കൂട്ടക്കൊലയ്ക്ക് ആറ് മാസത്തോളം മുൻപ് ഇയാൾ സിഡ്നിയിൽ എത്തിയിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ വിശദമാക്കുന്നത്.

സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അക്രമിയുടെ മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ച് ഭാര്യ. 50കാരനായ സാജിദ് അക്രം മകനും 24കാരനുമായ നവീദ് അക്രം എന്നിവരാണ് ബോണ്ടി ബീച്ചിൽ ജൂത വിഭാഗത്തിൽപ്പെട്ടവർക്ക് നേരെ വെടിയുതിർത്തത്. പൊലീസുകാരുടെ വെടിയേറ്റ് സാജിദ് അക്രം കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ആറ് മാസത്തോളമായി വീടുമായി ബന്ധം പുലർത്താതിരുന്ന സാജിദ് മാസങ്ങളായി സിഡ്നിയിലെ എയർ ബിഎൻബി വീടുകളിലായിരുന്നു തങ്ങിയിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. കൂട്ടക്കൊലയ്ക്ക് ആറ് മാസത്തോളം മുൻപ് ഇയാൾ സിഡ്നിയിൽ എത്തിയിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ വിശദമാക്കുന്നത്. കൂട്ടക്കൊലയ്ക്കിടെ കൊല്ലപ്പെട്ട 50 കാരനായ അക്രമിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് ഭാര്യ വിശദമാക്കിയത്. ഇതോടെ ഇയാളുടെ സംസ്കാര ചടങ്ങിന്റെ ചെലവുകളും ഓസ്ട്രേലിയൻ സർക്കാർ വഹിക്കേണ്ടി വരും.

ഐഎസ്ഐഎസ് പ്രേരിതമായ കൂട്ടക്കൊല നടന്നത് ഡിസംബർ 14ന്

ഐഎസ്ഐഎസ് പ്രേരിതമായ കൂട്ടക്കൊലയാണ് ഡിസംബർ 14ന് ജൂത മത വിശ്വാസികളുടെ ഹനൂക്ക ആചരണത്തിനിടെ നടന്നത്. 15ലേറെ പേരാണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. സിഡ്നിയിൽ ആക്രമണം നടത്തുന്നതിന് ആഴ്ചകൾക്ക് മുൻപ് ഇവർ ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനം ഏറെ സജീവമായ മേഖലയിലേക്കാണ് സാജിദ് അക്രമും നവീദ് അക്രമും ഫിലിപ്പീൻസിൽ പോയത്. ജെർവിസ് ബേയിലേക്ക് വാരാന്ത്യ ട്രിപ്പിന് പോകുന്നുവെന്ന് വിശദമാക്കിയാണ് അച്ഛനും മകനും ക്രൂരകൃത്യത്തിന് പുറപ്പെട്ടതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവർ എത്തിയ കാറിൽ നിന്ന് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. 

ഹൈദരബാദിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ വ്യക്തിയാണ് സാജിദ് അക്രം. 1998ലാണ് സാജിദ് ഓസ്ട്രേലിയയിൽ എത്തിയത്. കൊറോണേഴ്സ് ഓഫീസിന് കീഴിലുള്ള മോർച്ചറിയിലാണ് ഇയാളുടെ മൃതദേഹം നിലവിലുള്ളത്. ബോണ്ടി ആക്രമണത്തിൽ പങ്കെടുത്തവർ ഫിലിപ്പീൻസിലെത്തിയ സമയത്ത് തന്നെ രണ്ട് ഓസ്ട്രേലിയൻ സ്വദേശികളും ഫിലിപ്പീൻസിലെത്തിയത് അന്വേഷിക്കുമെന്നാണ് ഓസ്ട്രേലിയൻ പൊലീസ് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം