ബംഗ്ലാദേശിൽ ജെൻസി പ്രക്ഷോഭ നായകൻ ഉസ്‌മാൻ ഹാദി കൊല്ലപ്പെട്ടതിന് പിന്നാലെ മറ്റൊരു യുവ നേതാവായ മുഹമ്മദ് മൊട്ടാലിബ് സിക്‌ദറിനും വെടിയേറ്റു. ഖുൽനയിൽ വെച്ച് തലക്ക് വെടിയേറ്റ അദ്ദേഹം അപകട നില തരണം ചെയ്തു. വെടിയുണ്ട തലയോട്ടിയിൽ തട്ടാതെ പോയതാണ് കാരണം
ധാക്ക: ബംഗ്ലാദേശിൽ ജെൻസി പ്രക്ഷോഭ നായകൻ ഉസ്‌മാൻ ഹാദി കൊല്ലപ്പെട്ടതിന് പിന്നാലെ മറ്റൊരു യുവ നേതാവിന് കൂടി വെടിയേറ്റു. നാഷണൽ സിറ്റിസൺ പാർട്ടി (NCP) നേതാവായ മുഹമ്മദ് മൊട്ടാലിബ് സിക്‌ദറിനാണ് തലക്ക് വെടിയേറ്റത്. 42കാരനായ ഇദ്ദേഹം അപകട നില തരണം ചെയ്തെന്നാണ് പൊലീസ് അറിയിക്കുന്നത്. ഖുൽന മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്‌തികരമെന്നാണ് പുറത്തുവരുന്ന വിവരം.
ബംഗ്ലാദേശിലെ പുതിയ രാഷ്ട്രീയ പാർട്ടിയായ നാഷണൽ സിറ്റിസൺ പാർട്ടിയുടെ (NCP) ഖുൽന ഡിവിഷൻ മേധാവിയാണ് മൊട്ടാലിബ് സിക്ദർ. കൂടാതെ പാർട്ടിയുടെ തൊഴിലാളി വിഭാഗമായ 'എൻസിപി ശ്രമിക് ശക്തി'യുടെ കേന്ദ്ര സംഘാടകൻ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ വർഷം ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ സജീവമായിരുന്ന നേതാക്കളിൽ ഒരാളാണ്. ഖുൽനയിൽ നടക്കാനിരിക്കുന്ന രാഷ്ട്രീയ റാലിയുടെ ഒരുക്കങ്ങൾക്കിടെയാണ് മോട്ടോർ സൈക്കിളിലെത്തിയ അക്രമി സംഘം സിക്‌ദറിന് നേരെ വെടിയുതിർത്തത്. വെടിയുണ്ട തലയോട്ടിയിൽ ഉരസി പുറത്തേക്ക് പോയതിനാലാണ് ഇദ്ദേഹം രക്ഷപ്പെട്ടത്.
സമാനമായ ആക്രമണമാണ് വിദ്യാർത്ഥി പ്രക്ഷോഭ നായകൻ ഷെരീഫ് ഉസ്മാൻ ഹാദിക്ക് നേരെയും ഉണ്ടായത്. പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹത്തെ ബൈക്കിലെത്തിയ അജ്ഞാതരാണ് ആക്രമിച്ചത്. തലക്ക് വെടിയേറ്റ ഇദ്ദേഹം ആദ്യം ധാക്കയിലെ ആശുപത്രിയിലും നില വഷളായതോടെ സിങ്കപ്പൂരിലെ ആശുപത്രിയിലും ചികിത്സയിലായിരുന്നു. പിന്നീട് മരിച്ചു. തുടർന്ന് ബംഗ്ലാദേശിൽ യുവാക്കൾ അക്രമാസക്തരാവുകയും മാധ്യമസ്ഥാപനങ്ങളടക്കം ആക്രമിക്കുകയും ചെയ്തു. ഈ സംഘർഷാവസ്ഥ നിലനിൽക്കെയാണ് രണ്ടാമതൊരു നേതാവിന് കൂടി വെടിയേൽക്കുന്നത്. കർശന നടപടി സ്വീകരിക്കാൻ ബംഗ്ലാദേശ് ഇടക്കാല സർക്കാർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.


