അമേരിക്കയിൽ പൊതുസ്ഥലത്ത് വെടിവെയ്പ്പ്. എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു.
വാഷിങ്ടൺ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവെയ്പ്പ്. എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. ലുയീസിയാനയിലെ ഷ്രെവെപോർട്ടിൽ ആണ് സംഭവം. 3 വീടുകളിലായി ഒന്നിനും പതിനാലിനും ഇടയിൽ പ്രായമുളള കുട്ടികൾ ആണ് കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു. കുടുംബ തർക്കമെന്ന നിഗമനത്തിലാണ് പൊലീസ്.
ഷമർ എൽക്കിൺസ് എന്ന 31 വയസ്സുകാരനാണ് അക്രമി. കൊല്ലപ്പെട്ട ഏഴ് കുട്ടികൾ ഇയാളുടെ മക്കളാണ്. ഷമർ എൽക്കിൺസും ഭാര്യയും തമ്മിൽ ഏറെക്കാലമായി വഴക്കിലായിരുന്നു. മുൻപും ഇയാൾ കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. കുട്ടികൾ പഠിക്കുന്ന സ്കൂളിന് സമീപമെത്തി വെടിയുതിർക്കുകയാണ് അന്ന് ചെയ്തത്. ഷമർ എൽക്കിൺസ് ഒരു മുൻ സൈനികനാണ്. അന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും കേസെടുത്ത് പിന്നീട് വിട്ടയക്കുകയുമാണ് ചെയ്തത്.
ഇത്തവണ കുട്ടികളെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആയുധവുമായി ഭാര്യയുടെ വീട്ടിലേക്കാണ് ആദ്യമെത്തിയത്. ഇയാളുടെ ഭീഷണി ഉള്ളതിനാൽ തന്നെ ഭാര്യ കുട്ടികളെ മറ്റൊരാളെയാണ് നോക്കാൻ ഏൽപ്പിച്ചിരുന്നത്. ഭാര്യയുടെ വീട്ടിലെത്തിയ അക്രമി ഭാര്യയെ ആദ്യം വെടിവെച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ ഇവർ അതീവ ഗുരുതര നിലയിൽ ആശുപത്രിയിൽ തുടരുകയാണ്. ശേഷം കുട്ടികളുള്ള വീട് അക്രമി തേടിപ്പിടിച്ച് എത്തുകയായിരുന്നു. അവിടെ അക്രമിയുടെ ഏഴ് മക്കളും കുട്ടികളെ നോക്കാൻ ഏൽപ്പിച്ചിരുന്ന സ്ത്രീകളുടെ ഒമ്പത് മക്കളുമാണ് ഉണ്ടായിരുന്നത്. ഇതിൽ എട്ട് കുട്ടികളെയും അക്രമി വെടിവെച്ചുകൊന്നു. നോക്കാൻ ഏൽപ്പിച്ചിരുന്ന സ്ത്രീയുടെ തലയ്ക്കും വെടിയേറ്റു. ഇവർ ഗുരുതര നിലയിൽ ആശുപത്രിയിലാണ്. ഒരു കുട്ടി അക്രമിയുടെ വെടിയേറ്റെങ്കിലും കെട്ടിടത്തിൻ്റെ ജനാലയിലൂടെ ചാടി. ഈ കുട്ടിയുടെ രണ്ട് കാലുകളും ഒടിഞ്ഞിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമി ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് വെടിവെച്ചു കൊന്നു.

