ഊര്‍ജ്ജ രംഗത്ത് സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെ രണ്ട് പതിറ്റാണ്ടായി നടത്തുന്ന ബദല്‍ ശ്രമങ്ങളാണ് ചൈനയ്ക്കിപ്പോള്‍ ഗുണകരമായത്. തങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജത്തിന്റെ 15% മാത്രമാണ് ഇപ്പോള്‍ ചൈന ഇറക്കുമതി ചെയ്യുന്നതെന്നാണ് കണക്കുകള്‍.
ബീജിംഗ്: ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുള്ള ഊര്‍ജപ്രതിസന്ധിയില്‍ ലോകം നട്ടം തിരിയുമ്പോള്‍ ഒട്ടും കൂസലില്ലാതെ മുന്നോട്ടുപോകയാണ് ചൈന. ഊര്‍ജ്ജ രംഗത്ത് സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെ രണ്ട് പതിറ്റാണ്ടായി നടത്തുന്ന ബദല്‍ ശ്രമങ്ങളാണ് ചൈനയ്ക്കിപ്പോള്‍ ഗുണകരമായത്. തങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജത്തിന്റെ 15% മാത്രമാണ് ഇപ്പോള്‍ ചൈന ഇറക്കുമതി ചെയ്യുന്നതെന്നാണ് കണക്കുകള്‍.
ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, രാജ്യാന്തര ഊര്‍ജമേഖലയിലെ മാറ്റങ്ങളുടെ പ്രത്യാഘാതം കുറയ്ക്കുക എന്നിവയായിരുന്നു ഈ സമഗ്ര പദ്ധതിയുടെ ലക്ഷ്യം. കാറ്റ്, സൗരോര്‍ജ്ജം, ജലവൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ കാര്യക്ഷമമാക്കുകയായിരുന്നു ആദ്യപടി. ഒപ്പം, കടലിലും കരയിലുമുള്ള എണ്ണപ്പാടങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ ഖനനം നടത്തി. കൂടുതല്‍ എണ്ണ വിതരണത്തിനായി വിവിധ രാജ്യങ്ങളുമായി കരാറുകളില്‍ ഏര്‍പ്പെട്ടു. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുള്ള എണ്ണ പ്രതിസന്ധിയില്‍ ചൈന ഉലയാതെ നില്‍ക്കുന്നത് ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നാണ് യുഎസ് ചാനലായ സിഎന്‍എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ദീര്‍ഘകാല തന്ത്രങ്ങള്‍, ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍
പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ പ്രത്യേക താല്‍പ്പര്യത്തിലാണ് ഊര്‍ജസ്വയം പര്യാപ്തതയ്ക്കായി രണ്ട് പതിറ്റാണ്ടായി വന്‍കിട നീക്കങ്ങള്‍ നടന്നത്. മുന്‍ഗാമികള്‍ എണ്ണ-വാതക സ്രോതസ്സുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, പുറംലോകത്തെ ആശ്രയിക്കുന്നത് പൂര്‍ണ്ണമായും കുറയ്ക്കാനായിരുന്നു ഷി ജിന്‍പിംഗിന്റെ ശ്രമം. 'ഏറ്റവും മോശം സാഹചര്യം മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ആസൂത്രണങ്ങളും തന്ത്രങ്ങളും പിന്തുടരണം' എന്നതാണ് ഷി ജിന്‍പിംഗിന്റെ നയം. ഇതാണിപ്പോള്‍ ഫലം കണ്ടതെന്ന് സിഎന്‍എന്‍ വിശകലനം വ്യക്തമാക്കുന്നു.
മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ ഇന്ധനക്ഷാമത്തെ തുടര്‍ന്ന് നെട്ടോട്ടമോടുമ്പോള്‍, ചൈന സ്വന്തം ഊര്‍ജസമ്പത്ത് കൊണ്ട് ഇതിനെ നേരിടുകയാണ്. ചൈനയുടെ വ്യവസായ മേഖലയുടെ ഭൂരിഭാഗവും ആഭ്യന്തര ഊര്‍ജ്ജം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളാണ് ഇവിടെ ഏറെയും. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, ഇലക്ട്രിക് വാഹനങ്ങള്‍ എന്നീ ലക്ഷ്യങ്ങളില്‍നിന്ന് അമേരിക്ക പിന്നോട്ട് പോകുന്ന സമയത്താണ് ചൈനയുടെ ഈ നേട്ടം. ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ട് രാജ്യങ്ങള്‍ പിന്തുടരുന്ന പരസ്പരവിരുദ്ധമായ മാതൃകകളാണ് ഇത് കാണിക്കുന്നതെന്ന് സിഎന്‍എന്‍ വ്യക്തമാക്കുന്നു.
