യുഎസ് ആണവ, വ്യോമയാന ഗവേഷണങ്ങളുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള ശാസ്ത്രവിവരങ്ങള്‍ കൈകാര്യം ചെയ്ത പത്തിലധികം പേരാണ് ഈയടുത്തായി മരിക്കുകയോ കാണാതാവുകയോ ചെയ്തത്. അടിമുടി ദുരൂഹത;അവര്‍ക്കെന്തുപറ്റി? വിവാദം, അന്വേഷണം

മസാച്യുസെറ്റ്സിലെ വീടിന് പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ആണവ ശാസ്ത്രജ്ഞന്‍. ന്യൂ മെക്‌സിക്കോയിലെ വീട്ടില്‍ നിന്ന് കാണാതായ റിട്ടയേര്‍ഡ് എയര്‍ഫോഴ്‌സ് ജനറല്‍; ലോസ് ഏഞ്ചല്‍സില്‍ കാല്‍നടയാത്രയ്ക്കിടെ അപ്രത്യക്ഷനായ എയറോസ്‌പേസ് എഞ്ചിനീയര്‍-യുഎസ് ആണവ, വ്യോമയാന ഗവേഷണങ്ങളുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള ശാസ്ത്രവിവരങ്ങള്‍ കൈകാര്യം ചെയ്ത പത്തിലധികം പേരാണ് ഈയടുത്തായി മരിക്കുകയോ കാണാതാവുകയോ ചെയ്തത്. ഈ സംഭവങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഈ മരണങ്ങള്‍ക്കും കാണാതാവലുകള്‍ക്കും പിന്നില്‍ മറ്റാരെങ്കിലു്മുണ്ടോ?

ഈ വിഷയമാണ് അമേരിക്കയില്‍ ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യുന്നത്. പ്രസിഡന്റ് ട്രംപ് തന്നെ ഈ വിഷയത്തില്‍ ഇടപെട്ടുകഴിഞ്ഞു. വളരെ ഗൗരവകരമായ വിഷയമാണിത് എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. ഫെഡറല്‍ ഏജന്‍സികളുമായി ചേര്‍ന്ന് ഈ സംഭവങ്ങള്‍ അന്വേഷിക്കുന്നതായി കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.ട്രംപിന്റെ നിര്‍ദേശ പ്രകാരം, എഫ്ബിഐ ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഊര്‍ജ മന്ത്രാലയം, യുദ്ധകാര്യ മന്ത്രാലയം, നിയമപാലന ഏജന്‍സികള്‍ എന്നിവരുമായി ചേര്‍ന്നാണ് അന്വേഷണം. അമേരിക്കന്‍ കോണ്‍ഗ്രസിലെ ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയും ഈ വിഷയം അന്വേഷിക്കുന്നുണ്ട്. ഈ മരണങ്ങള്‍ക്കും തിരോധാനങ്ങള്‍ക്കും പിന്നില്‍ അസ്വാഭാവിക ഇടപെടലുകള്‍ ഉണ്ടെന്ന ചര്‍ച്ചകള്‍ക്കിടയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍, ഇൗ സംഭവങ്ങള്‍ യാദൃശ്ചികമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ഈ കേസുകള്‍ ഓരോന്നും വ്യത്യസ്തമായ സാഹചര്യങ്ങളിലുള്ളതാണ്. ചിലത് തെളിയിക്കപ്പെടാത്ത കൊലപാതകങ്ങളാണെങ്കില്‍, മറ്റു ചിലത് പ്രത്യക്ഷത്തില്‍ അസ്വാഭാവികതകളില്ലാത്ത തിരോധാനങ്ങളാണ്. പറയപ്പെടുന്ന രണ്ട് കേസുകളിലെങ്കിലും, ആരോഗ്യപ്രശ്‌നങ്ങളോ വ്യക്തിപരമായ പ്രയാസങ്ങളോ ആണ് കാരണമായി കുടുംബങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കേസുകള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുമില്ല. എങ്കിലും അമേരിക്കന്‍ സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം കത്തിക്കയറുകയാണ്. പറക്കുംതളികകള്‍ അടക്കമുള്ള വിഷയങ്ങള്‍ പഠിച്ചിരുന്നവരാണ് ഇതിലുള്‍പ്പെട്ടത് എന്നതിനാല്‍, ആ നിലയ്ക്കും ഉഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ദൂരൂഹമായ കാണാതാവലുകള്‍, പൊടുന്നനെയുള്ള മരണങ്ങള്‍

