ഇറാനിലെ സുരക്ഷാ സാഹചര്യം വഷളായതിനാലും അമേരിക്കൻ സൈനിക നടപടിയുണ്ടായേക്കാമെന്ന ഭീഷണിയുടെ പശ്ചാത്തലത്തിലുമാണ് നടപടി

സ്റ്റോക്ക്ഹോം: ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്ക ആശങ്ക ശക്തമാകുന്നതിനിടെ തങ്ങളുടെ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ നിർദേശം നൽകി സെർബിയയും സ്വീഡനും. ഇറാനിലെ സുരക്ഷാ സാഹചര്യം വഷളായതിനാലും അമേരിക്കൻ സൈനിക നടപടിയുണ്ടായേക്കാമെന്ന ഭീഷണിയുടെ പശ്ചാത്തലത്തിലുമാണ് നടപടി. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ആണവ പദ്ധതിക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നീക്കം. നേരത്തെ ഇറാനിലെ ഭരണകൂടം രാജ്യത്തെ പ്രതിഷേധങ്ങളെ അക്രമാസക്തമായി അടിച്ചമർത്താൻ തുടങ്ങിയതോടെ, ജനുവരി പകുതിയോടെ തന്നെ സെർബിയ പൗരന്മാരോട് ഇറാൻ വിടാനും യാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടിരുന്നു.

ഇറാനിലെ സുരക്ഷാ സാഹചര്യം മോശമായതിനാൽ അവിടേക്ക് യാത്ര ചെയ്യരുതെന്ന് സെർബിയൻ വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ യാത്ര ഒഴിവാക്കണമെന്നാണ് സെർബിയ ഔദ്യോഗിക വെബ്സൈറ്റിൽ പങ്കുവച്ച പ്രസ്താവനയിൽ പറയുന്നത്. ഇറാനിലുള്ള എല്ലാ സ്വീഡിഷ് പൗരന്മാരും എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് സ്വീഡനും ആവശ്യപ്പെട്ടു. സ്വീഡിഷ് വിദേശകാര്യ മന്ത്രി മരിയ മാൽമർ സ്റ്റെനർഗാർഡാണ് പൗരന്മാരോട് ഇറാൻ വിടാൻ അഭ്യർത്ഥിച്ചത്.

തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയുമായി വേഗത്തിൽ ഒരു കരാറിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു ഇറാനുണ്ടായിരുന്നത്. ഇതിനിടയിലാണ് ടെഹ്‌റാനുമേൽ സമ്മർദ്ദം ചെലുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മിഡിൽ ഈസ്റ്റിൽ വലിയ രീതിയിൽ നാവികസേനയും യുദ്ധ വിമാനങ്ങളേയും വിന്യസിച്ചു. പിന്നാലെ യുറേനിയം സമ്പുഷ്ടീകരണം നിർത്തി വെക്കില്ലെന്ന് ഇറാനും വ്യക്തമാക്കി. തങ്ങളുടെ ആണവ സംവിധാനം ബോംബുകൾ കൊണ്ട് തകർക്കാനാകില്ലെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി വിശദമാക്കിയത്. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടിയുണ്ടാകുമെന്ന് വെള്ളിയാഴ്ച ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പല രാജ്യങ്ങളും പൗരന്മാരോട് ഇറാൻ വിടാൻ നിർദേശിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം