പാകിസ്ഥാൻ മധ്യസ്ഥതയിൽ ഇസ്ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന യുഎസ്-ഇറാൻ ചർച്ചയുടെ ബിൽ സർക്കാർ അടച്ചില്ലെന്ന് റിപ്പോർട്ട്. ബിൽ അടയ്ക്കാൻ വൈകിയതോടെ ഹോട്ടൽ ഉടമ സമ്മർദ്ദം ചെലുത്തുകയും സംഭവം രാജ്യത്തിന് നാണക്കേടായെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകുകയും ചെയ്തു.
ഇസ്ലാമാബാദ്: പാകിസ്ഥാൻ മധ്യസ്ഥം വഹിച്ച് ഇസ്ലാമാബാദിൽ നടത്തിയ യുഎസ്–ഇറാൻ ചർച്ചക്ക് വേദിയായ ഇസ്‍ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബിൽ പാക് സർക്കാർ അടച്ചില്ലെന്ന് റിപ്പോർട്ട്. ഇസ്‍ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെറീനയിൽ വച്ചായിരുന്നു സമവായ ചർച്ച. റിപ്പോർട്ട് പുറത്തുവന്നതോടെ പാകിസ്ഥാൻ സർക്കാർ പ്രതിരോധത്തിലായി. ബിൽ അടയ്ക്കാൻ വൈകിയതോടെ ഹോട്ടൽ ഉടമ ഇടപെടുകയും ബില്ലടയ്ക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. അതേസമയം. ചർച്ചയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പാകിസ്ഥാന് വീഴ്ചയുണ്ടായെന്നും രാജ്യത്തിന്റെ പരാജയമാണെന്നും നാണക്കേടായെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകി.
തലസ്ഥാന നഗരത്തിലെ ഖയാബാൻ-ഇ-സുഹാർവാർഡിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ഹോട്ടലാണ് സെറീന ഹോട്ടൽ. മാർഗല്ല കുന്നുകളിലെ 15 ഏക്കർ വിസ്തൃതിയുള്ള ഹോട്ടലിൽ സ്റ്റാൻഡേർഡ് മുറികൾക്ക് ഒരു രാത്രിക്ക് 160 ഡോളറും പ്രസിഡൻഷ്യൽ സ്യൂട്ടിന് 2,375 ഡോളറുമാണ് വാടക. 21 മണിക്കൂർ നീണ്ടുനിന്ന നയതന്ത്ര ചർച്ചകൾക്ക് വേദിയായി സർക്കാർ സെറീന ഹോട്ടൽ തെരഞ്ഞെടുത്തു. സെറീന ഹോട്ടൽസ് ശൃംഖലയുടെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ആഗാ ഖാൻ ഫണ്ട് ഫോർ ഇക്കണോമിക് ഡെവലപ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ളതുമാണ് ഹോട്ടൽ. ചർച്ചകൾക്ക് മുമ്പ്, എല്ലാ അതിഥികളോടും ഹോട്ടൽ ഒഴിയാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എല്ലാ മുറികളുടെയും വാടക സർക്കാർ ഏറ്റെടുത്തു. ഈ ആഴ്ച അവസാനത്തോടെ ഇരുപക്ഷവും ഇസ്ലാമാബാദിൽ രണ്ടാം ഘട്ട ചർച്ചകൾക്കായി വീണ്ടും കൂടിക്കാഴ്ച നടത്തിയേക്കാമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ഏപ്രിൽ 10-12 തീയതികളിലായായിരുന്നു ഇറാൻ–യുഎസ് ചർച്ച പാകിസ്ഥാനിൽ നടന്നത്. അതീവ സുരക്ഷയിൽ നടന്ന ചർച്ച പക്ഷേ സമവായത്തിൽ എത്തിയിരുന്നില്ല. ഇറാൻ–യുഎസ് വെടിനിര്‍ത്തൽ കരാർ ഏപ്രിൽ 21 ന് അവസാനിക്കാനിരിക്കെയാണ് അതിന് മുന്നോടിയായി വീണ്ടും ചർച്ച നടത്തുന്നത്.