ആരെയും ആശ്രയിക്കാതിരിക്കാനുള്ള മുന്‍കരുതല്‍
1990-കളുടെ തുടക്കത്തിലാണ് ചൈന ഊര്‍ജ്ജ ഇറക്കുമതി തുടങ്ങിയത്. അന്നുമുതല്‍, സ്വയംപര്യാപ്തതയെക്കുറിച്ചുള്ള ആലോചനകളിലായിരുന്നു അവര്‍. ഗള്‍ഫ് രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് ഭാവിയില്‍ അപകടമാവുമെന്ന് അവര്‍ കണക്കുകൂട്ടി. ഏതെങ്കിലും ശത്രുരാജ്യം ഭാവിയില്‍ ചൈനീസ് ഇന്ധന വിതരണം തടസ്സപ്പെടുത്താന്‍ ഒരുങ്ങിയാല്‍ മലാക്ക കടലിടുക്ക് പോലുള്ള ഇടുങ്ങിയ ജലപാതകള്‍ ഭീഷണിയാകുമെന്ന് നേരത്തെ തിരിച്ചറിഞ്ഞു. കടല്‍ വഴിയുള്ള എണ്ണവിതരണം കുറയ്ക്കുകയായിരുന്നു ഇതിനെ മറികടക്കാനുള്ള ആദ്യപടി. ഗള്‍ഫ് രാജ്യങ്ങള്‍, റഷ്യ, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്ന് കരമാര്‍ഗ്ഗം എണ്ണയും വാതകവും എത്തിക്കാന്‍ വന്‍തുക ചെലവിട്ട് പൈപ്പ് ലൈനുകള്‍ നിര്‍മ്മിച്ചു. ഇന്ധന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുകയും ചെയ്തു.
ഉള്‍പ്രദേശങ്ങളിലും കടലോരങ്ങളിലും സൗരോര്‍ജ്ജ-കാറ്റാടി നിലയങ്ങള്‍ അതിവേഗം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ചൈന. കുറഞ്ഞ ചിലവില്‍ ഇലക്ട്രിക് കാറുകളുടെ ബാറ്ററി നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ ചൈനീസ് കമ്പനികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ഇലക്ട്രിക് വാഹനങ്ങള്‍ പെരുകാന്‍ കാരണമായി. അസംസ്‌കൃത വസ്തുക്കളുടെ വിതരണ ശൃംഖലയിലെ ആധിപത്യം ചൈനയ്ക്ക് ഇതിന് സഹായമായി. ആഗോള ജലവൈദ്യുത ശേഷിയുടെ മൂന്നിലൊന്ന് ഇപ്പോള്‍ത്തന്നെ ചൈനയുടെ കൈയിലാണ്. പടിഞ്ഞാറന്‍ മലയോര മേഖലകളില്‍ വന്‍കിട അണക്കെട്ടുകള്‍ നിര്‍മിച്ച് ഈ ശേഷി ഇനിയും വര്‍ദ്ധിപ്പിക്കുകയാണ് അവര്‍. ന്യൂക്ലിയര്‍ ഫ്യൂഷന്‍, ഗ്രീന്‍ ഹൈഡ്രജന്‍ തുടങ്ങിയ പുതുതലമുറ സാങ്കേതിക വിദ്യകളില്‍ മുന്‍ഗാമികളാകാനും ചൈന തീവ്രശ്രമങ്ങളിലാണ്.
വടക്കന്‍ പ്രവിശ്യകളിലെ വമ്പിച്ച കല്‍ക്കരി നിക്ഷേപങ്ങള്‍ വൈദ്യുത നിലയങ്ങള്‍ക്കും പുനരുപയോഗ ഊര്‍ജ്ജ വിതരണത്തിനും ഏറെ സഹായകമാണ്. വ്യവസായ മേഖലയുടെ വലിയൊരു ഭാഗം പ്രവര്‍ത്തിക്കുന്നത്് പുനരുപയോഗ ഊര്‍ജ്ജം, കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതി എന്നിവയാലാണ്.
റോഡിയം ഗ്രൂപ്പിന്റെ 2025-ലെ പഠനപ്രകാരം, പുതിയ വാഹനങ്ങളില്‍ പകുതിയിലധികവും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് വാഹനങ്ങളാണ്. ഇത് എണ്ണയുടെ ആവശ്യകത പ്രതിദിനം 10 ലക്ഷം ബാരലിലധികം കുറച്ചിട്ടുണ്ട്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ആദ്യ പാദത്തില്‍ ചൈന ഹരിത സാങ്കേതികവിദ്യകളുടെ കയറ്റുമതിയില്‍ വന്‍വര്‍ദ്ധന രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതിയില്‍ 78% വും, ലിഥിയം ബാറ്ററികളില്‍ 50% വും, കാറ്റാടി യന്ത്രങ്ങളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളില്‍ 45% വും വര്‍ദ്ധനവാണുണ്ടായത്.
