2023-ൽ സിയാറ്റിലിൽ നടന്ന അപകടത്തെ തുടർന്നുണ്ടായ അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്കൊടുവിലാണ് ഈ തീരുമാനം. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.
വാഷിങ്ടണ്: യുഎസിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട 23 വയസ്സുകാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി ജാഹ്നവി കണ്ടുലയുടെ കുടുംബത്തിന് 29 ദശലക്ഷം ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം. ജാഹ്നവിയുടെ മരണം ഹൃദയഭേദകമാണെന്നും ഈ തുക കുടുംബത്തിന് സഹായകരമാകുമെന്ന് കരുതുന്നുവെന്നും സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പറഞ്ഞു. ജാഹ്നവിയുടെ ജീവിതം കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ സമൂഹത്തിനും ഏറെ വിലപ്പെട്ടതായിരുന്നുവെന്നും നഷ്ടപരിഹാരം പ്രഖ്യാപിച്ച് അറ്റോർണി പറഞ്ഞു.
2023ലാണ് ജാഹ്നവി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ പൊലീസ് വാഹനം ഇടിച്ച് കൊല്ലപ്പെട്ടത്. സിയാറ്റിലിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു ജാഹ്നവി. പൊലീസ് ഓഫീസർ കെവിൻ ഡേവ് ഓടിച്ച വാഹനം 119 കിലോ മീറ്റർ വേഗതയിലായിരുന്നു. 40 കിലോ മീറ്റർ വേഗ പരിധിയുള്ള സ്ഥലത്താണ് ഇത്രയും അമിത വേഗതയിൽ ഓഫീസർ വാഹനം ഓടിച്ചത്.
ജാഹ്നവിയുടെ മരണം അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. അപകടത്തിന് ശേഷം മറ്റൊരു പൊലീസ് ഓഫീസറായ ഡാനിയൽ ഔഡറർ, ജാഹ്നവിയുടെ ജീവിതത്തിന് 'പരിമിതമായ മൂല്യം' മാത്രമേയുള്ളൂവെന്നും നഗരസഭ ഒരു 'ചെക്ക് എഴുതി നൽകിയാൽ' പ്രശ്നം തീരുമെന്നും പരിഹസിച്ച് ചിരിക്കുന്ന ബോഡിക്യാം ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. ഔഡററെ പിന്നീട് ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
നഷ്ടപരിഹാരമായി തീരുമാനിച്ച 29 ദശലക്ഷം ഡോളറിൽ 20 ദശലക്ഷം ഡോളർ ഇൻഷുറൻസ് തുകയിൽ നിന്നാണ് നൽകുന്നത്. വാഹനം ഓടിച്ച കെവിൻ ഡേവിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിരുന്നില്ല. എന്നാൽ ഇയാളെ പിന്നീട് സർവീസിൽ നിന്ന് പുറത്താക്കി.