ദുരൂഹമായ ഈ സംഭവങ്ങള്‍ ആരംഭിച്ചത് മൈക്കല്‍ ഡേവിഡ് ഹിക്‌സ് എന്ന ശാസ്ത്രജ്ഞന്റെ മരണത്തോടെയാണെന്ന് ഇക്കാര്യം അന്വേഷിച്ച കോണ്‍ഗ്രസ് കമ്മിറ്റി വ്യക്തമാക്കുന്നു. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ (JPL) 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ച 59 വയസ്സുകാരനായ ഹിക്‌സ് 2023 ജൂലൈ 30-നാണ് മരിച്ചത്. ധൂമകേതുക്കളെയും ഛിന്നഗ്രഹങ്ങളെയും കുറിച്ചുള്ള പഠനങ്ങള്‍ക്കിടയിലാണ് അദ്ദേഹം മരിച്ചത്. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. തന്റെ പിതാവ് ചില ആരോഗ്യപ്രശ്‌നങ്ങളുമായി മല്ലിടുകയായിരുന്നുവെന്നും ഇപ്പോഴത്തെ ഊഹാപോഹങ്ങള്‍ ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹത്തിന്റെ മകള്‍ ജൂലിയ ഹിക്‌സ് സിഎന്‍എന്നിനോട് പറഞ്ഞു.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇതേ സ്ഥാപനവുമായി ബന്ധപ്പെട്ട പലരും മരിക്കുകയോ കാണാതാവുകയോ ചെയ്തു. ബഹിരാകാശ ഗവേഷണ വിദഗ്ധനായിരുന്ന ഫ്രാങ്ക് മൈവാള്‍ഡ് 2024-ല്‍ 61-ാം വയസ്സില്‍ ലോസ് ഏഞ്ചല്‍സില്‍ മരിച്ചു. 60 വയസ്സുള്ള എയറോസ്‌പേസ് എഞ്ചിനീയര്‍ മോണിക്ക റെസയെ 2025 ജൂണില്‍ ലോസ് ഏഞ്ചല്‍സിലെ വനത്തില്‍ കാല്‍നടയാത്രയ്ക്കിടെ കാണാതായി. നാസ ലാബിന്റെ മെറ്റീരിയല്‍സ് പ്രോസസ്സിംഗ് ഗ്രൂപ്പ് ഡയറക്ടറായിരുന്നു ഇവര്‍.

പെന്റഗണിന്റെ അതീവ വിപുലമായ എയറോസ്‌പേസ് ഗവേഷണങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന റിട്ടയേര്‍ഡ് എയര്‍ഫോഴ്‌സ് മേജര്‍ ജനറല്‍ വില്യം നീല്‍ മക്കാസ്ലാന്‍ഡിനെയും ഇതിനിടെ കാണാതായി. ഫെബ്രുവരി 27-ന് ന്യൂ മെക്‌സിക്കോയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ അദ്ദേഹത്തെ പിന്നീട് ആരും കണ്ടിട്ടില്ല. ഫോണ്‍, കണ്ണട, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ വീട്ടില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. എഫ്.ബി.ഐ നിലവില്‍ ഇദ്ദേഹത്തിന്റെ തിരോധാനം അന്വേഷിക്കുന്നുണ്ട്. റൈറ്റ്-പാറ്റേഴ്‌സണ്‍ എയര്‍ഫോഴ്‌സ് ബേസിലെ എയര്‍ഫോഴ്‌സ് റിസര്‍ച്ച് ലബോറട്ടറിയുടെ കമാന്‍ഡറായും പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം അപ്രത്യക്ഷനായി മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

