ഇന്ത്യയെയും ചൈനയെയും 'നരകക്കുഴികൾ' എന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാൻ രംഗത്തെത്തി. അമേരിക്കയിലെ ജന്മാവകാശ പൗരത്വത്തെ വിമർശിച്ചുള്ള ട്രംപിന്റെ പോസ്റ്റിന് മറുപടിയായി, മഹാരാഷ്ട്രയുടെ സാംസ്കാരിക പൈതൃകം കാണിക്കുന്ന വീഡിയോ ഇറാൻ കോൺസുലേറ്റ് പങ്കുവെച്ചു.
ദില്ലി: ഇന്ത്യയെയും ചൈനയെയും നരകക്കുഴികൾ എന്ന് പരാമർശിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തെ പരിഹസിച്ച് ഇറാൻ. അമേരിക്കയിലെ ജന്മാവകാശ പൗരത്വ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കിട്ടതിന് പിന്നാലെയാണ് ഇറാൻ രംഗത്തെത്തിയത്. മഹാരാഷ്ട്രയുടെ സമ്പന്നമായ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ പൈതൃകം രേഖപ്പെടുത്തുന്ന വീഡിയോ മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ പങ്കിട്ടു. മഹാരാഷ്ട്രയിലേക്ക് ഒരു യാത്ര യുഎസ് നേതാവിന് സാംസ്കാരിക വിഷ വിമുക്തമാക്കൽ ആയിരിക്കുമെന്ന് അവകാശപ്പെട്ടു.
ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് വംശീയ പരാമർശം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലാണ് കുടിയേറ്റ വിരുദ്ധ പരാമർശം പങ്കിട്ടത്. ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രീതി കുറയുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ട്രംപിന്റെ നീക്കം. കടുത്ത വലതുപക്ഷ നിരീക്ഷകനും റേഡിയോ അവതാരകനുമായ മിഖായേൽ സാവേജ് സോഷ്യൽമീഡിയയിൽ എഴുതിയ പോസ്റ്റാണ് ട്രംപ് പങ്കിട്ടത്. അമേരിക്കയിൽ ജനിച്ചവർക്കുള്ള നിയമപരമായ പൗരത്വത്തെയും പരിരക്ഷകളെയും വിമർശിച്ചായിരുന്നു പോസ്റ്റ്. ജന്മാവകാശ പൗരത്വത്തിന്റെ വ്യാഖ്യാനങ്ങൾ കുടിയേറ്റക്കാർക്ക് അനുകൂലമാണെന്നും ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ ഗ്രഹത്തിലെ മറ്റേതെങ്കിലും നരകത്തിൽ നിന്നോ മുഴുവൻ കുടുംബത്തെയും അമേരിക്കയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്നതാണെന്നും പോസ്റ്റ് പറയുന്നു.
ഇവിടെ ഒരു കുഞ്ഞ് ജനിച്ചാൽ പൗരത്വം ലഭിക്കുന്നു. പിന്നീട് അവർ മുഴുവൻ കുടുംബത്തെയും ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ ഗ്രഹത്തിലെ മറ്റേതെങ്കിലും നരകത്തിൽ നിന്നോ കൊണ്ടുവരുന്നു. അത് കാണാൻ നിങ്ങൾ അധികം ദൂരം പോകേണ്ടതില്ല. ഇവിടെ ഇപ്പോൾ ഇംഗ്ലീഷ് സംസാരിക്കുന്നില്ല. ഇന്ന് വരുന്ന കുടിയേറ്റ വിഭാഗത്തിൽ ഈ രാജ്യത്തോട് വിശ്വസ്തതയില്ലെന്നും പോസ്റ്റിൽ പറയുന്നു.
