ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിലെ പ്രസംഗത്തിനുശേഷം എംബസിയിലേക്ക് തിരികെ മടങ്ങുന്നതിനിടെയാണ് ന്യൂയോർക്ക് പൊലീസ് മാക്രോണിനെ തടഞ്ഞത്. വിവരം അറിഞ്ഞതോടെ തമാശ രൂപേണ മാക്രോൺ സ്പോട്ടിൽ ട്രംപിനെ ഫോണിൽ വിളിച്ചു.
ന്യൂയോർക്ക്: ന്യൂയോര്‍ക്ക് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ കുടുങ്ങി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി എല്ലാ റോഡുകളും അടച്ചതോടെയാണ് ഇമ്മാനുവൽ മാക്രോൺ ന്യൂയോർക്കിലെ തെരുവിൽ കുടുങ്ങിയത്. ഒടുവില്‍ ട്രംപിനെ ഫോണില്‍ വിളിച്ച് കാൽ നടയായി യാത്ര തുടർന്ന് മക്രോണ്‍. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിലെ പ്രസംഗത്തിനുശേഷം എംബസിയിലേക്ക് തിരികെ മടങ്ങുന്നതിനിടെയാണ് ന്യൂയോർക്ക് പൊലീസ് മാക്രോണിനെ തടഞ്ഞത്.
ഇതോടെ വാഹനത്തിൽ നിന്നിറങ്ങി മാക്രോൺ പൊലീസിനോട് എന്തിനാണ് വാഹനം തടഞ്ഞതെന്ന് ചോദിച്ചറിഞ്ഞു. വിവരം അറിഞ്ഞതോടെ തമാശ രൂപേണ മാക്രോൺ സ്പോട്ടിൽ ട്രംപിനെ ഫോണിൽ വിളിച്ചു. റോഡിലെ ബാരിക്കേഡിന് മുന്നിൽ നിന്നായിരുന്നു മക്രോണിന്‍റെ ഫോൺ വിളിയും പൊലീസിനോടുള്ള ഇടപെടലും. ട്രംപിനോട് മാക്രോൺ സുഖമാണോ എന്ന് കുശലാന്വേഷണം നടത്തുന്നതും, താങ്കൾക്ക് പോകാനായി റോഡ് അടച്ചിരിക്കുന്നതിനാൽ താൻ തെരുവിൽ കാത്തുനിൽക്കുകയാണെന്ന് പറയുന്നതും പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം.
ഇതിനിടെ ട്രംപിന്‍റെ വാഹനവ്യൂഹം കടന്നു പോകുന്നതും കാണാം. പിന്നാലെ പൊലീസ് റോഡ് തുറന്നുകൊടുത്തെങ്കിലും മാക്രോൺ വാഹനത്തിൽ കയറാതെ ഫോൺ ചെയ്ത് മുന്നോട്ട് പോവുകയായിരുന്നു. വലിയ സുരക്ഷാ സന്നാഹങ്ങളില്ലാതെ നടന്ന് പോകുന്ന മാക്രോണിനെ കണ്ട് നിരവധി പേർ ഫോട്ടോയെടുക്കാനും ആശംസ നേരാനുമെത്തി. ഒരാൾ മക്രോണിനെ ആലിംഗനം ചെയ്യുന്നതിന്‍റെയും ചുംബിക്കുന്നതിന്‍റെയും വീഡിയോയും സോഷ്യൽ മീഡയയിൽ വൈറലായിട്ടുണ്ട്.


