നൈജീരിയയിലെ മൈഡുഗുരി നഗരത്തിലെ മസ്ജിദിൽ സന്ധ്യാ നിസ്കാരത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. മൂന്ന് വർഷത്തിന് ശേഷമാണ് ഇത്തരമൊരു വലിയ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്.
അബുജ: നൈജീരിയയുടെ വടക്കുകിഴക്കൻ നഗരമായ മൈഡുഗുരിയിലെ മുസ്ലീം പള്ളിയിൽ നടന്ന സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മൈഡുഗുരിയിലെ ഗാംബോറു മാർക്കറ്റിന് സമീപമുള്ള മുസ്ലീം പള്ളിയിലാണ് ബുധനാഴ്ച വൈകുന്നേരം സ്ഫോടനം നടന്നത്. സന്ധ്യാ നിസ്കാരത്തിനായി വിശ്വാസികൾ മസ്ജിദിലെത്തിയ സമയത്തായിരുന്നു സംഭവം. പള്ളിയുടെ ഉള്ളിൽ വെച്ചിരുന്ന ബോംബാണ് പ്രാർത്ഥനയ്ക്കിടയിൽ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചാവേറാക്രമണമാണ് നടന്നതെന്നും സംശയിക്കുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സംഭവസ്ഥലത്തെത്തിയ പൊലീസ് പരിശോധനകൾ നടത്തി വരികയാണ്.
ബോർണോയുടെ തലസ്ഥാനമായ മൈഡുഗുരി ദീർഘകാലമായി കലാപ കേന്ദ്രമായാണ് അറിയപ്പെടുന്നത്. എന്നാൽ കഴിഞ്ഞ 3 വർഷമായി നഗരത്തിൽ വലിയ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.അവസാനമായി 2021-ലാണ് ആക്രമണം നടന്നത്. 2009 മുതൽ തുടരുന്ന ഈ കലാപത്തിൽ ഇതുവരെ കുറഞ്ഞത് 40,000 പേർ കൊല്ലപ്പെടുകയും ഏകദേശം 20 ലക്ഷം പേർ വീടുവിട്ട് കുടിയൊഴിയുകയും ചെയ്തതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ. കലാപത്തിന്റെ വ്യാപ്തി നൈജർ, ചാഡ്, കാമറൂൺ എന്നീ അയൽരാജ്യങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. കുറച്ച് വർഷങ്ങളായി ഏറെക്കുറെ സമാധാന പൂർണമാണെങ്കിലും ഇവിടെ നിന്ന് സൈന്യം പിൻവാങ്ങിയിരുന്നില്ല. ദിവസേന സൈനിക വാഹനങ്ങൾ ഉൾപ്പെടെ പട്രോളിംഗ് നടത്തുന്നുണ്ട്.


