അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്കിടെ, ഇറാൻ വിദേശകാര്യമന്ത്രി പാക്കിസ്ഥാൻ, ഒമാൻ, റഷ്യ എന്നിവിടങ്ങളിൽ നിർണായക സന്ദർശനം നടത്തുന്നു. സമാധാന ചർച്ചകളിലേക്കുള്ള ഇറാന്‍റെ മടങ്ങിവരവാണിതെന്ന് വിലയിരുത്തപ്പെടുമ്പോൾ, പിടിച്ചെടുത്ത കപ്പൽ വിട്ടുനൽകണമെന്ന് ഇറാൻ ആവശ്യപ്പെടുകയും നാവിക ഉപരോധം ശക്തമാക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു

ടെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്ക് മുഖം തിരിച്ച് നിൽക്കുന്നതിനിടെ നിർണായക ത്രിരാഷ്ട്ര സന്ദർശനത്തിന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി. പാക്കിസ്ഥാൻ, ഒമാൻ, റഷ്യ എന്നിവിടങ്ങളിലാണ് സന്ദർശനം. യുദ്ധവും പരസ്പര നയതന്ത്ര ബന്ധവുമാണ് അജണ്ട. സമാധാന ചർച്ചകളിലേക്കുള്ള ഇറാന്‍റെ മടങ്ങിവരവാകും ഇതെന്നാണ് വിലയിരുത്തൽ. പ്രശ്ന പരിഹാര ഫോർമുലകൾ അരഗ്ച്ചിയുടെ സന്ദർശനത്തിൽ ചർച്ചയായേക്കും. പാക്കിസ്ഥാനും ഒമാനും വിഷയത്തിലെ മധ്യസ്ഥ രാഷ്ട്രങ്ങളും റഷ്യ പൂർണ പിന്തുണ നൽകിയ രാഷ്ട്രവുമാണ്. ഇതിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലെവറോവ് പാക് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചിട്ടുമുണ്ട്. ഇതടക്കം സമാധാന ചർച്ചകളിൽ നിർണായകമായേക്കും. സമാധാന ചർച്ചകൾ പുനരാംഭിക്കുമെന്നാണ് റിപ്പോർട്ടുകളെങ്കിലും ഇറാനും അമേരിക്കയും ഇക്കാര്യം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

ടോസ്ക കപ്പൽ വിട്ടുനൽകണമെന്ന് ഇറാൻ

അതേസമയം, അമേരിക്ക പിടിച്ചെടുത്ത ടോസ്ക എന്ന കപ്പൽ വിട്ടു നൽകണമെന്നും ഡയാലിസിസ് സംവിധാനങ്ങളും മെഡിക്കൽ ഉപകരണങ്ങളുമാണ് കപ്പലിലുള്ളതെന്നും ഇറാൻ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. കപ്പലിൽ ചൈനയിൽ നിന്ന് ഇറാനിലേക്ക് കടത്തിയ ആയുധ സാമഗ്രികളാണ് എന്ന ആരോപണം ചൈന നിഷേധിച്ചു. അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനരാരംഭിക്കിന്ന കാര്യവും ഇറാൻ ഇന്ന് പ്രഖ്യാപിച്ചു. ഇറാന് മേൽ നാവിക ഉപരോധം ഓരോ മണിക്കൂറിലും ശക്തമാക്കുമെന്നാണ് യു എസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സേഥ് പറഞ്ഞത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇരുരാജ്യങ്ങളും തമ്മിൽ രണ്ടാം ഘട്ട ചർച്ച നടക്കുമെന്നാണ് കരുതിയതെങ്കിലും ഇത് നടന്നിരുന്നില്ല. ഇറാൻ ചർച്ചകളിൽ പങ്കെടുക്കാൻ വിമുഖത കാണിച്ചതാണ് കാരണം. ഇതേ തുടർന്ന് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസും സംഘവും ഇസ്ലാമാബാദിലേക്കുള്ള യാത്ര നീട്ടിവെക്കുകയായിരുന്നു. ഇതിന് ശേഷം വെടിനിർത്തൽ നീട്ടിവച്ച് അമേരിക്ക ചർച്ചയ്ക്കുള്ള സമയം നീട്ടി. എങ്കിലും കടലിൽ ഇറാനെ സമ്മർദത്തിലാക്കുന്ന നിലയിൽ നാവികസേനയെ വിന്യസിച്ച് അമേരിക്ക കരുത്ത് വർധിപ്പിച്ചു. ഇന്ന് ഇസ്രായേലും ലെബനനും തമ്മിൽ വെടിനിർത്തൽ തീരുമാനത്തിലേക്ക് എത്തിയതും പ്രതീക്ഷയോടെയാണ് ലോകരാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്.

YouTube video player