ഇറാന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ അമേരിക്ക നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഒരു മാസമായി ശ്രീലങ്കയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. വിശാഖപട്ടണത്ത് നടന്ന നാവിക അഭ്യാസത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് തിരിച്ചുപോവുന്നതിനിടയിലാണ് യുദ്ധം തുടങ്ങിയതും ഇവര്‍ സഞ്ചരിച്ച പടക്കപ്പല്‍ ആക്രമിക്കപ്പെട്ടതും.
അമേരിക്കന്‍ ടോര്‍പിഡോ ആക്രമണത്തെത്തുടര്‍ന്ന് തകര്‍ന്ന ഇറാന്‍ പടക്കപ്പലില്‍നിന്ന് ജീവനോടെ രക്ഷപ്പെട്ട 238 ലേറെ നാവികര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി. ഇറാന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ അമേരിക്ക നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഒരു മാസമായി ശ്രീലങ്കയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. വിശാഖപട്ടണത്ത് നടന്ന നാവിക അഭ്യാസത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് തിരിച്ചുപോവുന്നതിനിടയിലാണ് യുദ്ധം തുടങ്ങിയതും ഇവര്‍ സഞ്ചരിച്ച പടക്കപ്പല്‍ ആക്രമിക്കപ്പെട്ടതും.
ടോര്‍പ്പിഡോ ആക്രമണത്തില്‍ തകര്‍ന്ന ഐറിസ് ദേന എന്ന കപ്പലില്‍ നിന്ന് ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തിയ 32 പേരും, ഐറിന്‍സ് ബുശഹര്‍ കപ്പലിലുണ്ടായിരുന്ന 206 പേരും ഉള്‍പ്പെടെ 238 നാവികരാണ് മടങ്ങിയത്. ചൊവ്വാഴ്ച രാത്രിയോടെ ഇവര്‍ വിമാനമാര്‍ഗ്ഗം ഇറാനിലേക്ക് തിരിച്ചതായി ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി അരുണ ജയശേഖരയാണ് അറിയിച്ചത്. 15 ഇറാന്‍ നാവികര്‍ ശ്രീലങ്കയില്‍ തന്നെ തുടരും. ട്രിങ്കോമാലിക്ക് സമീപം നങ്കൂരമിട്ട ഐറിന്‍സ് ബുശഹര്‍ എന്ന കപ്പല്‍ പ്രവര്‍ത്തിപ്പിക്കാനാണ് ഇവര്‍ അവിടെ തങ്ങുന്നത്.
മാര്‍ച്ച് 4-ന് ശ്രീലങ്കന്‍ തീരത്തുനിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെ വച്ചാണ് ഇറാന്‍ യുദ്ധക്കപ്പലായ ഐറിസ് ദേന ആക്രമിക്കപ്പെട്ടത്. അമേരിക്കന്‍ അന്തര്‍വാഹിനിയാണ് ടോര്‍പിഡോ ആക്രമണത്തിലൂടെ യുദ്ധക്കപ്പല്‍ തകര്‍ത്തത്. സംഭവത്തില്‍, 104 നാവികര്‍ കൊല്ലപ്പെട്ടു. അപകടവിവരമറിഞ്ഞ് എത്തിയ ശ്രീലങ്കന്‍ നാവിക സേനയാണ് കടലില്‍ അകപ്പെട്ട മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്. ഇവര്‍ക്ക് പിന്നീട് ശ്രീലങ്കയില്‍ ചികില്‍സ നല്‍കി. യുദ്ധം നടക്കുന്നതിനാല്‍, ഇവരെ ശ്രീലങ്കയില്‍ താമസിപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട 84 ഇറാനിയന്‍ നാവികരുടെ മൃതദേഹങ്ങള്‍ നേരത്തെ ഇറാന്റെ പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയിരുന്നു.
തൊട്ടുപിന്നാലെ മാര്‍ച്ച് 5-ന് എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ തുറമുഖത്ത് അടുക്കാന്‍ അനുമതി തേടിയ 'ഐറിന്‍സ് ബുശഹര്‍' എന്ന ഇറാന്‍ കപ്പലും ശ്രീലങ്കന്‍ അധികൃതര്‍ ഏറ്റെടുത്തിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാര്‍ ഈ നാവികര്‍ക്ക് 30 ദിവസത്തെ എന്‍ട്രി വിസ അനുവദിച്ചിരുന്നു. ഇവരെ ശ്രീലങ്കന്‍ നേവിയുടെയും എയര്‍ഫോഴ്‌സിന്റെയും ക്യാമ്പുകളിലാണ് താമസിപ്പിച്ചിരുന്നത്.
ഈ സംഭവത്തിന് പിന്നാലെ മധ്യേഷ്യയിലുടനീളം അമേരിക്കയുമായി സഖ്യമുള്ള ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് ഇറാന്‍ തിരിച്ചടി നല്‍കിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മാര്‍ച്ച് 5-നാണ് വടക്കുകിഴക്കന്‍ തുറമുഖത്ത് ഇറാനിയന്‍ കപ്പലിനെ അടുപ്പിക്കാന്‍ ശ്രീലങ്ക അനുമതി നല്‍കിയത്. മാനുഷിക പരിഗണന വെച്ചായിരുന്നു ഇത്.


