ഹോർമൂസ് കടലിടുക്കിലെ നാവിക ഉപരോധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് അന്ത്യശാസനം നൽകി ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ. ഉപരോധം യുദ്ധത്തിന് തുല്യമാണെന്നും ഇനിയും ക്ഷമിക്കാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിൽ അമേരിക്ക പരാജയപ്പെട്ടെന്ന് പരമോന്നത നേതാവും വ്യക്തമാക്കിയതോടെ മേഖലയിൽ സംഘർഷ സാധ്യതയേറി

ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിലടക്കം അമേരിക്ക തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന അന്ത്യശാസനവുമായി ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ. ഇതുവരെ ഇറാന്റെ ക്ഷമ എന്താണെന്ന് ലോകം കണ്ടു. എന്നാൽ ഇനിയും ഞങ്ങൾക്ക് ക്ഷമിക്കാനാകില്ല. നാവിക ഉപരോധം തുടരുന്നത് ക്ഷമിക്കാൻ ഇറാന് കഴിയില്ലെന്നും മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ഈ നാവിക ഉപരോധവും യുദ്ധം തന്നെയെന്നും ഇനിയും തുടർന്നാൽ കടുത്ത തീരുമാനമെടുക്കുമെന്നും ഇറാൻ പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്ക ദയനീയമായി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഇറാൻ പരമോന്നത നേതാവിന്‍റെ പുതിയ സന്ദേശവും പുറത്തുവന്നിരുന്നു. മിസൈൽ, ആണവ ശേഷികളിൽ അമേരിക്കയ്ക്ക് വഴങ്ങില്ലെന്നും മുജ്തബ ഖമനെയി വ്യക്തമാക്കിയിരുന്നു. ഹോർമൂസ് നിയന്ത്രിക്കാൻ ഇറാൻ ഏർപ്പെടുത്തിയ പുതിയ സംവിധാനം മേഖലയ്ക്ക് പുരോഗതി നൽകുമെന്നും, ഭാവിയിൽ അമേരിക്കയ്ക്ക് മേഖലയിൽ സ്ഥാനമുണ്ടാകില്ലെന്നുമാണ് പരമോന്നത നേതാവിന്‍റെ സന്ദേശത്തിൽ പറയുന്നത്. ഇതോടെ അമേരിക്ക - ഇറാൻ സമാധാന ചർച്ചകളുടെ സ്ഥിതിയെന്താകുമെന്നതിൽ ആകാംക്ഷയേറി.

സമാധാനം അകലുന്നുവോ?

പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്ക ദയനീയമായി പരാജയപ്പെട്ടെന്നാണ് ഇറാൻ പരമോന്നത നേതാവിന്‍റെ പുതിയ സന്ദേശം. ഹോർമസിലും പേർഷ്യൻ ഗൾഫിലും ഇറാൻ പുതിയ അധ്യായം തുറക്കുന്നുവെന്നും മൊജ്തബ ഖമനെയി അവകാശപ്പെട്ടു. മേഖലയിൽ അമേരിക്കൻ സാമ്രാജ്യത്വം ദയനീയമായി പരാജയപ്പെട്ടെന്നും അമേരിക്കയുടെ ചൂഷണം സമ്പൂർണമായി അവസാനിപ്പിക്കുമെന്നും മൊജ്തബ ഖമനെയി പുതിയ സന്ദേശത്തിലൂടെ പറഞ്ഞു. ഹോർമുസ് നിയന്ത്രിക്കാൻ പുതിയ സംവിധാനം സ്ഥിരീകരിക്കുന്നതാണ് ഇറാൻ പരമോന്നത നേതാവിന്‍റെ സന്ദേശം. അമേരിക്കൻ സാന്നിധ്യമാണ് മേഖലയിൽ അരക്ഷിതാവസ്ഥക്ക് കാരണമെന്നും മൊജ്തബ കുറ്റപ്പെടുത്തി. അയൽ രാജ്യങ്ങളുമായി ചേർന്നു പോകേണ്ടവരാണ് ഇറാൻ ജനത. എന്നാൽ അമേരിക്കയുടെ സാന്നിധ്യം എന്നും പ്രദേശത്തെ അരക്ഷിതാവസ്ഥയ്ക്ക് കാരണമാണ്. അമേരിക്കയുടെ സ്ഥാനം പശ്ചിമേഷ്യൻ മേഖലയിലല്ല, മറിച്ച് കടലിന്റെ അടിത്തട്ടിലായിരിക്കുമെന്ന് തെളിയിക്കുമെന്നും ഇറാൻ പരമോന്നത നേതാവ് സന്ദേശത്തിൽ കടുപ്പിച്ചു പറഞ്ഞു. അയൽരാജ്യങ്ങളുമായി ചേർന്നുപോകാമെന്നും പുതിയ സംവിധാനം വഴി മേഖലയിൽ സമാധാനവും സാമ്പത്തിക നേട്ടവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ ഒന്നിച്ചു പോകാമെന്ന് ഹോർമൂസ്, ഒമാൻ കടൽ, ഗൾഫ് അയൽ രാജ്യങ്ങളോട് ഇറാൻ പരമോന്നത നേതാവ് വിവരിച്ചിട്ടുണ്ട്. സമാധാനശ്രമങ്ങൾ സ്തംഭിച്ചു നിൽക്കെ ലോകം കാത്തു നിന്ന ഇറാൻ പരമോന്നത നേതാവിന്റെ നിലപാട് വിട്ടുവീഴ്ച്ചയ്ക്ക് വഴങ്ങാത്തതാണ്. സമാധാന ചർച്ചകളിൽ ഇറാന്റെ ഉപാധികൾ തള്ളിയതോടെ പരമോന്നത നേതാവിന്റെ നിലപാട് കാക്കുകയായിരുന്നു ലോകം. ഇതോടെ സമാധാന നീക്കങ്ങളിന് എങ്ങോട്ടെന്നതിൽ ആശങ്കയേറി. പ്രശ്നത്തിലെ നയതന്ത്ര നീക്കങ്ങൾ ഏറെക്കുറെ സ്തംഭിച്ചു നിൽക്കുന്നതിനിടെ, ഇറാന് മേൽ തുടർന്നും ആക്രമണം ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പുടിൻ നിലപാടറിയിച്ചിട്ടുണ്ട്. ചർച്ചകളിലെ സ്തംഭനമൊഴിവാക്കി സമ്മർദം കൂട്ടാൻ വീണ്ടും കനത്ത ആക്രമണം അമേരിക്കൻ സെൻട്രൽ കമാൻഡ് ആസൂത്രണം ചെയ്യുന്നതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.