ഓസ്‌ട്രേലിയയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. നോർത്ത്ഫീൽഡിലെ വെസ്റ്റ് അവന്യൂവിലുള്ള വസതിയിൽ സുപ്രിയ താക്കൂർ (36) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് വിക്രാന്ത് താക്കൂറിനെയാണ് (42) സൗത്ത് ഓസ്‌ട്രേലിയൻ പൊലീസ് പിടികൂടിയത്.

അഡലെയ്ഡ്: ഓസ്‌ട്രേലിയയിലെ അഡലെയ്ഡിൽ ഭാര്യയെ കൊലപ്പെടുത്തി ഇന്ത്യൻ വംശജൻ. 36കാരിയായ ഇന്ത്യൻ വംശജയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത്ഫീൽഡിലെ വെസ്റ്റ് അവന്യൂവിലുള്ള വസതിയിൽ സുപ്രിയ താക്കൂർ (36) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് വിക്രാന്ത് താക്കൂറിനെയാണ് (42) സൗത്ത് ഓസ്‌ട്രേലിയൻ പൊലീസ് പിടികൂടിയത്.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് നോർത്ത്ഫീൽഡിലെ ഇവരുടെ വീട്ടിൽ ഗാർഹിക പീഡനം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ സുപ്രിയ വീടിനുള്ളിൽ അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷയും സിപിആറും നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവസ്ഥലത്ത് വെച്ച് തന്നെ വിക്രാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുകയായിരുന്നു.

രജിസ്റ്റേർഡ് നഴ്‌സായി ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിച്ചിരുന്ന സുപ്രിയ അതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇവർക്ക് ഒരു കൗമാരക്കാരനായ മകനുണ്ട്. സംഭവസമയത്ത് വീട്ടിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇത് ഇവരുടെ മകനാണോ എന്ന കാര്യത്തിൽ പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. വീട്ടിലുണ്ടായിരുന്ന ആൾക്ക് പരിക്കുകളൊന്നുമില്ല. തിങ്കളാഴ്ച അഡ്ലെയ്ഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ വിക്രാന്ത് ജാമ്യത്തിന് അപേക്ഷിച്ചില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ഡിഎൻഎ പരിശോധനകൾ, ടോക്സിക്കോളജി റിപ്പോർട്ട് എന്നിവ ലഭിക്കാൻ 16 ആഴ്ചത്തെ സമയം പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ദമ്പതികളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. കേസ് അടുത്ത വർഷം ഏപ്രിൽ മാസത്തിൽ കോടതി വീണ്ടും പരിഗണിക്കും. അതുവരെ വിക്രാന്ത് റിമാൻഡിൽ തുടരും.