ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് ശേഷം അദ്ദേഹത്തിന്‍റെ മകൻ മുജ്തബ ഖമേനിയെ പുതിയ നേതാവായി തിരഞ്ഞെടുത്തതായി റിപ്പോർട്ട്. പിതാവിൽ നിന്ന് മകനിലേക്കുള്ള ഈ അധികാര കൈമാറ്റം രാജ്യത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ, അദ്ദേഹത്തിന്‍റെ മകൻ മുജ്തബ ഖമേനിയെ (56) രാജ്യത്തിന്‍റെ പുതിയ പരമോന്നത നേതാവായി അസംബ്ലി ഓഫ് എക്സ്പെർട്സ് തിരഞ്ഞെടുത്തതായി റിപ്പോർട്ട്. നിരവധി ഇംഗ്ലീഷ് മാധ്യമങ്ങൾ ഈ വാർത്ത പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം വലിയൊരു അധികാര പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഈ നിർണ്ണായക നീക്കം.

അലി ഖമേനിയുടെ രണ്ടാമത്തെ മകനായ മുജ്തബ, ദീർഘകാലമായി ഇറാന്‍റെ അധികാര ഇടനാഴികളിൽ സ്വാധീനമുള്ള വ്യക്തിയാണ്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ശക്തമായ സമ്മർദ്ദത്തിന് വഴങ്ങിയാണ് പുരോഹിത സഭ മുജ്തബയെ തിരഞ്ഞെടുത്തതെന്ന് പറയപ്പെടുന്നു. സൈന്യവുമായും ഐആർജിസിയുമായും അടുത്ത ബന്ധം പുലർത്തുന്ന മുജ്തബ, വർഷങ്ങളായി തന്‍റെ പിതാവിന്‍റെ ഓഫീസിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതായാണ് സൂചന.

അധികാര കൈമാറ്റം എളുപ്പമാകില്ല

ഇറാൻ ചരിത്രത്തിൽ ഈ പിൻഗാമിത്വം വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിതുറക്കും. പാരമ്പര്യമായി അധികാരം കൈമാറുന്ന രാജഭരണത്തെ ശക്തമായി എതിർക്കുന്ന ഇസ്ലാമിക് റിപ്പബ്ലിക്, ഇപ്പോൾ ഒരു പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്നത് ആന്തരികമായ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇറാന്‍റെ സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫ് എന്ന പദവി കൂടി വഹിക്കുന്ന മുജ്തബയുടെ നേതൃത്വത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെയുള്ള സൈനിക നീക്കങ്ങൾ എങ്ങനെയായിരിക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. മേഖലയിലെ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, പുതിയ നേതാവിന്‍റെ പ്രഖ്യാപനം ഇറാന്റെ തിരിച്ചടികൾക്ക് മൂർച്ച കൂട്ടുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

ഇതിനിടെ മുജ്തബ ഖമേനി പൂർണ്ണ ആരോഗ്യവാനാണെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തെ നിലവിലെ അതീവ ഗൗരവകരമായ സാഹചര്യങ്ങൾ അദ്ദേഹം വിലയിരുത്തി വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച നടന്ന വ്യോമാക്രമണങ്ങളിൽ ഭരണനേതൃത്വത്തിന് വലിയ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണ് മുജ്തബയുടെ സുരക്ഷയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം വരുന്നത്.