ഇതേ സമയത്തുതന്നെയാണ് ന്യൂ മെക്‌സിക്കോയിലെ പ്രമുഖ ആണവ ഗവേഷണ കേന്ദ്രമായ ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറിയില്‍ ജോലി ചെയ്തിരുന്ന രണ്ട് പേരെയും കാണാതായത്. 53-കാരിയായ മെലിസ കാസിയസിനെ 2025 ജൂണില്‍ ന്യൂ മെക്‌സിക്കോയിലെ താല്‍പ്പയ്ക്ക് സമീപമുള്ള ഹൈവേയിലൂടെ നടന്നുപോകുന്നതാണ് അവസാനമായി കണ്ടത്. സ്വന്തം സാധനങ്ങള്‍ വീട്ടില്‍ ഉപേക്ഷിച്ച നിലയിലായിരുന്നുവെന്നും അവരുടെ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്ത നിലയിലായിരുന്നുവെന്നും എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ലാബിലെ മുന്‍ ഫോര്‍മാന്‍ 78 വയസ്സുള്ള ആന്റണി ഷാവേസിനെ 2025 മെിലാണ് കാണാതായത്. തിരച്ചില്‍ നടത്തിയെങ്കിലും അദ്ദേഹം എങ്ങോട്ട് പോയി എന്നതിനെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല.

കഴിഞ്ഞ മാസങ്ങളില്‍ നടന്ന പ്രശസ്തരായ മറ്റു ചില ശാസ്ത്രജ്ഞരുടെ മരണങ്ങളും ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (MIT) പ്രൊഫസറായ നുനോ എഫ്.ജി. ലൂറെയ്റോ 2025 ഡിസംബറില്‍ ബോസ്റ്റണിലെ തന്റെ വീടിന് സമീപം വെടിയേറ്റ് കൊല്ലപ്പെട്ടു. ബ്രൗണ്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ രണ്ട് വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊന്ന അതേയാള്‍ തന്നെയാണ് 47-കാരനായ ഇദ്ദേഹത്തെയും വധിച്ചത്. ഫിസിസിസ്റ്റും ഫ്യൂഷന്‍ ശാസ്ത്രജ്ഞനുമായിരുന്നു ലൂറെയ്റോ. എംഐടിയിലെ പ്ലാസ്മ സയന്‍സ് ആന്‍ഡ് ഫ്യൂഷന്‍ സെന്ററിന്റെ തലവനായിരുന്ന അദ്ദേഹം 'ശുദ്ധമായ ഊര്‍ജ്ജ' സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായുള്ള നിര്‍ണ്ണായക ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു.

ഫെബ്രുവരിയിലാണ് ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ വെച്ച് 67-കാരനായ കാള്‍ ഗ്രില്‍മെയര്‍ വെടിയേറ്റ് മരിച്ചത്. മുന്‍പരിചയമില്ലാത്ത ഒരാളെ ഈ കേസില്‍ അറസ്റ്റ് ചെയ്തു. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ആസ്‌ട്രോഫിസിസിസ്റ്റ് നാസയുമായി സഹകരിച്ചിരുന്നു. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായുള്ള പഠനങ്ങളിലൂ2െ ശ്രദ്ധേയനായിരുന്നു.

2024-ല്‍ മുന്‍ യുഎസ് എയര്‍ഫോഴ്‌സ് ഇന്റലിജന്‍സ് ഓഫീസറായ മാത്യു ജെയിംസ് സള്ളിവന്‍ (39) മരപ്പെട്ട സംഭവവും ഇതോടൊപ്പം കൂട്ടിവായിക്കുന്നുണ്ട്. പറക്കും തളികകളെ (UFO) സംബന്ധിച്ച ഒരു കേസില്‍ സാക്ഷി പറയുന്നതിന് തൊട്ടുമുമ്പാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. സള്ളിവന്റെ മരണം സംശയാസ്പദമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് മിസോറിയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം എറിക് ബര്‍ലിസണ്‍ എഫ്ബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2022-ല്‍ നടന്ന ആമി എസ്‌ക്രിഡ്ജിന്റെ മരണവും ചര്‍ച്ചകളിലുണ്ട്. അലബാമയിലെ ഹണ്ട്സ്വില്ലിലുള്ള 'ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്‌സോട്ടിക് സയന്‍സിന്റെ' സഹസ്ഥാപകയായിരുന്നു 34-കാരിയായ ആമി. ഇവര്‍ അതീവ ബുദ്ധിശാലിയായ വ്യക്തിയായിരുന്നുവെന്നും എന്നാല്‍ വിട്ടുമാറാത്ത ശാരീരിക വേദനകളാല്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും കുടുംബം സിഎന്‍എന്നിനോട് പറഞ്ഞു.