പുതിയ എണ്ണ പര്യവേക്ഷണങ്ങള്‍, മുന്‍കരുതലുകള്‍
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ മരുഭൂമികളിലും കടല്‍ത്തീരങ്ങളിലും എണ്ണ, ഊര്‍ജപര്യവേക്ഷണം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ചൈനഎണ്ണ ഉല്‍പ്പാദനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു. പഴയ എണ്ണപ്പാടങ്ങളില്‍ നിന്ന് കൂടുതല്‍ ഉല്‍പ്പാദനം നടത്തുക, ബോഹായ് കടലിലെ വിശാലമായ എണ്ണശേഖരങ്ങളില്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുക, പടിഞ്ഞാറന്‍ സിന്‍ജ്യാങ്ങിലെ എണ്ണപ്പാടങ്ങളില്‍ ആഴത്തില്‍ ഖനനം നടത്തുക എന്നീ നടപടികളാണ് സഹായകമായത്.
ഇതോടൊപ്പം, ചൈന തങ്ങളുടെ എണ്ണശേഖരം സുരക്ഷിതമാക്കി സൂക്ഷിക്കുകയും ചെയ്തു. മാര്‍ച്ച് മാസത്തെ കണക്കനുസരിച്ച്, ഏകദേശം 130 കോടി ബാരല്‍ എണ്ണ ചൈന ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന് ട്രേഡ് ഡാറ്റാ സ്ഥാപനമായ കെപ്ലര്‍ കണക്കാക്കുന്നു. മൂന്ന് മാസത്തെ ആവശ്യത്തിന് ഇത് മതി.
ഗ്ലോബല്‍ എനര്‍ജി മോണിറ്റര്‍ എന്ന ഗവേഷണ സ്ഥാപനത്തിന്റെ കണക്കനുസരിച്ച്, പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദനത്തില്‍ ചൈന ബഹുദൂരം മുന്നിലാണ്. തൊട്ടുപിന്നാലെയുള്ള അമേരിക്കയും ഇന്ത്യയും സംയുക്തമായി ഉല്‍പ്പാദിപ്പിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി കാറ്റാടി-സൗരോര്‍ജ്ജം അവര്‍ ഇന്ന് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കല്‍ക്കരിയെ വളരെയധികം ആശ്രയിക്കുന്നുണ്ടെങ്കിലും, ഭാവിയില്‍ കല്‍ക്കരിയെ പിന്നിലാക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
പൂര്‍ണ്ണ സ്വയംപര്യാപ്തത എന്നിട്ടും അകലെ!
എന്നാല്‍, ഇപ്പോഴും ഊര്‍ജരംഗത്ത് അനേകം പ്രതിസന്ധികള്‍ ചൈന അഭിമുഖീകരിക്കുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജ ഇറക്കുമതിക്കാരാണ് ചൈന. ലോകത്തിലെ ഏറ്റവും വലിയ കാര്‍ബണ്‍ പുറന്തള്ളല്‍ രാജ്യവും. ഫോസില്‍ ഇന്ധന ശീലം പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ ചൈനയ്ക്ക് ഇനിയും സാധിച്ചിട്ടില്ല. ചില വ്യവസായങ്ങള്‍ക്കും ഗതാഗതത്തിനും അവ ഇപ്പോഴും ആവശ്യമാണ്.
ഇറാന്‍ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക അസ്ഥിരതകളില്‍ നിന്ന് പൂര്‍ണ്ണമായി രക്ഷപ്പെടാനും ചൈനയ്ക്ക് കഴിഞ്ഞിട്ടില്ല. വിമാന ഇന്ധന വില വര്‍ദ്ധനവ് ചൈനയെയും ബാധിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ന്നു, വിമാനങ്ങള്‍ റദ്ദാക്കി. ഒപ്പം, ഗതാഗത ചെലവ് വര്‍ദ്ധിച്ചു. ആഗോള ചരക്ക് വിലയിലുണ്ടായ വര്‍ദ്ധനവ് ഉല്‍പ്പാദന മേഖലയിലെ വില നിലവാരത്തെ സ്വാധീനിക്കുകയും ചെയ്തു.
ഹോര്‍മുസ് പ്രതിസന്ധിയെ പൂര്‍ണ്ണമായി അതിജീവിക്കാനും ചൈന ബുദ്ധിമുട്ടിയിരുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണയുടെ ഏകദേശം 38% വും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (LNG) 23% വും ചൈനയിലേക്കാണ്. ചൈനയുടെ ഇറക്കുമതി എണ്ണയുടെ പകുതിയോളവും പ്രകൃതിവാതകത്തിന്റെ ആറിലൊന്നും ഈ പാത വഴിയാണ് വരുന്നത്. എങ്കിലും, ചൈന പുതിയ തന്ത്രങ്ങളിലൂടെ ഇത് മറികടക്കുകയാണ് എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.


