില്‍ കയറ്റാനായിരുന്നു പദ്ധതി.
രാത്രികാല മീന്‍പിടുത്തത്തിന് പോകുകയാണെന്ന് പറഞ്ഞ് കിം സഹോദരന്മാര്‍ രാത്രി കാവല്‍ക്കാര്‍ക്ക് കൈക്കൂലി നല്‍കി. ഇതിനുശേഷം തീരത്തിന്റെ മറ്റൊരു ഭാഗത്തുവെച്ച് സ്ത്രീകളെ രഹസ്യമായി ബോട്ടില്‍ കയറ്റാനായിരുന്നു പ്ലാന്‍. കിം ഇല്‍ഹ്യോക്കിന്റെ ഭാര്യ അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. അമ്മയും സഹോദരഭാര്യയും കിം ഈ ഹ്യോക്കിന്റെ അമ്മായിയമ്മയും കുട്ടികളുമടങ്ങുന്ന ഏഴംഗ സംഘം കുഴിബോംബുകള്‍ നിറഞ്ഞ പാതയിലൂടെ നടന്ന് തീരത്തെ ബോട്ടിലെത്തി.
'അതിശക്തമായ തിരകള്‍ ഉള്ളതിനാല്‍ ബോട്ട് പാറക്കെട്ടുകളില്‍ ഇടിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഇക്കാര്യം ഞങ്ങള്‍ നേരത്തെ മനസ്സിലാക്കി അതിനനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. ഞങ്ങള്‍ പതുക്കെ പാറക്കെട്ടുകള്‍ക്ക് അടുത്തേക്ക് നീങ്ങി. സ്ത്രീകളെയും കുട്ടികളെയും ബോട്ടിലേക്ക് മാറ്റി. പിതാവിന്റെ ചിതാഭസ്മവും പണവും ഞങ്ങള്‍ കൂടെ കൊണ്ടുപോയി. നാലും അഞ്ചും വയസ്സുള്ള കുട്ടികളെ ചണച്ചാക്കുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു''-സഹോദരന്‍മാരിലൊരാള്‍ പറയുന്നു.
പ്ലാന്‍ ചെയ്തതു പോലെ തന്നെ യാത്ര തുടങ്ങി. എഞ്ചിന്‍ ശബ്ദം കുറയ്ക്കാന്‍ തുണിയില്‍ പൊതിഞ്ഞുവെച്ചു. ഒരാളും ശബ്ദമുണ്ടാക്കിയില്ല. കൊടുങ്കാറ്റായതിനാല്‍ പട്രോളിംഗ് ബോട്ടുകള്‍ അവിടെ ഉണ്ടായിരുന്നില്ല. വളരെ പതുക്കെ അവര്‍ ബോട്ട് ഓടിച്ചു. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഉത്തരകൊറിയന്‍ അതിര്‍ത്തി പ്ിന്നിട്ടു. രണ്ട് കുട്ടികള്‍ ചണച്ചാക്കുകള്‍ക്കുള്ളില്‍ നിശബ്ദരായി ഒളിച്ചിരിക്കുകയായിരുന്നു.

അഭയം!
ആദ്യം കണ്ടത് ദക്ഷിണകൊറിയയുടെ യോന്‍പ്യോങ് ദ്വീപാണ്. അവര്‍ സെര്‍ച്ച് ലൈറ്റ് തെളിച്ചു. വൈകാതെ ഒരു ദക്ഷിണകൊറിയന്‍ നാവിക കപ്പല്‍ അടുത്തേക്ക് ഒഴുകിയെത്തി. ദക്ഷിണകൊറിയയിലേക്ക് അഭയം തേടി വന്ന ഉത്തരകൊറിയന്‍ മീന്‍പിടുത്തക്കാരാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ സഹായിച്ചു. അങ്ങനെ ഉത്തരകൊറിയയില്‍ എത്തി. നാല് മാസത്തിന് ശേഷം കിം ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ഒരു വര്‍ഷത്തിന് ശേഷം സിയോളിലെ ഹാളില്‍ അവളുടെ ഒന്നാം ജന്മദിനം ആഘോഷിച്ചു. പക്ഷേ, രണ്ട് മാസത്തിനു ശേഷം, ഒരപകടത്തില്‍ അവരിലെ മൂത്ത സഹോദരന്‍ മരിച്ചു. ബാക്കിയുള്ളവര്‍ ദക്ഷിണ കൊറിയയില്‍ ജീവിക്കുകയാണിപ്പോള്‍.
രണ്ടാമത്തെ കുട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച പാര്‍ട്ടിക്കിടയിലാണ് അമേരിക്കന്‍ ചാനലായ സിഎന്‍എന്നിന്റെ രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ ഇവരെ കണ്ടെത്തിയത്.