ഈ ദുരൂഹതകള്‍ ചുരുളഴിയുമോ?

ഈ മരണങ്ങളും തിരോധാനങ്ങളും വെറും യാദൃശ്ചികത മാത്രമാകുമെന്ന് പ്രത്യാശിക്കുന്നതായി പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് പറഞ്ഞു. 'ഇത് ആകസ്മികമാണെന്ന് ഞാന്‍ കരുതുന്നു. എങ്കിലും അടുത്ത ഒന്നര ആഴ്ചയ്ക്കുള്ളില്‍ ഇതിന്റെ സത്യാവസ്ഥ അറിയാന്‍ കഴിയും' വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു യോഗം ചേര്‍ന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ യോഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈറ്റ് ഹൗസ് തയ്യാറായില്ല.

ഈ കേസുകളെല്ലാം സമഗ്രമായി പരിശോധിക്കാനും അവ തമ്മില്‍ എന്തെങ്കിലും സാമ്യതകളുണ്ടോ എന്ന് കണ്ടെത്താനും വൈറ്റ് ഹൗസ് എഫ്.ബി.ഐയുമായും മറ്റ് ഏജന്‍സികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലീവിറ്റ് വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

'ഈ സംഭവങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അനുമതി, വിദേശ ശക്തികളുടെ ഇടപെടല്‍ എന്നിവയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നതായി എഫ്ബിഐ ഡയരക്ടര്‍ കാഷ് പട്ടേല്‍ അറിയിച്ചു.

ഈ ശാസ്ത്രജ്ഞരുടെ മരണത്തിലും തിരോധാനത്തിലും അന്വേഷണം നടത്തുമെന്ന് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്കിടയില്‍ 'ഭയാനകമായ എന്തോ ഒരു ബന്ധം' ഉണ്ടായേക്കാമെന്ന് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ, പ്രതിരോധ വകുപ്പ്, ഊര്‍ജ്ജ വകുപ്പ്, നാസ എന്നിവരോട് റിപ്പോര്‍ട്ട് തേടിയതായും കമ്മിറ്റി വ്യക്തമാക്കി.

ഈ വിഷയത്തില്‍ ഹൗസ് കമ്മിറ്റിയുമായി നേരിട്ട് ചര്‍ച്ച ചെയ്യുമെന്ന് യു എസ് പ്രതിരോധ വകുപ്പ് അറിയിച്ചു. ഊര്‍ജ്ജ വകുപ്പ് ഇക്കാര്യം വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍, വിവിധ ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി നാസ എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഇതൊരു യാദൃശ്ചികതയാകാന്‍ സാധ്യത വളരെ കുറവാണെന്നാണ് ഹൗസ് ഓവര്‍സൈറ്റ് ചെയര്‍മാനും റിപ്പബ്ലിക്കന്‍ നേതാവുമായ ജെയിംസ് കോമര്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞത്. എന്നാല്‍, ഈ കേസുകള്‍ക്ക് പിന്നില്‍ ആസൂത്രിത ലക്ഷ്യമുണ്ടെന്ന് വിശ്വസിക്കുന്നല്ലെന്ന് കമ്മിറ്റി അംഗവും ഡെമോക്രാറ്റ് പ്രതിനിധിയുമായ ജെയിംസ് വാക്കിന്‍ഷോ പറഞ്ഞു. ഈ വിഷയത്തില്‍ അന്വേഷണം വേണം, എന്നാല്‍, ഊഹാപോഹങ്ങളില്‍ വിശ്വസിക്കുന്നില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 'അമേരിക്കയില്‍ ആയിരക്കണക്കിന് ആണവ ശാസ്ത്രജ്ഞരും വിദഗ്ധരുമുണ്ട്. പത്ത് വ്യക്തികളെ ലക്ഷ്യം വെച്ച് ഒരു വിദേശ ശത്രുവിന് സ്വാധീനിക്കാന്‍ കഴിയുന്നതല്ല നമ്മുടെ ആണവപദ്ധതി'-അദ്ദേഹം കഴിഞ്ഞ ദിവസം സിഎന്‍എന്നിനോട് പറഞ്ഞു.